സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശന നടപടികൾക്ക് ഇന്ന് തുടക്കമാകും.
തിരുവനന്തപുരം : സംസ്ഥാനത്ത് ഈ അധ്യയന വർഷത്തെ പ്ലസ് വൺ പ്രവേശന നടപടികൾക്ക് ഇന്ന് തുടക്കമാകും. ഏകജാലക സംവിധാനം വഴി (Single Window System) വിദ്യാർഥികൾക്ക് ഇന്ന് മുതൽ ഓൺലൈനായി അപേക്ഷകൾ സമർപ്പിച്ചു തുടങ്ങാം. https://hscap.kerala.gov.in വഴിയാണ് അപേക്ഷിക്കേണ്ടത്. ഇതിനുള്ള വിജ്ഞാപനം ഇന്ന് രാവിലെ തന്നെ പുറത്തിറങ്ങും.
ഇത്തവണ എസ്.എസ്.എൽ.സി പരീക്ഷയെഴുതി ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയ 4,10,456 വിദ്യാർഥികളാണ് പ്രവേശനത്തിനായി കാത്തിരിക്കുന്നത്. എന്നാൽ, സംസ്ഥാനത്താകെ നിലവിൽ 3,60,844 പ്ലസ് വൺ സീറ്റുകൾ മാത്രമാണ് ലഭ്യമായിട്ടുള്ളത്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി, അലോട്ട്മെന്റ് സമയക്രമം എന്നിവ സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ വിദ്യാഭ്യാസ വകുപ്പ് പിന്നീട് വ്യക്തമാക്കും.
അധിക സീറ്റുകൾ അലോട്ട്മെന്റിന് ശേഷം മാത്രം
കഴിഞ്ഞ വർഷം സംസ്ഥാനത്ത് അരലക്ഷത്തിലധികം പ്ലസ് വൺ സീറ്റുകൾ ഒഴിഞ്ഞുകിടന്നിരുന്നു. ഈ പശ്ചാത്തലത്തിൽ, ഇത്തവണത്തെ ആദ്യഘട്ട അലോട്ട്മെന്റ് നടപടികൾ കൃത്യമായി വിലയിരുത്തിയതിന് ശേഷം മാത്രമേ അധിക സീറ്റുകൾ അനുവദിക്കുന്ന കാര്യത്തിൽ സർക്കാർ അന്തിമ തീരുമാനമെടുക്കൂ. താലൂക്ക് അടിസ്ഥാനത്തിലുള്ള സീറ്റ് ദൗർലഭ്യം പരിഹരിക്കാൻ ആവശ്യാനുസരണം നടപടികളുണ്ടാകുമെന്നാണ് സൂചന.