മൊബൈൽ ഫോൺ വാങ്ങിവച്ചതിന് ആത്മഹത്യയ്ക്ക് ശ്രമിച്ച 17-കാരിക്ക് രക്ഷകരായി പൊലീസ്; സിപിആർ നൽകി ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചു
ചടയമംഗലം (കൊല്ലം): വീട്ടുകാർ മൊബൈൽ ഫോൺ വാങ്ങിവച്ചതിൽ മനംനൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച പതിനേഴുകാരിയെ സമയോചിതമായ ഇടപെടലിലൂടെ രക്ഷിച്ച് ചടയമംഗലം പോലീസ്. മുറിക്കുള്ളിൽ അബോധാവസ്ഥയിലായ പെൺകുട്ടിക്ക് കൃത്യസമയത്ത് പ്രാഥമിക ജീവൻരക്ഷാ മാർഗ്ഗമായ സിപിആർ (CPR) നൽകിയാണ് പൊലീസ് സംഘം ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്.ചടയമംഗലം പൊലീസ് സ്റ്റേഷനിലെ എസ്.ഐ. മനോജ്, ഹോം ഗാർഡ് ജ്യോതി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഫോൺ മാറ്റിവെച്ചതിനെ തുടർന്ന് പെൺകുട്ടി മുറിയിൽ കയറി ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു. വിവരമറിഞ്ഞ് മിനിറ്റുകൾക്കകം സ്ഥലത്തെത്തിയ പൊലീസ്, ശ്വാസമെടുക്കാൻ ബുദ്ധിമുട്ടിയ കുട്ടിയുടെ അവസ്ഥ മനസ്സിലാക്കി ഉടൻതന്നെ സിപിആർ നൽകുകയായിരുന്നു. തുടർന്ന് അടിയന്തര വൈദ്യസഹായത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടി നിലവിൽ അപകടനില തരണം ചെയ്ത് സുഖം പ്രാപിച്ചു വരുന്നു.