EDAPPALLocal news

അബ്ദുൽ മനാഫ് പൊന്നാനിയുടെ നാലാം ഓർമ്മദിനം: സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

​പൊന്നാനി: ബ്ലഡ് ഡോണേഴ്സ് കേരള (ബി.ഡി.കെ) മലപ്പുറം ജില്ലാ സ്ഥാപക അംഗമായിരുന്ന അബ്ദുൽ മനാഫ് പൊന്നാനിയുടെ നാലാം ഓർമ്മദിനത്തോടനുബന്ധിച്ച് സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. രക്തദാന രംഗത്ത് സജീവ സാന്നിധ്യമായിരുന്ന അബ്ദുൽ മനാഫ്, 2022 ജൂലൈയിൽ എറണാകുളത്തുണ്ടായ അപകടത്തിലാണ് അകാലത്തിൽ വിടപറഞ്ഞത്.

​പൊന്നാനി മരക്കടവ് ഫ്രണ്ട്‌സ് ക്ലബ്ബ് പരിസരത്ത് വെച്ച് നടന്ന ക്യാമ്പ്, ഫ്രണ്ട്‌സ് ക്ലബ്ബും ബ്ലഡ് ഡോണേഴ്സ് കേരള പൊന്നാനി താലൂക്ക് കമ്മിറ്റിയും സംയുക്തമായാണ് സംഘടിപ്പിച്ചത്. തൃശ്ശൂർ അമല ആശുപത്രി ബ്ലഡ് സെന്ററിന്റെ നേതൃത്വത്തിൽ പ്രത്യേക സജ്ജീകരിച്ച വാഹനത്തിലാണ് രക്തശേഖരണം നടത്തിയത്.

​ക്യാമ്പിൽ പങ്കെടുത്ത 55 പേരിൽ 18 പുതു രക്തദാതാക്കളും 4 വനിതകളുമടക്കം 47 പേർ രക്തദാനം നിർവഹിച്ചു. പൊന്നാനിയിലെ നിരവധി സുമനസ്സുകൾ ക്യാമ്പിന് പിന്തുണയുമായി എത്തി. ഫ്രണ്ട്‌സ് ക്ലബ് അംഗങ്ങളും ബി.ഡി.കെ സംസ്ഥാന, ജില്ലാ, താലൂക്ക് എയ്ഞ്ചൽസ് വിംഗ് അംഗങ്ങളും ക്യാമ്പിന് നേതൃത്വം നൽകി.

രക്തദാനം ചെയ്തവർക്കും ക്യാമ്പിന്റെ വിജയത്തിനായി സഹകരിച്ചവർക്കും ബി.ഡി.കെ മലപ്പുറം ജില്ലാ കമ്മിറ്റി നന്ദിയും അഭിനന്ദനങ്ങളും അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button