EDAPPALLocal news

എടപ്പാൾ മേൽപാലം പണി അന്തിമഘട്ടത്തിൽ; എടപ്പാളിൽ ഓട്ടോ,ടാക്സി പാർക്കിങ്ങിന് ഇടമില്ല

എടപ്പാൾ; മേൽപാലം നിർമാണം അവസാനഘട്ടത്തിൽ എത്തിയതോടെ ഓട്ടോ– ടാക്സി വാഹനങ്ങളുടെ പാർക്കിങ് സംബന്ധിച്ച് ആശയക്കുഴപ്പം തുടങ്ങി. നിലവിൽ നാലു റോഡിലും തലങ്ങും വിലങ്ങും നിർത്തിയിടുന്ന ഓട്ടോകളും തൃശൂർ റോഡിൽ പെട്രോൾ പമ്പിനു സമീപത്തെ സ്ഥലത്ത് നിർത്തിയിടുന്ന കാറുകളും പാലം വരുന്നതോടെ പെരുവഴിയിൽ ആകും. ഗുഡ്സ് ഓട്ടോകളുടെ അവസ്ഥയും മറിച്ചല്ല. എടപ്പാൾ പെർമിറ്റ് ഉള്ള രണ്ടായിരത്തോളം ഓട്ടോകളാണ് വിവിധ ഭാഗങ്ങളിൽ സർവീസ് നടത്തുന്നത്.

ഇവയെല്ലാം എടപ്പാൾ ടൗൺ കേന്ദ്രീകരിച്ചാൽ ഗതാഗതക്കുരുക്കിന് വഴിയൊരുക്കും. വ്യാപാര സ്ഥാപനങ്ങൾക്ക് മുൻവശത്ത് നിർത്തിയിടുന്നത് ഇവർക്കും ബുദ്ധിമുട്ട് സൃഷ്ടിക്കും. റോഡരികിൽ ഓട്ടോകൾ നിർത്തിയിടുന്നത് പലപ്പോഴും ഗതാഗതക്കുരുക്കിന് ഇടയാക്കുന്നുണ്ട്. പാലം ഉദ്ഘാടനം ചെയ്യുന്ന മുറയ്ക്ക് ഇത്തരം വാഹനങ്ങൾ എവിടെ നിർത്തിയിടണം എന്നതു സംബന്ധിച്ച് രൂപരേഖ തയാറാക്കേണ്ടതുണ്ട്. പാലത്തിനു താഴെ പാർക്കിങ് അനുവദിക്കണം എന്നതാണ് ഇവരുടെ പ്രധാന ആവശ്യം.

എന്നാൽ ഇത്രയധികം വാഹനങ്ങൾക്ക് പാർക്കിങ് അനുവദിക്കുന്നത് പ്രായോഗികവുമല്ല. നിശ്ചിത എണ്ണം കാറുകളും ഓട്ടോകളും പാലത്തിനു താഴെ നിർത്തിയിടുകയും മറ്റുള്ളവയ്ക്ക് ടൗണിനോട് ചേർന്നുള്ള സ്ഥലങ്ങളിൽ നിർത്തിയിടാൻ അനുമതി നൽകുകയും ചെയ്താൽ മാത്രമേ പ്രശ്നത്തിന് പരിഹാരം കാണാനാകൂ. തൃശൂർ – കുറ്റിപ്പുറം റോഡിലും പട്ടാമ്പി – പൊന്നാനി റോഡിലും ബസുകൾ നിലവിൽ നിർത്തിയിടുന്നതിൽനിന്ന് അൽപം മുന്നോട്ടു നീക്കി പാർക്ക് ചെയ്യേണ്ടതായി വരും.

ഇതിനോടു ചേർന്ന് ഓട്ടോകൾക്കും പാർക്കിങ് അനുവദിക്കാവുന്നതാണ്. നിലവിൽ ഇവയുടെ പാർക്കിങ് സംബന്ധിച്ച് അധികൃതർക്ക് മിണ്ടാട്ടമില്ല. പാലം വരുന്നതോടെ ഇതുസംബന്ധിച്ച് തർക്കം ഉടലെടുക്കാൻ ഇടയാക്കും എന്നതിനാൽ ഇതിന് മുൻപായി എംഎൽഎയുടെ സാന്നിധ്യത്തിൽ തദ്ദേശ സ്ഥാപന പ്രതിനിധികൾ, ഡ്രൈവർമാരുടെ സംഘടനാ പ്രതിനിധികൾ, പൊലീസ് എന്നിവരുടെ നേതൃത്വത്തിൽ യോഗം വിളിച്ച് പരിഹാരം കാണേണ്ടതുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button