സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്ക് ഒരുങ്ങി രാജ്യം,പുതിയ വികസനപദ്ധതികൾ പ്രധാനമന്ത്രി നാളെ പ്രഖ്യാപിച്ചേക്കും
75ആം സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്ക് ഒരുങ്ങി രാജ്യം. പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ചെങ്കോട്ടയിൽ പതാക ഉയർത്തും. സ്വാതന്ത്ര്യദിനാഘോഷത്തിൻറെ ഭാഗമായി രാജ്യതലസ്ഥാനത്ത് സുരക്ഷ ശക്തമാക്കി. പുതിയ വികസനപദ്ധതികൾ നാളെ പ്രധാനമന്ത്രി പ്രഖ്യാപിച്ചേക്കും. സ്വാതന്ത്ര്യദിനാഘോഷങ്ങൾക്കുള്ള തയ്യാറെടുപ്പ് ചെങ്കോട്ടയിൽ പൂർത്തിയായി. നാളെ രാവിലെ 7.30 ന് പ്രധാനമന്ത്രി ചെങ്കോട്ടയിൽ പതാക ഉയർത്തും.പതാക ഉയർത്തുന്ന സമയത്ത് ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച അഡ്വാൻസ്ഡ് ടൌഡ് ആർടിലറി ഗൺ സിസ്റ്റം ഉപയോഗിച്ചാകും ഇരുപത്തിയൊന്ന് ആചാര വെടി മുഴക്കുക. ആദ്യമായാണ് സ്വാതന്ത്ര്യ ദിനത്തിൽ ഗൺ സല്യൂട്ടിന് തദ്ദേശീയമായി വികസിപ്പിച്ച സംവിധാനം ഉപയോഗിക്കുന്നത്
7000 അതിഥികളെയാണ് ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിന ആഘോഷത്തിന് ക്ഷണിച്ചിരിക്കുന്നത്. ഇതിൽ കൊവിഡ് മുന്നണി പോരാളികളും , മോർച്ചറി ജീവനക്കാരും, വഴിയോര കച്ചവടക്കാരും ഉൾപ്പെടുന്നു. വിവിധ സംസ്ഥാനങ്ങളിലെ എൻസിസി കോഡറ്റുമാരും ചെങ്കോട്ടയിലെ ചടങ്ങുകൾക്ക് സാക്ഷിയാകും.