ആശാ പ്രവർത്തകർക്കും കലോത്സവം
എടപ്പാൾ: സ്‌കൂൾ കലോത്സവങ്ങളുടെ മാതൃകയിൽ ആരോഗ്യവകുപ്പിനു കീഴിലെ ആശാ പ്രവർത്തകരുടെ സംസ്ഥാന കലോത്സവം വരുന്നു.
ആദ്യഘട്ടം 12 ഇനങ്ങളുണ്ടാകും. ഇതോടൊപ്പം ആരോഗ്യ അവബോധവും ലഹരിവിരുദ്ധ മനോഭാവവും വളർത്താനുള്ള പരിപാടികളും നടത്തും.
ജില്ലാതല സ്റ്റേജ് ഇനങ്ങൾ ഫെബ്രുവരി 12-ന് മലപ്പുറം എം.എസ്.പി. സ്‌കൂളിലാണ്.
മൈം, സംഘനൃത്തം, നാടൻപാട്ട്, തിരുവാതിരക്കളി, ചലച്ചിത്ര ഗാനാലാപനം, സിനിമാറ്റിക് ഡാൻസ് എന്നിങ്ങനെയാണ് സ്റ്റേജിനങ്ങൾ.
അനുഭവക്കുറിപ്പ്, കവിതാരചന, ചിത്രരചന, വീഡിയോ ഡോക്യുമെന്ററി, മെഹന്ദി ഫെസ്റ്റ് തുടങ്ങിയവയാണ് സ്റ്റേജിതര ഇനങ്ങൾ.
ബ്ലോക്ക്തലത്തിൽ പ്രാഥമിക പരിശോധന നടത്തി തിരഞ്ഞെടുക്കുന്ന ഒരിനമാണ് ജില്ലാതലത്തിലേക്ക് അയയ്ക്കേണ്ടത്.
ഈ മാസം 28-ന് രജിസ്ട്രേഷൻ പൂർത്തിയാക്കും.
വീഡിയോ ഡോക്യുമെന്ററി ‘കുടുംബാരോഗ്യകേന്ദ്രവും ഹെൽത്ത് ആൻഡ് വെൽനെസ് സെന്ററുകളും’ എന്ന വിഷയത്തിൽ പരമാവധി അഞ്ചുമിനിറ്റിൽ ഒതുങ്ങണം.
ഇത് ആരോഗ്യകേരളം യൂട്യൂബ് ചാനലിൽ അപ്‍ലോഡ് ചെയ്യും.
ഫെബ്രുവരി 11 വരെ ലഭിക്കുന്ന വ്യൂസ്, ലൈക്ക് എന്നിവയുടെയും ജഡ്‌ജിങ് പാനലിന്റെ തീരുമാനത്തിന്റെയും അടിസ്ഥാനത്തിൽ വിജയിയെ തീരുമാനിക്കും.