മാലിന്യം തള്ളുന്നവർക്ക് തിരിച്ചടി:കടവല്ലൂർ പാടം ക്യാമറ നിരീക്ഷണത്തിൽ
പെരുമ്പിലാവ് :നാട്ടുകാരുടെ ഏറെനാളത്തെ പരാതികൾക്ക് പരിഹാരമായി ചൂണ്ടൽ കുറ്റിപ്പുറം സംസ്ഥാനപാതയിലെ തൃശൂർ മലപ്പുറം ജില്ലാ അതിർത്തിയായ കടവല്ലൂർ പാടത്ത് നിരീക്ഷണ ക്യാമറ സ്ഥാപിച്ചു.പാതയുടെ ഇരുവശങ്ങളിലും പാടത്തുമായി മാസങ്ങളോളമായി സെപ്റ്റിക് ടാങ്ക് മാലിന്യങ്ങൾ ഉൾപ്പെടെ തള്ളുന്നത് പതിവായിരുന്നു.പൂർണമായും സോളാർ സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ക്യാമറയാണ്
സ്ഥാപിച്ചിരിക്കുന്നത്.
ഇശൽ കൈമ റൈസ് എന്ന സ്ഥാപനമാണ് ക്യാമറ സ്പോൺസർ ചെയ്തിരിക്കുന്നത്.ക്യാമറ നിരീക്ഷണം നടത്തി മാലിന്യം തള്ളുന്നവരെ കണ്ടെത്തി ശക്തമായ നടപടിസ്വീകരിക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.ഐ രാജേന്ദ്രൻ, സെക്രട്ടറി ഉല്ലാസ് കുമാർ എന്നിവർ പറഞ്ഞു.കടവല്ലൂർ ഗ്രാമപഞ്ചായത്ത്,ആരോഗ്യവിഭാഗം, പോലീസ് എന്നിവർക്ക് പരാതി നൽകി യാതൊരുവിധ നടപടിയും സ്വീകരിക്കാത്തതിനെ തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ നാട്ടുകാരും കർഷകരും വൻ പ്രതിഷേധമാണ് ഉയർത്തിയത്. തുടർന്ന്
പഞ്ചായത്ത് അധികൃതർ സ്ഥലം സന്ദർശിക്കുകയും ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് അടിസ്ഥാനത്തിൽ
കഴിഞ്ഞദിവസം റോഡിന്റെ ഇരുവശങ്ങളിലെ പൊന്തക്കാടുകൾ വെട്ടി മാറ്റുകയും ചെയ്തിരുന്നു.