EDAPPAL

എടപ്പാളിന്റെ സ്വന്തം ഭായിക്ക് യാത്രാമൊഴി നേർന്ന് പ്രവാസലോകം

എടപ്പാളുകാരുടെ സ്വന്തം ലിയാക്കത്ത് ഭായിക്ക് അനുശോചനങ്ങൾ നേർന്ന് പ്രവാസ ലോകം. എടപ്പാളുകാരുടെ പ്രവാസി കൂട്ടായ്മയായ ഇടപ്പാളയത്തിന്റെ യു എ ഇ ചാപ്ടറാണ് അനുസ്മരണ യോഗം ഓൺലൈനായി സംഘടിപ്പിച്ചത്.എടപ്പാളിന്റെ സാംസ്‌കാരിക-കായിക രംഗങ്ങളിൽ നിത്യ സാന്നിധ്യമായിരുന്ന ഭായിയെ ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള നാട്ടുകാർ അനുസ്മരിച്ചു.
സൗഹൃദങ്ങൾ കൊണ്ട് സമ്പന്നമായ ജീവിതമായിരുന്നു ഭായിയുടേതെന്ന് വിളിച്ചോതുന്നതായി അനുസ്മരണം.എടപ്പാളിൽ ഇത്രയും പൊതുസമ്മതനായ മറ്റൊരാൾ ജീവിച്ചിരുന്നില്ല എന്ന് റഫീഖ് എടപ്പാൾ അഭിപ്രായപ്പെട്ടു.

എടപ്പാളിന്റെ പരിസരത്തിൽ സാംസ്‌കാരിക ഇടങ്ങളിലൊക്കെയും ഭായ് തന്റെ ഇടപെടൽ കൊണ്ട് സാന്നിധ്യം അറിയിച്ചിട്ടുണ്ടെന്ന് സുമേഷ് ഐശ്വര്യ പറഞ്ഞു. യാസ്‌പോയുടെ പ്രവർത്തനങ്ങളിൽ ഭായ് കൃത്യമായ അഭിപ്രായങ്ങൾ പങ്കുവെക്കാറുണ്ടെന്ന് അദ്ദേഹം ഓർത്തെടുത്തു.

ഇടപഴകിയ ഓരോരുത്തർക്കും ഏറ്റവും അടുപ്പം അവരോടായിരുന്നു എന്ന തോന്നലാണുണ്ടാക്കിയിരുന്നതെന്ന് അഡ്വ ഷഹീൻ ബക്കർ അനുസ്മരിച്ചു.അദ്ദേഹം ജീവിതത്തിലുടനീളം കാത്തുസൂക്ഷിച്ച മാനവികതയും സഹോദര്യവും ഏറ്റുപിടിക്കുക എന്നതായിരിക്കും നമുക്ക് അദ്ദേഹത്തോട് ചെയ്യാൻ കഴിയുന്ന വലിയ കാര്യമെന്ന് ഷഹീൻ കൂട്ടിച്ചേർത്തു.

ഞങ്ങളുടെ കുടുംബത്തിലെ ഓരോ കുട്ടികളുടെയും സുഹൃത്തായിരുന്നു ഭായ് എന്ന് ഭായിയുടെ സഹോദരന്റെ മകൻ കൂടിയായ നിസ്തർ പറഞ്ഞു.ഗൾഫ് ഗേറ്റ് ടീം അംഗങ്ങൾ മുഴുവൻ പേരും ഷാർജ യൂണിവേഴ്സിറ്റി ക്രിക്കറ്റ്‌ ഗ്രൗണ്ടിൽ നിന്നും അനുശോചനയോഗത്തിൽ പങ്കെടുത്തു. തങ്ങളുടെ ടീം കെട്ടിപ്പടുക്കുന്നതിൽ ഭായിയുടെ പങ്ക് വളരെ വലുതാണെന്ന് ക്യാപ്റ്റൻ റചിൻ പറഞ്ഞു.അതുകൊണ്ട് തന്നെ ഗൾഫ് ഗേറ്റിന്റെ ആദ്യ കിരീടനേട്ടം ഭായിയുടെ സാന്നിധ്യത്തിൽ ആവണമെന്ന് നിർബന്ധമുണ്ടായിരുന്നു. അത് സാക്ഷാൽക്കരിക്കാൻ ഞങ്ങൾക്കായെന്ന് റചിൻ അഭിമാനത്തോടെ ഓർത്തെടുത്തു.ഷാജി പൂക്കരത്തറ, നൗഷാദ്, ഷമീം, അസീസ് കെ പി , അഫ്സൽ തുടങ്ങിയവർ കൂടെയുണ്ടായിരുന്നു.

