നിതിൻ രാജിൻ്റെ മരണത്തിൽ പ്രതിഷേധം തുടരുന്നു; ആരോപണവിധേയരായ അധ്യാപകർ ഇപ്പോഴും ഒളിവിൽ
കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റല്‍ മെഡിക്കല്‍ കോളജ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തില്‍ വൈറ്റ് കോട്ടൂരി പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍. മരണത്തിന് കാരണക്കാരായവര്‍ക്കെതിരേ നടപടിയാവശ്യപ്പെട്ടാണ് കോളജിനുമുന്നില്‍ വിദ്യാര്‍ഥികള്‍ പ്രതിഷേധം നടത്തിയത്. പ്രതിയായ വകുപ്പ് മേധാവി ഡോ. റാമിനെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് റാമിന്റെ കണ്ണൂര്‍ എടക്കാടുള്ള ഡെന്റല്‍ ക്ലിനിക്കിലേക്ക് ഡിവൈഎഫ്ഐ മാര്‍ച്ച് നടത്തി. റാമിന്റെ ക്ലിനിക്കിന്റെ ബോര്‍ഡ് വലിച്ച് കീറി ഡിവൈഎഫ്ഐയുടെ പ്രതിഷേധ പോസ്റ്ററും ഒട്ടിച്ചു.
ഇന്ന് രാവിലെ ഡെന്റല്‍ കോളജിലേക്ക് പട്ടികജാതി ക്ഷേമസമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്തി.
അഞ്ചരക്കണ്ടി ഡെന്റല്‍ കോളജ് വിദ്യാര്‍ത്ഥി നിതിന്‍രാജ് കൊല്ലപ്പെട്ട സംഭവത്തില്‍ മുഴുവന്‍ പ്രതികളെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് എസ്ഡിപിഐ ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് അഞ്ചരക്കണ്ടി ഡെന്റല്‍ കോളജിലേക്ക് കഴിഞ്ഞദിവസം പ്രതിഷേധ മാര്‍ച്ച് നടത്തി. ജില്ലാ പ്രസിഡന്റ് ബഷീര്‍ കണ്ണാടിപ്പറമ്പ് ഉദ്ഘാടനം ചെയ്തു.
എംകെ റാമിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗ് പ്രവർത്തകർ കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ ഓഫിസിലേക്ക് മാർച്ച് നടത്തി. അഞ്ചു തവണയാണ് ജലപീരങ്കി പ്രയോഗിച്ചത്.
ഡിവൈഎഫ്ഐ പ്രവർത്തകർ എടക്കാട് പൊലീസ് സ്റ്റേഷനിലേക്കും മാർച്ച് നടത്തി. അതിനിടെ അന്വേഷണ സംഘം കോളജിൽ എത്തി തെളിവെടുപ്പ് നടത്തി. ഓറൽ പാത്തോളജി ആൻഡ് മൈക്രോബയോളജി വിഭാഗം മേധാവി ഡോ. എംകെ റാമിനെ കോളജിൽ നിന്ന് പുറത്താക്കാനാണ് പ്രാഥമിക തലത്തിൽ ധാരണയായത്. ആത്മഹത്യാ പ്രേരണ കുറ്റം നേരിടുന്ന ഡോ. എംകെ റാം, ഡോക്ടർ കെടി സംഗീത നമ്പ്യാർ എന്നിവർ ഇപ്പോഴും ഒളിവിലാണ്.
നിതിന്റെ മരണത്തിന്റെ പശ്ചാത്തലത്തില്‍ വിദ്യാര്‍ഥികള്‍ പരാതികള്‍ ശേഖരിച്ചു. പ്രത്യേക മെയില്‍ ഐ ഡി ഉപയോഗിച്ചാണ് പരാതികള്‍ ശേഖരിച്ചത്. ഇതുവരെ 150 ലേറെ പരാതികളാണ് അധ്യാപകര്ക്കെതിരേ ലഭിച്ചത്. ഡോ റാം ഉള്‍പ്പെടെ മൂന്ന് അധ്യാപകര്‍ക്കെതിരേയാണ് പരാതികള്‍ ലഭിച്ചത്. കുറ്റാരോപിതരായ അധ്യാപകര്‍ക്കെതിരേയുള്ള പരാതികള്‍ രേഖാമൂലം തന്നെ വിദ്യാര്‍ഥികള്‍ അധികൃതര്‍ക്ക് നല്‍കിയിരുന്നു. പ്രതിഷേധങ്ങള്‍ ശക്തമാകുമ്പോഴും കുറ്റാരോപിതരെ പിടികൂടാന്‍ പോലിസിന് ഇതുവരെ സാധിച്ചിട്ടില്ല.
