നേപ്പാൾ പ്രളയം: മരണം 939നിലവിളിയിൽ നിസ്സഹായരായി രക്ഷാപ്രവർത്തകർ▪️ ആധുനിക ഉപകരണങ്ങളുടെ ക്ഷാമമാണ് രക്ഷാപ്രവർത്തനത്തെ ഗുരുതരമായി ബാധിച്ചത്
കാഠ്മണ്ഡു: നേപ്പാളിനെ പിടിച്ചുലച്ച മിന്നൽ പ്രളയത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം 939 ആയി. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെങ്കിലും 4250 പേരെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. പ്രളയം ദുരിതം വിതച്ച എട്ട് ജില്ലകളിൽ തിങ്കളാഴ്ചയും നിരവധി മൃതദേഹങ്ങൾ കണ്ടെടുത്തു.
ചിത്വാനിൽനിന്ന് 272 മൃതദേഹങ്ങളും കിഴക്കൻ നവൽപരാസിയിൽനിന്ന് 207, പടിഞ്ഞാറൻ നവൽപരാസിയിൽനിന്ന് 151, ഗോർഖ ജില്ലയിൽനിന്ന് 62, നുവാകോട്ടിൽനിന്ന് 95, ധാഡിംഗിൽനിന്ന് 55, തനഹുവില്നിന്ന് 37, റാസുവയിൽ നിന്ന് 24 മൃതദേഹങ്ങളും കണ്ടെടുത്തതായി ദേശീയ ദുരന്തസാധ്യത ലഘൂകരണ-നിവാരണ അതോറിറ്റി അറിയിച്ചു.അതിനിടെ, രാജ്യത്തെ വിവിധ ജലവൈദ്യുതി പദ്ധതികളുടെ പ്ലാന്റുകളിൽ ജോലി ചെയ്യുന്ന 933 ജീവനക്കാരും തൊഴിലാളികളും ജീവനോടെയുണ്ടോയെന്ന കാര്യം ഇപ്പോഴും അജ്ഞാതമായി തുടരുകയാണ്.
ഇവരെ ബന്ധപ്പെടാനുള്ള ശ്രമം നടത്തുന്നുണ്ടെന്നാണ് ഔദ്യോഗിക വിവരം. പലരും ടണലുകളിൽ കുടുങ്ങിക്കിടക്കുകയാണെന്നാണ് സൂചന.സങ്കീർണമായ രക്ഷാപ്രവർത്തനങ്ങൾക്ക് ഇന്ത്യയുടെയും ചൈനയുടെയും വിദഗ്ധ സംഘം സഹായം നൽകുന്നുണ്ട്.അതേസമയം, ആധുനിക ഉപകരണങ്ങളുടെ ക്ഷാമം രക്ഷാപ്രവർത്തനത്തെ ഗുരുതരമായി ബാധിച്ചതായി ഔദ്യോഗിക വൃത്തങ്ങൾ പറഞ്ഞു. ദുർഘടമായ ഭൂപ്രദേശങ്ങളിലെ രക്ഷാപ്രവർത്തനമാണ് അതീവ ദുഷ്കരമാക്കിയത്.
കണ്ടെത്താനുള്ളത് ആറു മലയാളികളെ തിരുവനന്തപുരം: നേപ്പാൾ ദുരന്തത്തിൽ കണ്ടെത്താനുള്ളത് ആറു മലയാളികളെ. പ്രളയത്തെതുടർന്ന് നേപ്പാളിൽ കുടുങ്ങിയ ആറുപേരുമായി ഇതുവരെ ആശയവിനിമയം സാധ്യമായില്ല. ആസ്ട്രേലിയന്‍ പൗരന്മാരായ നാലുപേര്‍, ബ്രിട്ടീഷ് പൗരത്വമുള്ള ഒരാള്‍, കഴിഞ്ഞ ദിവസം ബന്ധുക്കള്‍ ഹെല്‍പ്പ് ഡെസ്കില്‍ രജിസ്റ്റര്‍ ചെയ്ത അമേരിക്കന്‍ പൗരത്വമുളള കൃഷ്ണകുമാര്‍ രാഘവന് (59) എന്നിവരാണിവര്‍. പ്രളയസമയത്ത് ചൈന-നേപ്പാൾ അതിർത്തി മേഖലകളിലായിരുന്നു ഇവരെന്നാണ് വിവരം. ഇവരെ കണ്ടെത്താൻ ശ്രമം തുടരുകയാണെന്ന് നോർക്ക അറിയിച്ചു.