Uncategorized

120-ൻ്റെ നിറവിൽ കുഞ്ഞീരുമ്മ, 116-ൽ മറിയാമ്മച്ചേച്ചി!!!

കുഞ്ഞീരുമ്മക്ക് പ്രായം 120. ഒരുപക്ഷെ ഇന്ത്യയിൽ ഇന്ന് ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായംകൂടിയ വ്യക്തിയാകും കുഞ്ഞീരുമ്മ. അവരുടെ കൈമുത്തിയപ്പോൾ ഉണ്ടായ അനുഭൂതി വിവരാണാതീതമാണ്. വളാഞ്ചേരിക്കടുത്ത എടയൂർ പഞ്ചായത്തിലെ പൂക്കാട്ടിരിക്ക് സമീപമാണ് കുഞ്ഞീരുമ്മ താമസിക്കുന്നത്. കലമ്പൻ സൈതാലിയാണ് ഭർത്താവ്. അദ്ദേഹം മരിച്ചിട്ട് 44 വർഷം കഴിഞ്ഞു. 02.06.1903-ലാണ് കുഞ്ഞീരുമ്മ ജനിച്ചത്. ഖിലാഫത്ത് സമരകാലാത്ത് വയസ്സ് 17. വീട്ടിൽ ഒതുങ്ങിക്കഴിഞ്ഞിരുന്നതിനാൽ പുറംലോക വാർത്തകൾ കേട്ടത് കുറവാണ്. ഖിലാഫത്ത് സമരത്തിൽ കുഞ്ഞീരുമ്മയുടെ പിതാമഹനെ ബ്രിട്ടീഷുകാർ പിടിച്ച്‌ കൊണ്ടുപോയതും പിന്നീട് വിട്ടയച്ചതും അവർ ഓർമ്മിച്ചെടുത്തു.

കുഞ്ഞീരുമ്മ 14 പ്രസവിച്ചു. 5 പേർ പ്രസവത്തിലേ മരിച്ചു. 9 പേർ ബാക്കിയായി. ഇപ്പോൾ രണ്ട് ആൺമക്കളും രണ്ട് പെൺമക്കളും ജീവിച്ചിരിപ്പുണ്ട്. നിരവധി തലമുറകളിലായി കുഞ്ഞീരുമ്മയുടെ മക്കളും പേരമക്കളുമെല്ലാമായി ഉദ്ദേശം അഞ്ഞൂറോളം പേരുണ്ട്. എല്ലാവരെയും കൂട്ടി ഉമ്മയുടെ 120-ാം പിറന്നാൾ ആഘോഷിക്കാനുള്ള പുറപ്പാടിലാണ് മക്കൾ.

നല്ല ഓർമ്മശക്തിയും സംസാരശേഷിയും കുഞ്ഞീരുമ്മ നൂറ്റിഇരുപതാം വയസ്സിലും കാത്ത് സൂക്ഷിക്കുന്നു. കണ്ണിനും കാഴ്ചയുണ്ട്. കേൾവി ശേഷി അൽപം കുറവാണ്. കാണുമ്പോൾ “തസ്ബീഹ് മാല” (ജപമാല) കയ്യിലുണ്ട്. നല്ല വൃത്തിയുള്ള വസ്ത്രധാരണം. കറുപ്പ് സൂപ്പും വെള്ള പെൺകുപ്പായവും തൂവെള്ള ഓയിൽ തട്ടവും ധരിച്ച് വീൽചെയറിൽ കുഞ്ഞീരുമ്മ ഇരിക്കുന്നത് കാണാൻ എന്തൊരു ചേലാണെന്നോ? രണ്ട് ചെവിയിലും നിറയെ സ്വർണ്ണച്ചിറ്റുകൾ. കാതിലെ സ്വർണ്ണക്കമ്മലിട്ട തുള തൂങ്ങിക്കിടപ്പുണ്ട്. പഴയ മലബാറിലെ തനി മാപ്പിള മങ്ക.

