കുറ്റിപ്പുറത്തിന്റെ സ്വപ്ന പദ്ധതിയായ ‘പുഴയോര സ്നേഹപാത’: എം.എൽ.എയ്ക്ക് നിവേദനം സമർപ്പിച്ച് ടീം കുറ്റിപ്പുറം
കുറ്റിപ്പുറം: നാട്ടുകാരുടെ ദീർഘകാലത്തെ വലിയ പ്രതീക്ഷയായ ‘പുഴയോര സ്നേഹപാത’ പദ്ധതി യാഥാർത്ഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് സാമൂഹ്യപ്രവർത്തകർ കോട്ടക്കൽ നിയോജകമണ്ഡലം എം.എൽ.എ പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾക്ക് നിവേദനം നൽകി. കുറ്റിപ്പുറത്ത് നിളയോരം പാർക്ക് മുതൽ മല്ലൂർ കടവ്, കാങ്കപ്പുഴ കടവ് എന്നീ കടവുകളെ പരസ്പരം ബന്ധിപ്പിക്കുന്നതാണ് നിർദ്ദിഷ്ട പുഴയോര സ്നേഹപാത പദ്ധതി.
കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കൈപ്പള്ളി അബ്ദുള്ളക്കുട്ടി, സൗത്ത് വാർഡ് (18) ഗ്രാമപഞ്ചായത്ത് അംഗം കെ.പി. അബ്ദുൽ അസീസ്, ടൗൺ വാർഡ് ഗ്രാമപഞ്ചായത്ത് അംഗം ആബിദ് വരിക്കപ്പുലാക്കൽ, സാമൂഹ്യപ്രവർത്തകരായ മുഹമ്മദലി പാറമ്മൽ, ഇച്ചാപ്പു ആലുക്കൽ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് എം.എൽ.എയെ നേരിൽ കണ്ട് നിവേദനം സമർപ്പിച്ചത്.
നാട്ടുകാരുടെ ജീവിതനിലവാരവും പ്രദേശത്തിന്റെ വികസനവും ഉയർത്താൻ ഈ പാത അത്യാവശ്യമാണെന്ന് ടീം കുറ്റിപ്പുറം പ്രസിഡന്റ് മുഹമ്മദലി പാറമ്മൽ ചൂണ്ടിക്കാട്ടി. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ പ്രയോജനപ്പെടുന്ന പ്രധാന കാര്യങ്ങൾ:തീര സംരക്ഷണം: പുഴയോര ഭിത്തിയില്ലാത്തതിനാൽ സ്വകാര്യ പറമ്പുകളും മറ്റും പുഴയിലേക്ക് ഇടിഞ്ഞുതാഴുന്നത് തടയാൻ സാധിക്കും.ടൂറിസം വികസനം: കുറ്റിപ്പുറത്തിന്റെ ടൂറിസം മേഖലയ്ക്ക് പുത്തൻ ഉണർവും വർണ്ണാഭമായ വികസന സാധ്യതകളും തുറന്നുനൽകും.യാത്രാസൗകര്യം: കുറ്റിപ്പുറത്തിന്റെ ഉൾഭാഗങ്ങളിൽ താമസിക്കുന്ന ജനങ്ങൾക്ക് മെച്ചപ്പെട്ട റോഡ് ഗതാഗത സൗകര്യം ഉറപ്പാക്കാൻ കഴിയും.ഏതാനും വർഷങ്ങൾക്ക് മുൻപ് ‘ടീം കുറ്റിപ്പുറം’ സംഘടിപ്പിച്ച നാട്ടുകൂട്ടായ്മയിൽ റിട്ടയേഡ് എൻജിനീയർ ശ്രീ ഐ.വി. രാജഗോപാൽ പദ്ധതിയുടെ ഡി.പി.ആർ (DPR) തയ്യാറാക്കി നാട്ടുകാർക്ക് മുന്നിൽ അവതരിപ്പിച്ചിരുന്നു. അന്നത്തെ ഡിപിആർ പ്രകാരം നിളയോരം പാർക്ക് മുതൽ കുറ്റിപ്പുറം ഹൈസ്കൂൾ കടവ് വരെ ഉള്ള പാതയായിരുന്നു വിഭാവനം ചെയ്തിരുന്നത്. വിഷയം അനുഭാവപൂർവ്വം പരിഗണിച്ച എം.എൽ.എ, പദ്ധതിക്കായി തന്നാൽ കഴിയുന്ന എല്ലാ സഹായങ്ങളും നൽകുമെന്ന് ഉറപ്പുനൽകി.
ഇതോടൊപ്പം തന്നെ ടി.കെ. അഹമ്മദ് സാഹിബ് മെമ്മോറിയൽ റോഡിന്റെ പുനരുദ്ധാരണത്തിനായി എം.എൽ.എ ഫണ്ട് അനുവദിക്കണമെന്ന് ആവശ്യപ്പെടുന്ന മറ്റൊരു നിവേദനവും ഇവർ എം.എൽ.എയ്ക്ക് കൈമാറി.