THAVANUR

കാർഷിക യന്ത്ര – ഭക്ഷ്യസംസ്‌കരണ മേള ‘ഫാം മെക്ക് 2026’ ഇന്ന് മുതൽ

തവനൂർ : കേളപ്പജി അഗ്രിക്കൾച്ചറൽ എഞ്ചിനീയറിങ് ആൻഡ് ഫുഡ് ടെക്‌നോളജി കോളേജിൽ ഇന്ന് മുതൽ (ജനുവരി 22) ‘ഫാം മെക്ക് 2026’ എന്ന വിപുലമായ കാർഷിക യന്ത്ര – ഭക്ഷ്യസംസ്‌കരണ മേള ആരംഭിക്കും. 24 വരെ നീണ്ടുനിൽക്കുന്ന മേളയോടനുബന്ധിച്ച് അഗ്രികൾച്ചറൽ എഞ്ചിനീയറിങ് ഡേ – 2026യും സംഘടിപ്പിക്കുന്നുണ്ട്.
തവനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.വി. അബൂബക്കർ സിദ്ധിഖിന്റെ അധ്യക്ഷതയിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങ് ദക്ഷിണേന്ത്യാ കാർഷിക യന്ത്ര പരിശീലന കേന്ദ്രം ഡയറക്ടർ ഡോ. പി.പി. റാവു നിർവഹിക്കും. സംസ്ഥാന ശാസ്ത്ര-സാങ്കേതിക വകുപ്പിന്റെ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. സുധീർ കെ.പി, ഇസാഫ് മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ഡോ. കെ. പോൾ തോമസ് എന്നിവർ മുഖ്യാതിഥികളാകും. കേരള കാർഷിക സർവകലാശാല ഗവേഷണ വിഭാഗം മേധാവി ഡോ. അനിത് കെ.എൻ മുഖ്യപ്രഭാഷണം നടത്തും.
കാർഷിക എഞ്ചിനീയറിങ് മേഖലയിലെ വിദഗ്ധർ നയിക്കുന്ന ക്ലാസുകൾ, നൂതന കാർഷിക യന്ത്രങ്ങളുടെ പ്രവർത്തന പ്രദർശനം, എക്സിബിഷൻ തുടങ്ങിയവ മേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ആൾ ഇന്ത്യ കോർഡിനേറ്റഡ് റിസർച്ച് പ്രോജക്ടിലെ കാർഷിക യന്ത്ര – ഭക്ഷ്യസംസ്‌കരണ വിഭാഗങ്ങളും കെ.സി.എ.ഇ.എഫ്.ടി അലൂമിനി അസോസിയേഷനും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ചടങ്ങിൽ കോളേജിൽ നിന്ന് വിരമിച്ച അധ്യാപകർ, ഉയർന്ന മാർക്ക് നേടിയ ബി.ടെക് വിദ്യാർത്ഥികൾ, കാർഷിക മേഖലയിലെ അവാർഡ് ജേതാക്കൾ എന്നിവരെ ആദരിക്കും. കർഷകർക്ക് ഏറെ പ്രയോജനപ്പെടുന്ന ഈ മേളയിൽ എല്ലാ കർഷക സുഹൃത്തുക്കളുടെയും സജീവ പങ്കാളിത്തം സംഘാടകർ പ്രതീക്ഷിക്കുന്നു.

ചിത്രം: എ ഐ നിർമ്മിതം

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button