കോളജിനെതിരെ തുടരെ ആരോപണങ്ങൾ
അഞ്ചരക്കണ്ടിയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രി പ്രവർത്തിക്കുന്നത് അനധികൃതമായി കൈവശപ്പെടുത്തിയ മിച്ചഭൂമിയിലെന്നാണ് കണ്ണൂർ താലൂക്ക് ലാൻഡ് ബോർഡിൻ്റെ കണ്ടെത്തൽ. കയ്യേറ്റക്കാരെ ഒഴിപ്പിച്ച് സ്ഥലം കണ്ടുകെട്ടണമെന്ന് കഴിഞ്ഞ മാർച്ച് അഞ്ചിന് ബോർഡ് ചെയർമാനായ ഡെപ്യൂട്ടി കലക്ടർ ഇ ഷറഫുദ്ദീൻ്റെ നേതൃത്വത്തിലുള്ള സംഘം ഇടക്കാല ഉത്തരവിട്ടിരുന്നു.
സ്ഥലം കണ്ടുകെട്ടുന്നതിന് ഒരു വർഷക്കാലമെങ്കിലും ആവശ്യമായതിനാൽ സമയം അനുവദിക്കുന്നതിന് ഹൈക്കോടതിയെ സമീപിക്കുന്നതിന് ചെയർമാനെ ചുമതലപ്പെടുത്തിക്കൊണ്ടാണ് ഉത്തരവ്. നിതിൻ രാജിൻ്റെ ആത്മഹത്യയ്ക്ക് പിന്നാലെയാണ് കോളജിൻ്റെ നടത്തിപ്പിനെക്കുറിച്ചും ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കാര്യങ്ങളും പുറത്തുവരുന്നത്.
അഞ്ചരക്കണ്ടി രണ്ടത്തറ എസ്റ്റേറ്റ്, അഞ്ചരക്കണ്ടി എസൻഷ്യൽ ഓയിൽ കമ്പനി എന്നിവയുടെ വകയായിരുന്ന ഭൂമിയിൽ നടന്ന കൈമാറ്റങ്ങൾ റദ്ദാക്കിയാണ് കണ്ണൂർ താലൂക്ക് ലാൻഡ് ബോർഡ് ഉത്തരവിട്ടത്. അബ്ദുൾ ജബ്ബാർ ഹാജി ഉൾപ്പെടെയുള്ള ഏഴ് പേർ കൈവശം വച്ചിരിക്കുന്ന ഈ ഭൂമിക്ക് കേരള ഭൂപരിഷ്ക്കരണ നിയമപ്രകാരം യാതൊരുവിധ ഇളവുകൾക്കും അർഹതയില്ലെന്ന് ബോർഡ് കണ്ടെത്തി.
1964 ഏപ്രിൽ ഒന്നിന് ശേഷം ഭൂപരിധിയിൽ അധികമുള്ള ഭൂമി കൈമാറ്റം ചെയ്യുന്നത് അസാധുവാണ്. ഇതിൻ്റെ അടിസ്ഥാനത്തിൽ 133/1967 നമ്പർ ആധാരവും തുടർന്ന് നടന്ന മുഴുവൻ കൈമാറ്റങ്ങളും റദ്ദാക്കാൻ തീരുമാനിച്ചു. നിയമവിരുദ്ധമായി ഇടപാടുകൾ നടത്തിയതിന് 1970 ലെ ഉടമകളായ മാർജറി ഗ്രേസ്, ഒഹലോറൻ എന്നിവരുടെ പേരിൽ കേസ് എടുക്കും. കക്ഷികളെ വിചാരണ ചെയ്തശേഷം കണ്ടെത്തുന്ന മിച്ചഭൂമി അനധികൃത കൈവശക്കാരെ ഒഴിപ്പിച്ച് ലാൻഡ് ബോർഡ് ഏറ്റെടുക്കുമെന്നും ഉത്തരവിൽ പറയുന്നു.
ഹൈക്കോടതിയിൽ നിന്നും അനുകൂല നടപടിയുണ്ടായാൽ ഒരു വർഷത്തിനുള്ളിൽ തന്നെ അഞ്ചരക്കണ്ടി മെഡിക്കൽ കോളജ് അടച്ചുപൂട്ടേണ്ടി വരുന്ന സാഹചര്യമാണ് നിലവിലുള്ളത്. ബ്രിട്ടീഷുകാരുടെ കാലത്ത് ഇന്ത്യയിൽ ആദ്യമായി റജിസ്ട്രാർ ഓഫിസ് തുറന്ന ഭൂമിയിലാണ് കണ്ണൂർ അഞ്ചരക്കണ്ടി സ്വാശ്രയ ഡെൻ്റൽ കോളജ് പ്രവർത്തിക്കുന്നത്.
2006 ഒക്ടോബറിൽ ഇവിടെ എംബിബിഎസ് കോഴ്സ് തുടങ്ങി. പ്രവേശനത്തിൽ വൻ ക്രമക്കേടുകൾ കണ്ടെത്തിയതിനെത്തുടർന്ന് 2012 ൽ എംബിബിഎസ് രജിസ്ട്രേഷൻ നടപടികൾ ആരോഗ്യ സർവകലാശാല മരവിപ്പിച്ചു.
