ഡ്രൈവിങ് ലൈസൻസ് പരീക്ഷയിൽ നിർണ്ണായക മാറ്റം: ഡിസംബർ ഒന്നുമുതൽ ‘ഹസാർഡ് പെർസെപ്ഷൻ ടെസ്റ്റ്’ നിർബന്ധം; മൂന്ന് പരീക്ഷകൾ വിജയിച്ചാൽ മാത്രം ലൈസൻസ്
കേരളത്തിൽ ഡ്രൈവിങ് ലൈസൻസ് നേടുന്നതിനുള്ള പരീക്ഷാ രീതിയിൽ നിർണ്ണായക പരിഷ്കാരങ്ങളുമായി മോട്ടോർ വാഹന വകുപ്പ്. ഡിസംബർ ഒന്നുമുതൽ ലൈസൻസ് ലഭിക്കുന്നതിനായി ഉദ്യോഗാർത്ഥികൾ മൂന്ന് ഘട്ടങ്ങളിലായുള്ള പരീക്ഷകൾ വിജയകരമായി പൂർത്തിയാക്കണം.നിലവിലുള്ള ഗ്രൗണ്ട് ടെസ്റ്റിനും റോഡ് ടെസ്റ്റിനും പുറമെ, കമ്പ്യൂട്ടർ അധിഷ്ഠിതമായ ‘ഹസാർഡ് പെർസെപ്ഷൻ ടെസ്റ്റ്’ കൂടി ഇനി മുതൽ നിർബന്ധമാക്കും.
രാജ്യത്ത് ആദ്യമായാണ് കേരളം ഇത്തരമൊരു പരീക്ഷാ രീതി നടപ്പാക്കുന്നത്.റോഡിലെ അപകടസാധ്യതകൾ മുൻകൂട്ടി തിരിച്ചറിയാനും അതിനനുസരിച്ച് കൃത്യമായി പ്രതികരിക്കാനുമുള്ള ഡ്രൈവർമാരുടെ കഴിവ് പരിശോധിക്കുകയാണ് പുതിയ പരീക്ഷയുടെ പ്രധാന ലക്ഷ്യം. ഒരു മിനിറ്റ് ദൈർഘ്യമുള്ള 10 വീഡിയോ ക്ലിപ്പുകളാണ് പരീക്ഷയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഓരോ വീഡിയോ ക്ലിപ്പിലും റോഡിൽ ഉണ്ടാകാൻ സാധ്യതയുള്ള അപകടസാധ്യതകൾ തിരിച്ചറിഞ്ഞ് കൃത്യസമയത്ത് മൗസ് ക്ലിക്ക് ചെയ്യണം. ആകെ 100 മാർക്കിൽ കുറഞ്ഞത് 60 മാർക്ക് നേടിയാൽ മാത്രമേ പരീക്ഷ വിജയിക്കാനാകൂ.പരീക്ഷാ ക്രമത്തിലും സുപ്രധാന മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ലേണേഴ്സ് ലൈസൻസ് പരീക്ഷ വിജയിച്ച് 30 ദിവസം പൂർത്തിയായ ശേഷമാണ് ഹസാർഡ് പെർസെപ്ഷൻ ടെസ്റ്റിൽ പങ്കെടുക്കാൻ സാധിക്കുക.
ഈ കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ വിജയിക്കുന്നവർക്ക് മാത്രമേ തുടർന്നുള്ള ഗ്രൗണ്ട് ടെസ്റ്റിനും റോഡ് ടെസ്റ്റിനും അവസരം ലഭിക്കുകയുള്ളൂ. പുതിയ പരീക്ഷയ്ക്ക് മുന്നോടിയായി ഡ്രൈവിങ് സ്കൂളുകളിൽ ഉദ്യോഗാർത്ഥികൾക്കായി പരിശീലന സൗകര്യങ്ങൾ ഒരുക്കാനും നിർദേശമുണ്ട്. റോഡപകടങ്ങൾ കുറയ്ക്കുകയും കൂടുതൽ ജാഗ്രതയും ഉത്തരവാദിത്തവുമുള്ള ഡ്രൈവർമാരെ വാർത്തെടുക്കുകയുമാണ് ഈ പരിഷ്കാരത്തിലൂടെ മോട്ടോർ വാഹന വകുപ്പ് ലക്ഷ്യമിടുന്നത്.