ഹണിട്രാപ്പ്, ആല്‍ബത്തില്‍ അഭിനയിക്കാമെന്ന് പറഞ്ഞ് തട്ടിക്കൊണ്ടുപോയി കവര്‍ന്നത് 22 പവന്
എടപ്പാൾ: എടപ്പാളിൽനിന്ന് ഹണിട്രാപ്പിൽ കുടുക്കി അടയ്ക്കാ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് 22 പവൻ സ്വർണവും ആഡംബരക്കാറും കവർന്ന സംഭവത്തിലുൾപ്പെട്ട ഒരാളെകൂടി ചങ്ങരംകുളം പോലീസ് അറസ്റ്റുചെയ്തു. വെളിയങ്കോട് തണ്ണിത്തുറയ്ക്കൽ സ്വദേശി നിസാമുദ്ദീനാ(30)ണ് അറസ്റ്റിലായത്.
ഒരുവർഷം മുൻപാണ് ചാലിശ്ശേരി തോഴത്ത് ഷിജോയിയെയും സുഹൃത്ത് പുളിക്കാട്ടിൽ ഖാദറിനെയും മുഖ്യപ്രതിയും ആൽബം സംവിധായകനുമായ ഷഹീർഷായുടെ നേതൃത്വത്തിലുള്ള 14 അംഗ സംഘം ആൽബത്തിലഭിനയിക്കാനെന്ന വ്യാജേന തട്ടിക്കൊണ്ടുപോയത്. അണ്ണക്കമ്പാടുള്ള ലോഡ്ജിൽവെച്ച് മൂന്നരക്കോടി രൂപ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി. വഴങ്ങാതായതോടെ വയനാട്ടിൽ കൊണ്ടുപോയി മർദ്ദിച്ച് ഷിജോയ് ധരിച്ചിരുന്ന 22 പവന്റെ സ്വർണാഭരണങ്ങളും വിലകൂടിയ ഡയമണ്ട് മോതിരം, വാച്ച്, ആഡംബര കാർ എന്നിവ തട്ടിയെടുത്തശേഷം അഞ്ചു ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടു. പിന്നീട് ചങ്ങരംകുളത്തിറക്കിവിട്ടശേഷം മുങ്ങിയവരിൽ എട്ടുപേരെ നേരത്തേ ചങ്ങരംകുളം പോലീസ് അറസ്റ്റുചെയ്തിരുന്നു.
പെരുമ്പടപ്പ് പോലീസ് ഒരു വെട്ടുകേസിൽ നിസാമുദ്ദീനെ അറസ്റ്റുചെയ്തതായി അറിഞ്ഞ ചങ്ങരംകുളം പോലീസ് ഇയാളെ കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു.
ചങ്ങരംകുളം ഇൻസ്പെക്ടർ ബഷീർ ചിറക്കൽ, എസ്.ഐ.മാരായ വിജിത്, ആന്റോ ഫ്രാൻസിസ്, ഹരിഹരസൂനു, വിജയൻ, എസ്.സി.പി. ഓമാരായ രാജേഷ്, ഷിജു, ശ്രീകുമാർ എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് അറസ്റ്റുചെയ്തത്. തെളിവെടുപ്പിനുശേഷം പൊന്നാനി കോടതിയിൽ ഹാജരാക്കും