ആളിക്കത്തി വെയിൽ; വേനലിന് മുന്നേ വിയർത്ത് തൊഴിലാളികൾ
മലപ്പുറം: ജില്ലയിൽ ചൂട് കനത്തതോടെ കത്തുന്ന വെയിലിൽ ജോലി ചെയ്യാനാവാതെ തൊഴിലാളികൾ ദുരിതത്തിൽ. രാവിലെ മുതൽ ആരംഭിക്കുന്ന കടുത്ത വെയിൽ വൈകിട്ട് വരെ നീളുന്നത് സാധാരണക്കാരുടെ അദ്ധ്വാനത്തെയും ആരോഗ്യത്തെയും സാരമായി ബാധിക്കുന്നു.നിർമ്മാണ തൊഴിലാളികൾ, ചുമട്ടുതൊഴിലാളികൾ, ട്രാഫിക് പൊലീസുകാർ, ഓൺലൈൻ ഡെലിവറി ജീവനക്കാർ,
കർഷകർ, ഉന്തുവണ്ടിയിൽ സാധനം വിൽക്കുന്നവർ തുടങ്ങി തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന വിഭാഗങ്ങളാണ് വലിയ വെല്ലുവിളി നേരിടുന്നത്. അന്തരീക്ഷം കൂടുതൽ തെളിഞ്ഞ് സുഖകരമായ കാലാവസ്ഥ അനുഭവപ്പെടേണ്ട സെപ്തംബറിലാണ് ഇവർ ചൂടിൽ വലയുന്നത്.
മഴയുടെ കുറവും കാലാവസ്ഥാ വ്യതിയാനവും മൂലം അനുഭവപ്പെടുന്ന അപ്രതീക്ഷിത വെയിലായതിനാൽ സാധാരണ വേനൽക്കാലത്തോ കനത്ത മഴക്കാലത്തോ ലഭിക്കാറുള്ള അധിക വേതനം ഫുഡ് ഡെലിവറി ജീവനക്കാർക്കിപ്പോൾ ലഭിക്കുന്നില്ല.ചൂട് ഉയർന്നിട്ടും ട്രാഫിക് പൊലീസുകാർക്ക് ജോലി സമയത്തിലോ ക്രമീകരണങ്ങളിലോ പ്രത്യേക ഇളവുകളൊന്നും അനുവദിച്ചിട്ടില്ല. തൊഴിലിടങ്ങളിൽ ആവശ്യത്തിന് ശുദ്ധജലം ലഭ്യമല്ലാത്തത് നിർമ്മാണ തൊഴിലാളികളെ കടുത്ത നിർജ്ജലീകരണത്തിലേക്ക് നയിക്കുന്നുണ്ട്.