CHANGARAMKULAM

കടവല്ലൂരില്‍ കര്‍ഷകരുടെ ആശങ്കയ്ക്ക് വിരാമം; കൊള്ളഞ്ചേരി തോട് നവീകരണപ്രവൃത്തികള്‍ക്ക് തുടക്കമാകുന്നു

ചങ്ങരംകുളം: കടവല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ നെല്‍കൃഷി സംരക്ഷണവുമായി ബന്ധപ്പെട്ട കര്‍ഷകരുടെ ആശങ്കയ്ക്ക് വിരാമമാകുന്നു. നെല്‍കൃഷി സംരക്ഷിക്കാന്‍ തോട് നവീകരണമുള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാനൊരുങ്ങുകയാണ് പഞ്ചായത്ത്. പഞ്ചായത്ത് പരിധിയില്‍ വരുന്ന കൊള്ളഞ്ചേരി തോടിന്റെ നവീകരണ പ്രവൃത്തികള്‍ ആരംഭിക്കാനാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നത്. പഞ്ചായത്തിലെ ജലസംഭരണശേഷി വര്‍ദ്ധിപ്പിക്കാനും ഇതിലൂടെ സാധിക്കും. തോടിന്റെ സംരക്ഷണത്തിനാവശ്യമായ നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്ന് കടവല്ലൂര്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് പി ഐ രാജേന്ദ്രന്‍ അറിയിച്ചു.

വേനല്‍ക്കാലത്ത് കര്‍ഷകര്‍ക്ക് വലിയൊരു ആശ്വാസമാകുന്ന പദ്ധതിയ്ക്ക് തുടക്കം കുറിക്കുന്നതോടെ പ്രദേശത്തെ 500 ഏക്കറോളം വരുന്ന നെല്‍കൃഷിക്കും കര്‍ഷകര്‍ക്കും ഒരുപോലെ പുതുജീവന്‍ സമ്മാനിക്കും. നഗര സജ്ജീവ പദ്ധതി 2021-22 സാമ്പത്തിക വര്‍ഷത്തിലുള്‍പ്പെടുത്തി ഒന്നരക്കോടി രൂപയുടെ നവീകരണ പ്രവര്‍ത്തനങ്ങളാണ് കൊള്ളഞ്ചേരി തോട് സംരക്ഷണത്തിനു വേണ്ടി പ്രാവര്‍ത്തികമാക്കുക. ജില്ലാ പ്ലാനിംഗ് കമ്മീഷന്‍ നടത്തുന്ന പദ്ധതിയില്‍ ഒതളൂര്‍ ബണ്ട് മുതല്‍ തണത്തറ പാലം വരെ തോട് ആഴം കൂട്ടി സൈഡ് കെട്ടി സംരക്ഷിക്കുന്ന പ്രവര്‍ത്തനങ്ങള്‍ പുതിയ പദ്ധതിയിലൂടെ നടപ്പാക്കും. കൂടാതെ എസ് ജി ആര്‍ എഫ് പദ്ധതി പ്രകാരം 8, 90,000 രൂപയുടെയും 7, 12,000 രൂപയുടെയും പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.

വൈദ്യുതി കണക്ഷന്‍ ലഭ്യമാക്കുന്നതിനാവശ്യമായ സംവിധാനം ഏര്‍പ്പെടുത്താനും പരിഗണനയിലുണ്ട്. ഇതിന്റെ പ്രാരംഭ നടപടികള്‍ കൈക്കൊള്ളുന്നതിനായി ഫെബ്രുവരി 7ന് പഞ്ചായത്ത്തല യോഗം ചേരും. ബണ്ടില്‍ നിന്ന് വെള്ളം എടുക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനം കൈക്കൊള്ളുന്നതിന് വേണ്ടി പൊന്നാനി നിയോജകമണ്ഡലത്തിലെ എംഎല്‍എ നന്ദകുമാറുമായി ചര്‍ച്ച നടത്തുമെന്നും പ്രസിഡന്റ് വ്യക്തമാക്കി.

യോഗത്തില്‍ ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി വില്യംസ്, ജില്ലാ പഞ്ചായത്തംഗം പത്മ വേണുഗോപാല്‍, കടവല്ലൂര്‍ പഞ്ചായത്ത് സെക്രട്ടറി ഉല്ലാസ് കുമാര്‍, കര്‍ഷകസംഘം ജില്ലാ കമ്മിറ്റി അംഗം എം ബാലാജി, വിവിധ ജനപ്രതിനിധികള്‍, കെഎസ്ഇബി ഉദ്യോഗസ്ഥര്‍, കര്‍ഷകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button