MALAPPURAM

സുഹൃത്തിനൊപ്പം പുഴ നീന്തിക്കടക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് അപകടം; കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

മലപ്പുറം: സുഹൃത്തിനോടൊപ്പം പുഴ നീന്തിക്കടക്കുന്നതിനിടെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ആനക്കയം പുഴയിൽ പാറക്കടവ് ഭാഗത്ത് പുഴ നീന്തിക്കടക്കുന്നതിനിടെ മുങ്ങിപോയ കോഴിക്കോട് തിരുവണ്ണൂർ തയ്യിൽ ഹിൽത്താസിന്റെ മൃതദേഹമാണ് ഇന്ന് രാവിലെ ആറ് മണിയോടെ ദുരന്തനിവാരണ സേന മുങ്ങിയെടുത്തത്. താലൂക്ക് ദുരന്തനിവാരണ സേന അംഗമായ വെട്ടുപാറ ജലീൽ ചീഫ് കോഡിനേറ്റർ ഉമറലി ശിഹാബ്, വട്ടപ്പാറ കുഞ്ഞാപ്പു, സൈതലവി കരിപ്പൂർ, ഖലീൽ പള്ളിക്കൽ, അഷ്റഫ് മുതുവല്ലൂർ, ഫൈസൽ മുണ്ടക്കുളം വാസു കോട്ടാശേരി, എന്നിവരാണ് തിരച്ചിലിനെത്തിയത്.

ഇന്നലെ വൈകിട്ട് ആറ് മണിയോടെ സുഹൃത്തിനൊപ്പം നീന്തുന്നതിനിടെയാണ് ആനക്കയം പുള്ളിയിലങ്ങാടി പാറക്കടവിൽ ഒരാളെ കാണാതായത്. മറ്റൊരാൾ നീന്തി രക്ഷപ്പെട്ടു. കോഴിക്കോട് തിരുവണ്ണൂർ സ്വദേശി തയ്യിൽ ഹിൽത്താസിനെയാണ് (35) കാണാതായത്. എടവണ്ണ സ്വദേശി വളാപറമ്പിൽ അബ്ദുൽ ജഷീലാണ് (27) രക്ഷപ്പെട്ടത്. ഇന്നലെ വൈകിട്ട് അഞ്ചോടെയാണ് ഇരുവരും കുളിക്കാനായി കടവിലെത്തിയത്. പുഴയുടെ മറുകരയിലേക്ക് ഒന്നിച്ച് നീന്തുന്നതിനിടെ പുഴയ്ക്ക് നടുവിൽ വെച്ച് ഒഴുക്കിൽപ്പെടുകയായിരുന്നു.

കടവിൽ കുളിക്കാനെത്തിയ സ്ത്രീ ബഹളം വെച്ചതോടെയാണ് നാട്ടുകാർ സംഭമറിഞ്ഞത്. നാട്ടുകാരും അഗ്‌നിശമന സേനയും ആദ്യം തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. രണ്ടാൾ ഉയരത്തിൽ വെള്ളവും ശക്തമായ ഒഴുക്കുമുള്ള സ്ഥലമാണിവിടെ. സംഭവമറിഞ്ഞ് നിരവധി പേരാണ് തടിച്ചുകൂടിയത്. മുങ്ങൽ വിദഗ്ധരും ട്രോമാകെയർ, സിവിൽ ഡിഫൻസ് അംഗങ്ങളും സ്ഥലത്തെത്തിയിരുന്നു. മഞ്ചേരി, മലപ്പുറം യൂണിറ്റിലെ അഗ്‌നിശമന സേനാംഗങ്ങളും കടവിലെത്തി രക്ഷാപ്രവർത്തനം നടത്തി. രാത്രി ഒമ്പതോടെ തെരച്ചിൽ അവസാനിപ്പിച്ചിരുന്നു. തുടർന്ന് ഇന്ന് രാവിലെയാണ് തെരച്ചിൽ പുനഃരാരംഭിച്ചത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button