Local newsMALAPPURAMUncategorized

വിദേശത്തുപോയ മകന്റെ മരണവാർത്ത വീട്ടിലറിയുന്നത് ഒരുമാസത്തിനു ശേഷം

മഞ്ചേരി : വിദേശത്തു ജോലിക്കു പോയ യുവാവ് മരിച്ചത് വീട്ടുകാർ അറിയുന്നത് മരണം നടന്ന് ഒരു മാസത്തിനുശേഷം. എളങ്കൂർ പേലേപ്പുറം കല്ലേങ്ങര ആനന്ദന്റെ മകൻ അഭിനേഷ് (കുഞ്ഞുണ്ണി–27) ആണ് മരിച്ചത്. ജൂൺ 18നു മരിച്ച അഭിനേഷിന്റെ മൃതദേഹം ഇന്നലെ രാവിലെ നാട്ടിലെത്തിച്ചു സംസ്കരിച്ചു.ഒന്നര വർഷം മുൻപാണ് ദുബായിൽ ഫർണിച്ചർ കമ്പനിയിലേക്ക് ജോലിക്കു പോയത്. ജൂൺ 15ന് ആണ് അവസാനമായി വീട്ടിലേക്ക് വിളിച്ചതെന്നു പിതാവ് ആനന്ദൻ പറയുന്നു. പിന്നീട് അങ്ങോട്ടു വിളിച്ചതിനും വാട്സാപ് മുഖേന ശബ്ദ സന്ദേശം അയച്ചതിനും മറുപടി ലഭിച്ചില്ല. സ്പോ‍ൺസറുമായി ബന്ധപ്പെട്ടെങ്കിലും വിവരം ലഭിച്ചില്ല. പിന്നീട് കമ്പനിയിൽ ജോലി ചെയ്യുന്ന സ്പോൺസറുടെ ബന്ധുവിന്റെ വീട്ടിൽ പോയി അന്വേഷിച്ചപ്പോൾ അഭിനേഷ് അടിപിടിക്കേസിൽ പൊലീസ് കസ്റ്റഡിയിൽ ആണെന്നറിഞ്ഞു. അടിപിടിയിൽ പരുക്കേറ്റയാൾ ആശുപത്രിയിലാണെന്നും അയാളെ ഡിസ്ചാർജ് ചെയ്താലേ പൊലീസ് വിട്ടയയ്ക്കൂ എന്നാണ് വിവരം ലഭിച്ചതെന്നു ആനന്ദൻ പറഞ്ഞു. ജോലി സ്ഥലത്ത് താമസിക്കുന്ന മുറിയിൽ വച്ച് ചിലരുമായി പ്രശ്നങ്ങൾ ഉള്ളത് നേരത്തെ അഭിനേഷ് മാതാപിതാക്കളെ അറിയിച്ചിരുന്നു.

ഇതിനിടെ കാണാനില്ലെന്നും ഇതു സംബന്ധിച്ച് പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും വിവരം ലഭിച്ചു. അയൽവാസിയുടെ ബന്ധുവാണ് അഭിനേഷ് മരിച്ച വിവരം ജൂലൈ 18നു നാട്ടിൽ അറിയിക്കുന്നത്. കഴിഞ്ഞ വെള്ളി രാത്രി 10ന് മൃതദേഹം കോഴിക്കോട് വിമാനത്താവളത്തിലെത്തിച്ചു. മൃതദേഹത്തിനൊപ്പം ലഭിച്ച മരണ സർട്ടിഫിക്കറ്റിൽ ജൂൺ 18നു മരിച്ചെന്നും റോഡ് അപകടമാണ് മരണകാരണമെന്നും പറയുന്നു. മാതാവ്:ശ്രീദേവി. സഹോദരങ്ങൾ:അഖിനേഷ്, അഖിലേഷ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button