ചാവക്കാട് ഓടിക്കൊണ്ടിരുന്ന ബസിൽ നിന്നും ഗർഭിണി തെറിച്ചുവീണ സംഭവം; സ്വകാര്യ ബസ് ജീവനക്കാർ അറസ്റ്റിൽ, ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് പോലീസ്
തൃശൂർ: തൃശൂർ ചാവക്കാട് ഓടിക്കൊണ്ടിരുന്ന ബസിൽ നിന്ന് ഗർഭിണി പുറത്തേക്ക് തെറിച്ചുവീണ സംഭവത്തിൽ ബസ് ജീവനക്കാരെ അറസ്റ്റ് ചെയ്ത് പോലീസ്. കുന്നംകുളം റൂട്ടിലേക്ക് ഓടുന്ന പാലയൂർ എന്ന സ്വകാര്യ ബസിലെ ഡ്രൈവറെയും കണ്ടക്ടറെയുമാണ് പോലീസ് പിടികൂടിയത്. ഡ്രൈവർ ചാലിശ്ശേരി സ്വദേശി പ്രകാശൻ, കണ്ടക്ടർ തളി സ്വദേശി കാളിദാസൻ എന്നിവരാണ് അറസ്റ്റിലായത്. ഇരുവർക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
ബുധനാഴ്ച രാവിലെയാണ് സ്വകാര്യ ബസിൽ നിന്ന് ഗർഭിണി തെറിച്ചുവീണ് പരിക്കേറ്റത്. തേക്കാഞ്ചേരി പുഴങ്ങര ജലീലിന്റെ മകൾ ഫാത്തിമ (20)യാണ് അപകടത്തിൽപ്പെട്ടത്. ബസിന്റെ തുറന്ന വാതിലിലൂടെ യുവതി റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. ഇതിൻ്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. മമ്മിയൂർ ലിറ്റിൽ ഫ്ലവർ കോളേജിലെ വിദ്യാർഥിനിയായ ഫാത്തിമ ബസ് സ്റ്റാൻഡിൽ നിന്ന് വീട്ടിലേക്ക് പോകാനായാണ് പാലയൂർ ബസിൽ കയറിയത്. ബസ് തെക്കേ ബൈപ്പാസിലേക്ക് തിരിയുന്നതിനിടെ ഡോർ തുറന്ന് യുവതി പുറത്തേക്ക് തെറിച്ചുവീഴുകയായിരുന്നു പരിക്കേറ്റ യുവതിയെ ഉടൻതന്നെ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയ്ക്ക് ശേഷം യുവതി വീട്ടിലേക്ക് മടങ്ങിയിരുന്നു.