Local newsMALAPPURAM

ഒരേ നമ്പറില്‍ 100 ടിക്കറ്റുണ്ടെങ്കില്‍ സമ്മാനം 5 ലക്ഷം; ബമ്പറിനെ വെല്ലുന്ന സമ്മാനം, എഴുത്തുലോട്ടറി സജീവം

മലപ്പുറം: സംസ്ഥാനത്ത് എഴുത്തു ലോട്ടറികള്‍ സജീവമാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് പൊലീസ് കര്‍ശന നടപടികളാണ് സ്വീകരിക്കുന്നത്. വിവിധ ജില്ലകളില്‍ നിന്ന് ഇതുമായി ബന്ധപ്പെട്ട് നിരവധി പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ലോട്ടറി നമ്പറിന്റെ അവസാനത്തെ മൂന്ന് നമ്പര്‍ എഴുതുകയും ഒന്നാം സമ്മാനം ലഭിക്കുന്ന ടിക്കറ്റിന് ഈ നമ്പര്‍ ഉണ്ടെങ്കില്‍ പണം ലഭിക്കുന്നതുമാണ് എഴുത്തു ലോട്ടറിയുടെ രീതി.

സംസ്ഥാനത്ത് പൊലീസ് വ്യാപകമായ പരിശോധനയാണ് എഴുത്തു ലോട്ടറിക്കാരെ പൂട്ടിടാന്‍ വേണ്ടി നടത്തുന്നത്. ഇപ്പോഴിതാ മലപ്പുറത്തും എഴുത്തു ലോട്ടറി സജീവമായിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് പൊലീസ് നടത്തിയ പരിശോധനയില്‍ മൂന്ന് പേര്‍ അറസ്റ്റിലായി. അകമ്പാടം സ്വദേശികളായ നിഷിദ്, സ്‌നോഫര്‍, നിലമ്പൂര്‍ മണലോടി സ്വദേശി അബ്ദുള്‍ മജീദ് എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ അകമ്പാടം കേന്ദ്രീകരിച്ചാണ് എഴുത്തു ലോട്ടറി നടത്തുന്നത്. ഇവര്‍ ഓണ്‍ലൈന്‍ വഴിയാണ് ഇടപാട് നടത്തിയിരുന്നത്.

ഒരേ നമ്പറില്‍ എത്ര ടിക്കറ്റ് വേണമെങ്കിലും ലഭിക്കും. ഈ നമ്പര്‍ ശരിയായല്‍ പത്ത് രൂപയ്ക്ക് 5000 രൂപ ലഭിക്കും. ഏറ്റവും കുറഞ്ഞത് ആളുകള്‍ 5 ടിക്കറ്റ് വരെയെടുക്കാം. ഇങ്ങനെ എടുക്കുന്ന നമ്പറിന് സമ്മാനം അടിത്താല്‍ 25000 രൂപ ലഭിക്കും. ഒരേ നമ്പറില്‍ 100 ടിക്കറ്റുണ്ടെങ്കില്‍ 5000 രൂപ പ്രകാരം അഞ്ച് ലക്ഷം ലഭിക്കും. ഒരേ നമ്പറില്‍ അമ്പതും നൂറും ടിക്കറ്റ് എടുക്കുന്നവര്‍ നിരവധിയാണ്.പൊലീസ് ഇതിനെതിരെ കര്‍ശന നടപടിയാണ് സ്വീകരിച്ചുവരുന്നത്. എന്നാല്‍ ഇടപാടുകളൊക്കെ ഓണ്‍ലൈന്‍ വഴിയായതിനാല്‍ ഇവരെ പിടികൂടാന്‍ പൊലീസിന് പ്രയാസമാണ്. ഇത്തരം എഴുത്തു ലോട്ടറി സംസ്ഥാന ലോട്ടറിയെയും കാര്യമായി ബാധിക്കുന്നുണ്ട്. വടക്കന്‍ ജില്ലകളിലെ മിക്ക കേന്ദ്രങ്ങളിലും ഭാഗ്യക്കുറി വകുപ്പിന്റെ അടിത്തറ ഇളക്കുന്ന വിധത്തിലാണ് സമാന്തര എഴുത്ത് ലോട്ടറികള്‍ പ്രവര്‍ത്തിക്കുന്നത്. കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം എന്നീ ജില്ലകളിലാണ് എഴുത്ത് ലോട്ടറികള്‍ വ്യാപകമായി പ്രവര്‍ത്തിക്കുന്നത്. ചില ലോട്ടറി എജന്റുമാര്‍ വില്‍പ്പനയോടൊപ്പം എഴുത്തു ലോട്ടറിയും നടത്തുന്നുണ്ട്. ഇവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ലോട്ടറി വകുപ്പും അറിയിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button