സന്തോഷ് ട്രോഫി ഫൈനൽ കേരളം ബംഗാൾ പോരാട്ടം
മഞ്ചേരി: സന്തോഷ് ട്രോഫി ഫുട്‌ബോളിൽ ഇത്തവണ കേരളം – ബംഗാൾ ഫൈനൽ. രണ്ടാം സെമിയില്‍ മണിപ്പുരിനെ പരാജയപ്പെടുത്തിയാണ് ബംഗാള്‍ ഫൈനലില്‍ കടന്നത്. എതിരില്ലാത്ത മൂന്ന് ഗോളിനായിരുന്നു ബംഗാളിന്റെ ജയം. 46–ാം തവണയാണ് ബംഗാള്‍ സന്തോഷ് ട്രോഫി ഫൈനലില്‍ എത്തുന്നത്. അതില്‍ 32 തവണ അവർ ചാംപ്യന്മാരായി. മേയ് രണ്ടിനാണ്‌കേരളം – ബംഗാൾ കലാശപ്പോരാട്ടം. രാത്രി എട്ടു മണിക്ക് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലാണ് മത്സരം
.
സന്തോഷ് ട്രോഫി ഫൈനലിൽ കേരളവും ബംഗാളും നേര്‍ക്കുനേര്‍ വരുന്നത് ഇത് നാലാം തവണയാണ്. 1989, 1994 വര്‍ഷങ്ങളിലെ ഫൈനലില്‍ ബംഗാളിനായിരുന്നു വിജയം. അവസാനമായി കേരളവും ബംഗാളും തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ കേരളത്തിനായിരുന്നു വിജയം. 2018ലെ സന്തോഷ് ട്രോഫി ഫൈനലില്‍ സ്വന്തം മൈതാനത്തുവച്ച് പെനല്‍റ്റി ഷൂട്ടൗട്ടില്‍ ബംഗാളിനെ പരാജയപ്പെടുത്തിയാണ് കേരളം കിരീടം ചൂടിയത്. നിലവിലെ കേരളാ ഗോൾകീപ്പര്‍ മിഥുനാണ് അന്ന് കേരളത്തിന്റെ രക്ഷകനായത്.
ആദ്യ ഇലവനില്‍ ഒരു മാറ്റവുമായിട്ടാണ് ബംഗാള്‍ മണിപ്പുരിനെതിരെ സെമി പോരാട്ടത്തിന് ഇറങ്ങിയത്. 2–ാം മിനിറ്റില്‍ത്തന്നെ ബംഗാള്‍ ലീഡെടുത്തു. ബോക്‌സിന്റെ വലതു കോര്‍ണറില്‍നിന്ന് സുജിത് സിങ് ഗോള്‍ പോസ്റ്റ് ലക്ഷ്യമാക്കി എടുത്ത കിക്ക് മണിപ്പുര്‍ ഗോള്‍കീപ്പറുടെ തൊട്ടുമുന്നില്‍ പിച്ച് ചെയ്ത് ഗോളായി മാറി. 7–ാം മിനിറ്റില്‍ ബംഗാള്‍ ലീഡ് രണ്ടാക്കി ഉയര്‍ത്തി. ഇടതുവിങ്ങില്‍നിന്ന് ബോക്‌സിലേക്ക് ഉയര്‍ത്തി നല്‍കിയ പന്ത് മണിപ്പുര്‍ ഗോള്‍കീപ്പറും പ്രതിരോധ താരങ്ങളും തട്ടി അകറ്റാന്‍ ശ്രമിക്കവെ ബോക്‌സിന് തൊട്ടുമുന്നിലായി നിലയുറപ്പിച്ച ഫര്‍ദിന്‍ അലി മൊല്ലയ്ക്ക് ലഭിച്ചു. ഒരു പ്രതിരോധ താരത്തെ കബളിപ്പിച്ച് ഗോളാക്കി മാറ്റി.
32–ാം മിനിറ്റില്‍ മണിപ്പുരിന് അവസരം ലഭിച്ചു. ഉയർന്നു വന്ന കോര്‍ണര്‍ കിക്ക് സുധീര്‍ ലൈതോജം ആദ്യം ഹെഡ് ചെയ്‌തെങ്കിലും ബംഗാള്‍ ഗോള്‍കീപ്പര്‍ പ്രിയന്ത് കുമാര്‍ സിങ് തട്ടിയകറ്റി. തുടര്‍ന്നു ലഭിച്ച പന്ത് റോമന്‍ സിങ് രണ്ടു തവണ പോസ്റ്റിലേക്ക് അടിച്ചെങ്കിലും ഗോള്‍കീപ്പറും പ്രതിരോധ താരങ്ങളും ചേര്‍ന്ന് രക്ഷപ്പെടുത്തി. 41–ാം മിനിറ്റില്‍ മണിപ്പുരിന് വീണ്ടും അവസരം. ഇത്തവണ കോര്‍ണര്‍ കിക്ക് ബംഗാള്‍ ഗോള്‍കീപ്പര്‍ തട്ടിയകറ്റിയെങ്കിലും പന്ത് ലഭിച്ചത ജെനിഷ് സിങ്ങിന്. ഗോൾകീപ്പര്‍ ഇല്ലാത്ത പോസ്റ്റിലേക്ക് ജെനിഷ് പന്ത് തൊടുത്തെങ്കിലും ഓടിയെത്തിയ ഗോൾകീപ്പര്‍ തട്ടിയകറ്റി.
ആദ്യ പകുതിയിലെ പോരാട്ടവീര്യം രണ്ടാം പകുതിയുടെ തുടക്കത്തില്‍ കാണാനായില്ല. 60–ാം മിനിറ്റില്‍ മണിപ്പുരിന് അവസരം ലഭിച്ചു. വലതുവിങ്ങില്‍ നിന്ന് സോമിഷോന്‍ ഷിക് ബോക്‌സിലേക്ക് നല്‍കിയ ക്രോസ് സുധീര്‍ ലൈതോജം സിങ് നഷ്ടപ്പെടുത്തി. 66–ാം മിനിറ്റില്‍ മണിപ്പുര്‍ സ്‌ട്രൈക്കര്‍ സോമിഷോന്‍ ഷികിന് ലഭിച്ച അവസരം നഷ്ടമായി. 74–ാം മിനിറ്റില്‍ ബംഗാള്‍ ലീഡ് മൂന്നാക്കി ഉയര്‍ത്തി. ഇടതുവിങ്ങില്‍ നിന്ന് ദിലിപ് ഓര്‍വന്‍ അടിച്ച പന്ത് സെക്കൻഡ് പോസ്റ്റിലേക്ക് താഴ്ന്ന് ഇറങ്ങുകയായിരുന്നു.

