കണ്ടാലും കൊണ്ടാലും പഠിക്കാതെ ചിലർ: ആറുവരിപ്പാതയിലെ നിയമലംഘനങ്ങളിൽ പൊറുതിമുട്ടി യാത്രക്കാർ..
ദേശീയപാതയിൽ പൊലിസിന്റെ മുന്നറിയിപ്പുകളും പരിശോധനകളും ശക്തമാക്കിയിട്ടും നിയമലംഘനങ്ങൾ തുടരുന്നു. ദിവസങ്ങൾക്ക് മുൻപ് ഇടിമുഴിക്കലിൽ തെറ്റായ ദിശയിൽ വന്ന ലോറിയിടിച്ച് കാർ യാത്രക്കാരൻ മരിച്ചിരുന്നു.ഇതിന് പിന്നാലെ തേഞ്ഞിപ്പാലം പൊലിസ് പരിശോധന കർശനമാക്കിയെങ്കിലും റോഡിൽ അപകടക്കെണിയൊരുക്കുന്ന ഡ്രൈവിങ് രീതികൾക്ക് മാറ്റമില്ല.കെ.എസ്.ആർ.ടി.സി ബസുകൾ അടക്കം എക്സിറ്റിലൂടെ തെറ്റായ ദിശയിൽ പ്രവേശിക്കുന്നതും, സർവീസ് റോഡിൽ കയറാതെ ആറുവരിപ്പാതയിൽ നിർത്തി യാത്രക്കാരെ കയറ്റിയിറക്കുന്നതും വലിയ ഭീഷണിയാണ് ഉയർത്തുന്നത്.കാലിക്കറ്റ് സർവകലാശാലയ്ക്ക് അടുത്തുള്ള കോഹിനൂർ – പാണമ്പ്ര കൊടുംവളവ് ഒഴിവാക്കി പുതിയ ആറുവരിപ്പാത വന്നതോടെ അപകടങ്ങൾ കുറയുമെന്ന് പ്രതീക്ഷിച്ചെങ്കിലും സ്ഥിതി മറിച്ചാണ്.
ഈ ഭാഗത്തുള്ള കേന്ദ്രങ്ങളിൽ ബുള്ളറ്റ് ടാങ്കറുകളും ചരക്കുലോറികളും നിയമം ലംഘിച്ച് പാർക്ക് ചെയ്യുന്നതാണ് പ്രധാന വില്ലൻ.കഴിഞ്ഞ രണ്ടു വർഷത്തിനിടെ നാലു കിലോമീറ്റർ ചുറ്റളവിൽ പത്തിലധികം പേർക്കാണ് റോഡപകടങ്ങളിൽ ജീവൻ നഷ്ടമായത്. വേഗത കുറഞ്ഞ വാഹനങ്ങൾ വലതു ട്രാക്ക് കൈയടക്കുന്നതും വേഗപ്പാതയിൽ മൂന്ന് ടൂറിസ്റ്റ് ബസുകൾ അടക്കം യൂ-ടേൺ എടുക്കുന്നതും അപകടങ്ങൾക്ക് കാരണമാകുന്നു.ചെറിയ പിഴ ഈടാക്കി വിടുന്നതിന് പകരം കടുത്ത നിയമനടപടികൾ സ്വീകരിച്ചാൽ മാത്രമേ ഇതിന് അറുതിയാകൂ എന്നാണ് നാട്ടുകാർ പറയുന്നത്.