EDAPPALLocal news

തവനൂർ പോസ്റ്റ് ഓഫീസ് പാസ്പോർട്ട് സേവ കേന്ദ്രം കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു

എടപ്പാൾ: പാസ്പോർട്ട് സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനായി എല്ലാ ലോക്സഭാ മണ്ഡലങ്ങളിലും പോസ്റ്റ് ഓഫീസ് പാസ്പോർട്ട് സേവ കേന്ദ്രം ആരംഭിക്കുന്ന കേന്ദ്ര സർക്കാർ പദ്ധതിയനുസരിച്ച് തവനൂരിൽ സ്ഥാപിച്ച പോസ്റ്റ് ഓഫീസ് പാസ്പോർട്ട് സേവ കേന്ദ്രത്തിന്റെ (പി.ഒ.പി.എസ്.കെ.) ഉദ്ഘാടനം കേന്ദ്ര പെട്രോളിയം- പ്രകൃതി വാതക- ടൂറിസം വകുപ്പ് സഹമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു. വിദേശ കാര്യ മന്ത്രാലയം, തപാൽ വകുപ്പ് എന്നിവയുടെ കീഴിൽ രാജ്യത്തെ 455- മത്തെയും കോഴിക്കോട് റീജ്യണൽ പാസ്പോർട്ട് ഓഫീസിന് കീഴിലെ മൂന്നാമത്തെതുമായ പോസ്റ്റ് ഓഫീസ് പാസ്പോർട്ട് സേവ കേന്ദ്രമാണ് തവനൂർ സബ് പോസ്റ്റ് ഓഫീസിൽ മന്ത്രി ഉദ്ഘാടനം ചെയ്തത്. തുടർന്ന് തവനൂർ കേളപ്പജി കോളെജ് ഓഫ് അഗ്രികൾച്ചറൽ എൻജിനീയറിങ് ആൻഡ് ടെക്നോളജിയിൽ നടന്ന പൊതുസമ്മേളനത്തിൽ എം.പി.അബ്ദുസമദ് സമദാനി എം.പി. മുഖ്യാതിഥിയായി.

മലപ്പുറം പോലെ കൂടുതൽ ജനസംഖ്യയും പാസ്പോർട്ട് അപേക്ഷകരുമുള്ള ജില്ലയിൽ എളുപ്പത്തിൽ പാസ്പോർട്ട് സേവനങ്ങൾ ലഭ്യമാക്കാൻ ഇതു വഴി കഴിയുമെന്ന് കേന്ദ്രസസഹ മന്ത്രി സുരേഷ് ഗോപി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. പോസ്റ്റ് ഓഫീസുകളുമായി പാസ്പോർട്ട് സേവനങ്ങൾ ബന്ധിപ്പിക്കുന്നതു വഴി എല്ലാവർക്കും എളുപ്പത്തിൽ സേവനങ്ങൾ ലഭ്യമാകുമെന്നും മന്ത്രി പറഞ്ഞു. തിരൂർ- പൊന്നാനി- ഗുരുവായൂർ- ഇരിങ്ങാലക്കുട വഴി യുള്ള റെയിൽവേ പദ്ധതി അനുമതിക്കായി കേന്ദ്ര റെയിൽവേ മന്ത്രിക്ക് സമർപ്പിച്ചുവെന്നും അദ്ദേഹം തത്വത്തിൽ അംഗീകരിച്ചതായും മന്ത്രി അറിയിച്ചു.

തവനൂർ കാർഷിക കോളെജിൽ മന്ത്രി മരം നടുകയും വൃക്ഷത്തൈ വിതരണം ചെയ്യുകയും ചെയ്തു. എം.എൽ.എ.മാരായ വി.എസ്. ജോയ്, കെ.പി. നൗഷാദലി, ആബിദ് ഹുസൈൻ തങ്ങൾ എന്നിവർ സംബന്ധിച്ചു. കേന്ദ്ര വിദേശകാര്യ മന്ത്രാലയ ജോയിന്റ് സെക്രട്ടറി ഡോ.ബിനോയ് ജോർജ്, കോഴിക്കോട് നോർത്തേൺ റീജ്യൺ പോസ്റ്റൽ സർവീസസ് ഡയറക്ടർ വി.ബി.ഗണേഷ് കുമാർ, തവനൂർ പഞ്ചായത്ത് പ്രസിഡന്റ് അബൂബക്കർ സിദ്ദിഖ്, വാർഡ് മെമ്പർ പി.ടി.ശ്രീനിവാസൻ തുടങ്ങിയവർ സംസാരിച്ചു. കോഴിക്കോട് റീജ്യണൽ പാസ്പോർട്ട് ഓഫീസർ കെ. അരുൺ മോഹൻ സ്വാഗതവും തിരൂർ പോസ്റ്റൽ ഡിവിഷൻ സൂപ്രണ്ട് എം.കെ. ഇന്ദിര നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button