എടപ്പാളിലെ ഓരോ അനീതിക്കെതിരെയും തർക്കിച്ചു കൊണ്ടിരിക്കുകയായിരുന്നു ഭായ് എന്ന് നൗഷാദ് കല്ലംപുള്ളി പറഞ്ഞു. അദ്ദേഹത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെയും ഇടപെടലുകളിലൂടെയും അത് നിരന്തരം നമുക്ക് കാണാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.പ്രളയസമയത്ത് ഇടപ്പാളയത്തിന്റെ പ്രവർത്തനങ്ങളിൽ സജീവമായ ഭായിയോടൊപ്പമുള്ള അനുഭവങ്ങൾ ഷറഫ് സി വി പങ്കുവെച്ചു.

എടപ്പാൾ ഹയർ സെക്കന്ററി സ്കൂളിന്റെയും ഗ്രൗണ്ടിന്റെയും വിഷയങ്ങളിൽ അതീവ ശ്രദ്ധ പുലർത്തിയിരുന്ന ഭായ് ഇതിനെക്കുറിച്ച് എപ്പോഴും സംസാരിച്ചിരുന്നുന്നതായി തെൽഹത് ഫോറം അനുസ്മരിച്ചു. ഒട്ടേറെ ഓർമ്മകൾ ഭായിയുമായി ഉണ്ടായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.

കോളേജ് നടത്തിയിരുന്ന കാലത്തെ ഓർമകളാണ് സുരേഷ് മാഷ് പങ്കുവച്ചത്. എന്തൊരു പ്രശ്നം ഉണ്ടായാലും ആദ്യം വിളിച്ചിരുന്നത് ഭായിയെയാണ്. കുട്ടികൾക്ക് ക്ലാസ്സ്‌ എടുക്കാനും കോളേജിന്റെ കലാപരിപാടികളിലും

ഭായ് ഉണ്ടായിട്ടുണ്ട്. ഖലീജ് ടൈംസിൽ പ്രവർത്തിച്ചിരുന്ന കാലത്തെ അനുഭവങ്ങൾ പങ്കുവച്ച് തന്റെ മാധ്യമപ്രവർത്തനത്തിന് വലിയ ഊർജ്ജം പകർന്നിട്ടുണ്ടെന്നും മാഷ് കൂട്ടിച്ചേർത്തു.

ഇടപ്പാളയം ഗ്ലോബൽ സെക്രട്ടറി മോഹൻദാസ് കുവൈറ്റ്‌, നൗഷാദ് പി എസ്, അബൂബക്കർ മാങ്ങാട്ടൂർ, സജിൻ ടി വി, ഉദയകുമാർ തലമുണ്ട , ഫസലുറഹ്മാൻ, ജാഫർ പി വി, റഹീം തണ്ടിലം, റാഫി മറവഞ്ചേരി, ശിഹാബ് സി വി, ജംഷീർ സി, ഡോ. ബിസ്‌നി ഫഹദ്മോൻ, ഫസലുറഹ്മാൻ, ഹബീബ് റഹ്മാൻ കോലക്കാട്ട്, ഷബീർ ഓൾഡ് ബ്ലോക്ക് എന്നിവരും സംസാരിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button