വളാഞ്ചേരി കാട്ടിപ്പരുത്തിയിലെ പ്രഗൽഭ നാട്ടുവൈദ്യനായിരുന്ന മമ്മു ഗുരുക്കളുമായി ഇവർക്ക് ബന്ധമുണ്ടത്രെ. ആ വൈദ്യ പാരമ്പര്യത്തിലെ ഈടുറ്റ കണ്ണിയായ ചങ്ങമ്പള്ളി ആലിക്കുട്ടി ഗുരുക്കളുടെ സഹോദരിയുടെ മകളാണ് കുഞ്ഞീരുമ്മ. ഫിദൽകാസ്ട്രോയെ ഇൻ്റെർവ്യു ചെയ്യാൻ അവസരം കിട്ടിയ എക്കാലത്തെയും മികച്ച ഫുട്ബോളർമാരിൽ ഒരാളായ ഡീഗോ മറഡോണ കാസ്ട്രോയോട് സമ്മതം ചോദിച്ച് അദ്ദേഹത്തെ ഒന്ന് തൊട്ടു. അതേകുറിച്ച് മറഡോണ പിന്നീട് പറഞ്ഞത് “ഞാൻ അകാശം തൊട്ടു” എന്നാണ്. 120 വയസ്സുള്ള കുഞ്ഞീരുമ്മയുടെ കൈകൾ തടവിയപ്പോൾ എനിക്കും പറയാൻ തോന്നിയത് അതേ വാക്കുകളാണ്.

സുഹൃത്ത് ഗഫൂർ അമ്പലത്തിങ്ങലിൻ്റെ മകൾ ഫാത്തിമാ നഹാന് എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും A+ ലഭിച്ചതിലെ സന്തോഷം പങ്കിടാൻ അവളെയും കൂട്ടിയാണ് ഗഫൂറുമൊത്ത് കുഞ്ഞീരുമ്മയെ കാണാൻ പോയത്. ഒരേക്കർ നാൽപ്പത് സെൻ്റ് നെൽവയൽ സ്വന്തമായുള്ളതിനാൽ അവർക്കിതുവരെ ക്ഷേമ പെൻഷനൊന്നും കിട്ടിയിട്ടില്ല. മക്കളും മരുമക്കളും നിധി പോലെയാണ് കുഞ്ഞീരുമ്മയെ നോക്കുന്നത്.

78 വർഷങ്ങൾക്കു മുൻപ് മുവ്വാറ്റുപുഴ വാളകംകുന്നക്കാലിൽനിന്നും മലബാറിലെ കരുവാരകുണ്ടിലേക്ക് കുടിയേറിപ്പാർത്ത പാപ്പാലിൽ മറിയാമ്മഉതുപ്പിന് പ്രായം 115. 3 ഇരട്ടക്കുട്ടികളടക്കം 14 മക്കൾ. കൊടിയദാരിദ്ര്യത്തിലും മറിയാമ്മച്ചേച്ചി അവരെ പട്ടിണിയറിയിക്കാതെ പോറ്റിവളർത്തി. ജീവിത പങ്കാളി വിടപറഞ്ഞിട്ട് നാല് പതിറ്റാണ്ടിലധികമായി. ഏകവരുമാന മാർഗ്ഗമായ നെൽകൃഷിയിൽ ഭർത്താവിനെ സഹായിച്ചുപോന്ന കഥകൾ അവരിപ്പോഴും നിറഞ്ഞ ആവേശത്തോടെ അയവിറക്കുന്നത് കേൾക്കാൻ നല്ല രസമാണ്. യാതൊരു അസുഖവും പിടിപെടാതെ നോക്കാൻ മറിയാമ്മച്ചേച്ചി പ്രത്യേകം ശ്രദ്ധിക്കാറുണ്ടെന്ന് മരുമക്കൾ സാക്ഷ്യപ്പെടുത്തി.

ഒന്നരമണിക്കൂർ അവരുമൊത്ത് ചെലവിട്ടത് അവിസ്മരണീയമായി. ഇളയ മകൻ പൗലോസിന് പ്രായം 63. അദ്ദേഹത്തിൻ്റെ വീട്ടിലാണ് മറിയാമ്മച്ചേച്ചി താമസിക്കുന്നത്. പരമ്പരാഗത ക്രൈസ്തവ വേഷത്തിലുള്ള ഇരിപ്പിൽ തന്നെ അവരുടെ മുഖത്ത് പ്രതിഫലിക്കുന്ന ആകർഷണീയത ഒന്നുവേറെത്തന്നെ. മക്കളുടെ വീട്ടിൽ മാറിമാറി മാറിയാമ്മച്ചേച്ചി താമസിക്കും. ആരെയും മുഷിപ്പിക്കില്ല. കേൾവിശേഷി അൽപം കുറവുള്ളതിനാൽ ഉച്ചത്തിൽ സംസാരിക്കണം.

