PONNANI


സർക്കാർ ഉത്തരവുവന്ന് ഒൻപതുവർഷമായി. പക്ഷേ, ഇനിയും റോഡ് യാഥാർഥ്യമായില്ല

എടപ്പാൾ : ഒരുകൂട്ടം ജനങ്ങളുടെ വർഷങ്ങളായുള്ള മോഹമാണ് നല്ലൊരു റോഡ്. ഇതിനായുള്ള സർക്കാർ ഉത്തരവു വന്ന് ഒൻപതുവർഷമായി. പക്ഷേ, ഇനിയും റോഡ് യാഥാർഥ്യമായില്ലെന്നു മാത്രം. എടപ്പാൾ ഗവ. ഹയർസെക്കൻഡറി സ്‌കൂൾ മൈതാനത്തിന് തെക്കുവശത്ത് താമസിക്കുന്നവരും അംശക്കച്ചേരി, ഉദിനിക്കര പ്രദേശവാസികളുമാണ് നിലവിലെ റോഡൊന്നു നന്നാക്കുന്നതും കാത്തിരിക്കുന്നത്. എടപ്പാൾ ഗവ. ഹയർസെക്കൻഡറി സ്‌കൂൾ മൈതാനത്തിന്റെ തെക്കുഭാഗത്തുകൂടിയാണ് പ്രദേശവാസികൾ സഞ്ചരിച്ചിരുന്നത്.

സ്‌കൂളിന് ചുറ്റുമതിലില്ലാത്തതിനാൽ രാത്രികാലങ്ങളിൽ സമൂഹവിരുദ്ധശല്യം രൂക്ഷമായിരുന്നു. ഇതിനു പരിഹാരം കാണാൻ ജില്ലാപഞ്ചായത്ത് മൂന്നുതവണ ചുറ്റുമതിലിന് പണമനുവദിച്ചെങ്കിലും വഴി തടസ്സപ്പെടുമെന്നതിനാൽ ഉപയോഗിക്കാനായില്ല.

ഇതോടെ പി.ടി.എ.യും സ്‌കൂളധികൃതരും വഴിക്കുള്ള സ്ഥലം ഒഴിവാക്കി ശേഷിക്കുന്ന സ്ഥലം മതിൽകെട്ടി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ജില്ലാപഞ്ചായത്തിന് കത്തുനൽകി. ഇതനുസരിച്ച് സ്‌കൂളിന്റെ 6.29 ഏക്കർ സ്ഥലത്തുനിന്ന് 22.17 സെന്റ് സ്ഥലം വഴിക്കായി വിട്ടുകൊടുക്കാവുന്നതാണെന്ന് സർക്കാരിനെ അറിയിച്ചു. ഗവ. സെക്രട്ടറി ഇതിനനുവാദം നൽകുകയും ഭൂമി അനുവദിക്കാനുള്ള പ്രൊപ്പോസൽ തിരൂർ ആർ.ഡി.ഒ. മുഖേന സമർപ്പിക്കാൻ തഹസിൽദാർക്ക് നിർദേശം നൽകുകയുംചെയ്തു.

എട്ടുവർഷം കഴിഞ്ഞു. ഇനിയും നടപടിയായിട്ടില്ല. ആഴ്‌ചകൾക്കുമുൻപ് റോഡിന് സ്ഥലം വിട്ടുകൊടുക്കാനുള്ള തീരുമാനം ഉത്തരവായിറങ്ങിയെങ്കിലും പണി ആരംഭിച്ചിട്ടില്ല. എടപ്പാൾ മേൽപ്പാലം പണി നടക്കുമ്പോൾ നൂറുകണക്കിനു വാഹനങ്ങൾ കുറ്റിപ്പുറം റോഡിൽനിന്ന് പൊന്നാനി റോഡിലെത്താനുപയോഗിച്ചിരുന്നത് തകർന്നു കിടക്കുന്ന ഈ റോഡായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button