ഞങ്ങൾ നിങ്ങളെ കണ്ടെത്തും’; മിനാബ് സ്കൂൾ ആക്രമണത്തിൽ 2 യുഎസ് നാവിക ഉദ്യോഗസ്ഥരെ പേരെടുത്ത് ഭീഷണിപ്പെടുത്തി ഇറാൻ
ഇറാനിലെ മിനാബിൽ സ്കൂളിനുനേരെയുണ്ടായ മിസൈൽ ആക്രമണത്തിൽ പങ്കെടുത്ത രണ്ട് അമേരിക്കൻ നാവിക ഉദ്യോഗസ്ഥരെ പേരെടുത്ത് ഭീഷണിപ്പെടുത്തി ഇറാൻ. യുദ്ധക്കപ്പലായ യുഎസ്എസ് സ്പ്രൂവൻസിന്റെ കമാൻഡിങ് ഓഫിസർ ലീ ആർ. ടേറ്റ്, എക്സിക്യൂട്ടീവ് ഓഫിസർ ലഫ്റ്റനന്റ് കമാൻഡർ ജെഫ്രി ഇ. യോർക്ക്എന്നിവർക്കെതിരെയാണ് ഇറാന്റെ ഭാഗത്തുനിന്ന് ഭീഷണി ഉയർന്നിരിക്കുന്നത്. ദക്ഷിണാഫ്രിക്കയിലെ ഇറാൻ എംബസിയുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെയാണ് സൈനികരുടെ സ്വകാര്യ വിവരങ്ങൾ അടക്കം ഉദ്യോഗസ്ഥരുടെ ചിത്രങ്ങൾ സഹിതം “ഞങ്ങൾ നിങ്ങളെ കണ്ടെത്തും” എന്ന മുന്നറിയിപ്പ് പുറത്തുവിട്ടത്.
357 ദിവസത്തെ ദീർഘകാല സേവനത്തിനും ഇറാനിയൻ സേനയ്ക്കെതിരായ പോരാട്ടങ്ങൾക്കും ശേഷം യുഎസ്എസ് സ്പ്രൂവൻസ് കപ്പൽ കാലിഫോർണിയയിലെ സാൻ ഡെേയെഗോയിലേക്ക് മടങ്ങിയതിന് പിന്നാലെയാണ് ഇറാന്റെ ഭാഗത്തുനിന്ന് വീണ്ടും ഭീഷണി ഉണ്ടായിരിക്കുന്നത്. വ്യക്തിഗതമായി അമേരിക്കൻ സൈനിക ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടുള്ള ഇറാന്റെ പരസ്യമായ ഈ നീക്കം വാഷിങ്ടണിൽ വലിയ തോതിലുള്ള സുരക്ഷാ ആശങ്കകളാണ് സൃഷ്ടിച്ചിരിക്കുന്നത്.
അതേസമയം ഉദ്യോഗസ്ഥരെ ലക്ഷ്യം വച്ചുള്ള നീക്കങ്ങൾ തടയുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇറാന് മുന്നറിയിപ്പ് നൽകി.ഇറാന്റെ ഭാഗത്തുനിന്നുള്ള ഭീഷണികൾ കണക്കിലെടുത്ത് അമേരിക്കയിൽ ഒട്ടേറെ മുതിർന്ന ഉദ്യോഗസ്ഥർക്ക് സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്.ഫെബ്രുവരി 28-നാണ് ഇറാനിലെ മിനാബിലുള്ള ഷജാറെ തയ്യിബ എലിമെന്ററി സ്കൂളിന് നേരെ യുഎസ് സേന ടോമാഹോക്ക് മിസൈൽ ആക്രമണം നടത്തിയതും, ഇതിൽ 168 കുട്ടികൾ കൊല്ലപ്പെട്ടതും. ഈ ആക്രമണത്തിന് ഉത്തരവാദികൾ ഈ രണ്ട് ഉദ്യോഗസ്ഥരാണെന്നാണ് ഇറാന്റെ ആരോപണം. മാർച്ച് മാസത്തിലും സമാനമായ രീതിയിൽ ഇവർക്കെതിരെ ഇറാൻ രംഗത്തുവന്നിരുന്നു. “ഈ രണ്ട് കുറ്റവാളികളെയും ഓർക്കുക, അവർക്ക് സ്വന്തമായി കുട്ടികളില്ലേ?” എന്ന ചോദ്യത്തോടൊപ്പമാണ് അന്ന് ഉദ്യോഗസ്ഥരുടെ ചിത്രങ്ങൾ പങ്കുവെച്ചത്.