KERALA

മുങ്ങിയതല്ല മറുപടിയുമായി ഡി.വൈ.എഫ്‌.ഐ നേതാവ്

കോഴിക്കോട്: പണിമുടക്ക് ദിനത്തിൽ റോഡിൽ തടഞ്ഞുനിർത്തിയ യാത്രക്കാരന്റെ ചോദ്യത്തിന് മറുപടി നൽകാനാകാതെ തടിതപ്പിയെന്ന തരത്തിൽ ഒരു സമരാനുകൂലിയുടെ വീഡിയോ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ബൈക്കിലെത്തിയ യാത്രക്കാർ എന്തിനാണ് ഈ സമരം എന്ന് ചോദിച്ചതോടെ ഒരുമിനിറ്റ് എന്നുപറഞ്ഞ് യുവാവ് നടന്നുപോകുന്ന ദൃശ്യങ്ങളായിരുന്നു വീഡിയോയിലുണ്ടായിരുന്നത്. ചുണ്ടേൽ ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി പ്രജീഷ് ആയിരുന്നു ഈ വീഡിയോയിലുള്ളത്. സൈബർ ഇടത്തിൽ ഇതിനോടകം ഏറെ പരിഹാസത്തിന് ഇരയായ പ്രജീഷ് തന്നെ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ വിശദീകരണവുമായി എത്തിയിരിക്കുകയാണിപ്പോൾ.

പ്രജീഷ് പറയുന്നത് ഇങ്ങനെ- ‘അസാധാരണമായ വിധം പണിമുടക്ക് ദിനം ആഘോഷിക്കാൻ വേണ്ടി ചുരം കയറിവരുന്ന ടൂറിസ്റ്റുകളുടെ പ്രവാഹമായിരുന്നു ഇന്നലെ. ഈയവസരത്തിലാണ് ബൈക്കിൽ വന്ന യാത്രക്കാരുമായുണ്ടായ സംഭാഷണം. അവരോടു സമരത്തെക്കുറിച്ചു വിശദീകരിക്കാൻ തുടങ്ങുന്ന സമയത്താണ് തൊട്ടപ്പുറത്ത് പോലീസ് വാഹനം വരികയും പോലീസ് വാഹനത്തിന്റെ ഹോണടിച്ച് എന്നെ വിളിക്കുകയും ചെയ്യുന്നത്. എന്നെയാണോ എന്നുറപ്പിക്കാൻ ഞാൻ തിരിഞ്ഞു നോക്കുന്നത് ആ വീഡിയോയിൽ തന്നെ കാണാം. എന്നെ തന്നെ ആണെന്ന് മനസ്സിലാക്കിയപ്പോൾ ചുണ്ടേൽ ഡിവൈഎഫ്ഐ മേഖല സെക്രട്ടറി എന്ന നിലയിൽ പ്രവർത്തിക്കുന്ന ആളെന്ന നിലയിൽ എനിക്ക് ആ സംഭാഷണം പൂർത്തിയാക്കാൻ കഴിയാതെ പോലീസ് ഉദ്യോഗസ്ഥരുമായി സംസാരിക്കാൻ അങ്ങോട്ട് പോകേണ്ടി വന്നു. ആ കാണുന്നതാണ് മറ്റൊരു രീതിയിൽ ഇന്ന്, ഇങ്ങനെയൊരു വീഡിയോ ആയി വളരെ ബോധപൂർവം പ്രചരിപ്പിക്കപ്പെടുന്നത്. തിരിച്ചു വന്നു ആ യുവാക്കളോട് സംസാരം പൂർത്തിയാക്കാൻ ശ്രമിച്ചിരുനെങ്കിലും അവർ പോവുകയാണ് ഉണ്ടായത്. ആ വീഡിയോയിലെ മുഴുവൻ ഭാഗം ഒഴിവാക്കിയത് കൊണ്ട് തന്നെ സത്യാവസ്ഥ വിശദീകരിക്കാൻ ഞാൻ ഇപ്പോൾ ബാധ്യസ്ഥനുമാണ്’.

അഞ്ച് മിനുട്ട് സഹകരിച്ച് പണിമുടക്കിന്റെ മുദ്രാവാക്യങ്ങളും ലക്ഷ്യങ്ങളും വിശദീകരിക്കുകയും സഹകരിക്കാൻ അഭ്യർത്ഥിക്കുക്കയുമാണ് ഞാനടക്കമുള്ളവർ ചെയ്തിരുന്നതെന്നും സമരത്തെ ഇകഴ്ത്തി കാണിക്കാൻ ബോധപൂർവമായ ശ്രമത്തിന്റെ ഭാഗമായാണ് വളരെ ഏകപക്ഷീയമായി വീഡിയോ പ്രചരിപ്പിക്കപ്പെടുന്നതെന്നും പ്രജീഷ് പറഞ്ഞു. തൊഴിലാളി എന്ന നിലയിൽ ഇത്തരം കുപ്രചാരണങ്ങൾ തന്നെ ബാധിക്കില്ലെങ്കിലും സമരത്തെ അപഹസ്യമാക്കി ചിത്രീകരിക്കാൻ നിരന്തരമായി ശ്രമിക്കുന്ന അരാഷ്ട്രീയ വലതുപക്ഷ ബോധത്തെ തൊഴിലാളികൾ ചെറുക്കേണ്ടതുണ്ടെന്നും സത്യം മനസിലാക്കി സമരത്തിനെതിരെ നടക്കുന്ന ഇത്തരം കുപ്രചാരണങ്ങൾ തള്ളികളയണമെന്നും പ്രജീഷ് വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button