സുപ്രീം കോടതിയുടെയും ഹൈക്കോടതിയുടെയും വിധികളും ജസ്റ്റിസ് ജെഎം ജയിംസ് കമ്മിറ്റിയുടെ നിർദേശങ്ങളും ലംഘിച്ച് എംബിബിഎസ് പ്രവേശനം നടത്തിയതിനെത്തുടർന്നാണ് പ്രവേശനം സുപ്രീം കോടതി അസാധുവാക്കിയത്. പിന്നാലെ മെഡിക്കൽ കോളജിൻ്റെ അംഗീകാരവും നഷ്ടമായി. ഡെൻ്റൽ കോളജ്, എൻജിനീയറിങ് കോളജ്, പാരാ മെഡിക്കൽ കോഴ്സുകൾ എന്നിവയാണ് ഇപ്പോഴുള്ളത്. അബ്ദുൽ ജബ്ബാർ ചെയർമാനായുള്ള പ്രസ്റ്റീജ് എജ്യുക്കേഷണൽ ട്രസ്റ്റാണ് സ്ഥാപനങ്ങൾ നടത്തുന്നത്.
വിദ്യാർഥികളുടെ പ്രശ്നങ്ങളിൽ മാനേജ്മെൻ്റ് അനുഭാവപൂർവമായ സമീപനമല്ല സ്വീകരിക്കുന്നത്. വിദ്യാർഥി സൗഹൃദമായ അന്തരീക്ഷമാണ് കോളജിൽ വേണ്ടത്. പിന്തുണ ഇല്ലാത്തതിനാൽ വിദ്യാർഥി യൂണിയന് കാര്യമായി ഇടപെടാൻ കഴിയുന്നില്ല. സ്ഥാപനത്തിൻ്റെ പ്രവർത്തനങ്ങളിൽ സുതാര്യതയില്ലെന്നും കോളജ് മാനേജ്മെൻ്റിൻ്റെ സംഘടനാഘടനയെക്കുറിച്ച് പോലും തങ്ങൾക്ക് അറിയില്ലെന്നും വിദ്യാർഥികൾ കുറ്റപ്പെടുത്തി.
പൊലീസ് അന്വേഷണത്തിന് പുറമേ സംസ്ഥാന എസ്സി, എസ്ടി കമ്മിഷൻ, മനുഷ്യാവകാശ കമ്മിഷൻ, യുവജന കമ്മിഷൻ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് എന്നിവയും സംഭവത്തിൽ പ്രത്യേകം അന്വേഷണം നടത്തുന്നുണ്ട്. കേസിൽ പ്രതികളെന്ന് സംശയിക്കുന്ന എം കെ റാമിനെയും ഡോക്ടർ സംഗീതയെയും കണ്ടെത്താൻ ഇതുവരെ പൊലീസിന് കഴിഞ്ഞിട്ടില്ല.
തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയായ 22കാരൻ നിതിൻ രാജ് അഞ്ചരക്കണ്ടി ഡെൻ്റൽ കോളജിലെ ഒന്നാം വർഷ വിദ്യാർഥിയായിരുന്നു. കഴിഞ്ഞ ഏപ്രിൽ 10ന് കോളജ് കെട്ടിടത്തിൽ നിന്ന് വീണ് ഗുരുതര പരിക്കുകളോടെയാണ് നിതിനെ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അധ്യാപകനായ റാം നടത്തിയ ജാതി അധിക്ഷേപമാണ് നിതിനെ ആത്മഹത്യയിലേക്ക് തള്ളിവിട്ടതെന്നാണ് സുഹൃത്തുക്കളുടെയും കുടുംബത്തിൻ്റെയും ആരോപണം.
ജാതിയുടെയും നിറത്തിൻ്റെയും പേരിൽ മാനസികമായി പീഡിപ്പിച്ചുവെന്ന പരാതിയെത്തുടർന്ന് രണ്ട് അധ്യാപകർക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റത്തിനും അതിക്രമം തടയൽ നിയമപ്രകാരവും പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
റാമിനെതിരെ നിരവധി പരാതികൾ വിദ്യാർഥികൾ മുൻപും ഉന്നയിച്ചിരുന്നു. മരണത്തിന് പിന്നാലെ നിതിൻ്റെ സഹപാഠികൾ അടക്കം ഇയാൾക്കെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തി. നടപടിയെടുക്കാൻ വൈകിയാൽ സമരം കൂടുതൽ ശക്തമാക്കാനാണ് തീരുമാനം. സർവകലാശാല അധികൃതരും വിഷയത്തിൽ ഇടപെടണമെന്നാണ് വിദ്യാർഥികളുടെ ആവശ്യം. ഒളിവിലുള്ള പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യാൻ പൊലീസിനുമേൽ കടുത്ത സമ്മർദമുണ്ട്.