മൂത്തമകളെ പ്രസവിക്കുമ്പോൾ മറിയാമ്മച്ചേച്ചിക്ക് പ്രായം 26. അവരിന്ന് ജീവിച്ചിരുന്നെങ്കിൽ 88 വയസ്സുണ്ടാകും. രണ്ടാമത്തെ മകൾ സാറാമ്മ 86-ലും ചുറുചുറുക്കോടെ അമ്മയുടെ അടുത്തിരിക്കുമ്പോൾ ശരിക്കും അതൊരു അൽഭുതക്കാഴ്ച്ചയായി. 82-കാരനായ കുര്യാക്കോസും 75 വയസ്സുള്ള വർഗീസും 68-കാരിയായ അന്നമ്മയും പിന്നെ ഇളയ മകൻ പൗലോസും ചേർന്ന് മറിയാമ്മച്ചേച്ചിയെ ഇഹലോകത്തെ സ്വർഗീയ സുഖത്തിലെന്ന പോലെയാണ് പരിപാലിക്കുന്നത്. അവരുടെ നെറ്റിയിൽ ഉമ്മവെച്ച് അനുഗ്രഹം തേടിയാണ് മടങ്ങിയത്.

മറിയാമ്മച്ചേച്ചിയുടെ ഇളയ മകൻ പൗലോസിൻ്റെ മകൻ സനൽ പൗലോസ് ഒരു വർഷത്തിലധികമായി എന്നെ വീട്ടിലേക്ക് ക്ഷണിക്കുന്നു. വളാഞ്ചേരിയിൽ നിന്ന് ഒന്നരമണിക്കൂർ യാത്ര ചെയ്താലേ സനലിൻ്റെ വീട്ടിലെത്താനാവൂ. തൻ്റെ അമ്മുമ്മയോടുള്ള സനലിൻ്റെ കരുതൽ മനസ്സിൽ മായാതെ നിന്നു. എന്തായാലും പോകണമെന്ന് നിശ്ചയിച്ചു. സനലിന് ഒമാനിലാണ് ജോലി. നാട്ടിൽ വരുന്ന സമയം അദ്ദേഹം അറിയിച്ചു. സ്നേഹമസൃണമായ സനൽ പൗലോസിൻ്റെ ക്ഷണം സ്വീകരിച്ച് മറിയാമ്മച്ചേച്ചിയുടെ വീട്ടിലെത്തി.

ഏറെ സമയം അവരുമൊത്ത് കൊച്ചു വർത്തമാനങ്ങൾ പറഞ്ഞിരുന്നു. സുഭിക്ഷമായ ഭക്ഷണമാണ് വീട്ടുകാർ ഒരുക്കിയിരുന്നത്. ഞങ്ങൾക്ക് ഉച്ചയൂണ് നൽകാൻ ഇടക്കിടെ മരുമക്കളെ മറിയാമ്മച്ചേച്ചി ഓർമ്മിപ്പിച്ചു. തൻ്റെ ചുണ്ടുവിരലിൽ മക്കളെയും മരുമക്കളെയും മറിയാമ്മച്ചേച്ചി നിർത്തിയിരുന്ന പഴയ നാളുകൾ ചെറു ചിരിയോടെ മരുമക്കൾ പങ്കുവെച്ചു. ആജ്ഞാ ശക്തിയുടെ തീക്ഷ്ണത അവരുടെ കണ്ണുകളിൽ ഇപ്പോഴും ജ്വലിച്ച് നിൽക്കുന്ന പോലെ തോന്നി.

120-കാരി കുഞ്ഞീരുമ്മയും 116-കാരി മാറിയാമ്മച്ചേച്ചിയും അൽഭുതങ്ങളുടെ നിലവറ തീർത്ത് പ്രായം മറന്ന് സസുഖം ജീവിക്കുന്നു. ഒരു മാസത്തിനിടയിലാണ് ഇരുവരെയും കാണാൻ ഭാഗ്യം കിട്ടിയത്. അവരുടെ കൈകൾ മുത്തിയാണ് യാത്രപറഞ്ഞിറങ്ങിയത്. ആ മനുഷ്യമാലാഖമാരെ ദൈവം അനുഗ്രഹിക്കട്ടെ. പ്രായമായ അച്ഛനമ്മമാരെ വൃദ്ധസദനങ്ങളിൽ തള്ളുന്ന കൊടുംപാപികൾക്ക് കൺമുന്നിൽ കാണാൻ കഴിയുന്ന ജീവിച്ചിരിക്കുന്ന “ദേവത”കളാണ് കുഞ്ഞീരുമ്മയും മാറിയാമ്മച്ചേച്ചിയും. ഇരുവർക്കും സർവ്വേശ്വരൻ സർവ ഐശ്വര്യങ്ങളും ചൊരിയട്ടെ.

“പ്രായമായവരുടെ തണൽ ദൈവത്തിൻ്റെ തണലാണെന്ന്” പാടിയ മഹാകവി അല്ലാമാ മുഹമ്മദ് ഇക്ബാലിൻ്റെ വരികൾ എത്ര മനോഹരം!

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button