MALAPPURAM

മലപ്പുറത്ത് ബൈക്ക് മോഷണ സംഘം സജീവമാകുന്നു; സാക്ഷിയായി സിസിടിവി ഉണ്ടായിട്ടും പ്രതികളെ പിടികൂടാനാകുന്നില്ല

മലപ്പുറം: മതിലില്ലാത്ത വീട്ടുമുറ്റത്ത് നിർത്തിയിടുന്ന വാഹനങ്ങൾ മോഷ്ടിക്കുന്ന സംഘം സജീവമാകുന്നു.മിക്കവാറും മോഷണങ്ങളെല്ലാം പുലർച്ചെ ആണ് നടക്കുന്നത്. എല്ലായിടത്തും ‘സാക്ഷി’യായി സിസിടിവികൾ ഉണ്ടായിട്ടും പിടികൂടുന്ന കേസുകൾ ചുരുക്കം.
കുറച്ചു മാസങ്ങളായി മലപ്പുറം ജില്ലയിൽ മാത്രം ഒട്ടേറെ പരാതികളാണ് വിവിധ പൊലീസ് സ്റ്റേഷനുകളിൽ എത്തിയത്. ബുധനാഴ്ച മലപ്പുറം വടക്കേമണ്ണയിൽ വ്യാപാരിയുടെ ബൈക്ക് മോഷ്ടിച്ചത് തന്റെ സ്ഥാപനത്തിനു സമീപത്തു വച്ചാണ്. പുലർച്ചെ ഒന്നേമുക്കാലോടെയാണ് സംഭവം. 3 ചെറുപ്പക്കാർ വന്ന് വിദഗ്ധമായി വണ്ടി കടത്തിക്കൊണ്ടു പോകുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാം. മലപ്പുറം പൊലീസ് സ്റ്റേഷനു മുന്നിലൂടെയടക്കം ഈ വാഹനം കൊണ്ടു പോയിട്ടും ഇതുവരെ പ്രതികളെ പിടികിട്ടിയിട്ടില്ല.പിറ്റേദിവസം പുലർച്ചെ ഒന്നേമുക്കാലിന് സമാന രീതിയിൽ ബൈക്ക് നഷ്ടപ്പെട്ടത് 35 കിലോമീറ്റർ അകലെ അരീക്കോട് പത്തനാപുരത്തു വച്ചാണ്. ആ സമയത്ത് റോഡ് പണിയുടെ ഭാഗമായ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടായിരുന്നെങ്കിലും അവർക്കു മുന്നിലൂടെയാണ് കള്ളൻ കൂളായി വണ്ടിയും കൊണ്ടു പോയത്. ഇവിടെയും യുവാവാണ് തട്ടിയെടുത്തത്. ഈ വാഹനം പിറ്റേദിവസം കോഴിക്കോട് ജില്ലയിലെ മാവൂർ സ്റ്റേഷൻ പരിധിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഇന്ധനം തീർന്നതു കൊണ്ടാകാം ഇവിടെ ഉപേക്ഷിച്ചതെന്നാണ് കരുതുന്നത്. എന്നാൽ വണ്ടി കണ്ടെത്തിയതിന്റെ സമീപത്തെ മറ്റൊരു വീട്ടിലെ ബൈക്ക് അന്ന് രാത്രി കാണാതായെന്ന് വിവരമുണ്ട്. ആദ്യത്തെ വണ്ടി ഉപേക്ഷിച്ചയാൾ അവിടെ നിന്ന് മോഷ്ടിച്ച വണ്ടിയുമായി കടന്നു കളഞ്ഞതായാണ് സൂചന.
മഞ്ചേരിയിലും തിരൂരിലും മലപ്പുറത്തുമെല്ലാം സമാനമായ ബൈക്ക് മോഷണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രണ്ടാഴ്ച മുൻപ് തിരൂരിലെ ബാങ്കിനു സമീപത്തു നിന്ന് അവിടത്തെ ജീവനക്കാരന്റെ ബൈക്കുമായി കടന്ന 2 യുവാക്കളെ പിന്നീട് ആലപ്പുഴ ജില്ലയിൽ വച്ച് പിടികൂടി. പൊന്നാനി സ്വദേശികളായിരുന്നു പ്രതികൾ. തിരൂർ ആലത്തിയൂരിൽ നിന്ന് ബൈക്കുമായി കടന്നു കളഞ്ഞവർ ഇന്ധനം തീർന്നതിനെത്തുടർന്ന് മറ്റൊരിടത്തുപേക്ഷിക്കുകയും വേറൊരു ബൈക്ക് മോഷ്ടിച്ച് ‘യാത്ര’ തുടരുകയും ചെയ്ത സംഭവവുമുണ്ട്.

ഏറ്റവുമൊടുവിൽ ശനിയാഴ്ച പകൽ ചങ്ങരംകുളത്തു നിന്ന് മോഷണം പോയത് ലോഡ് അടക്കമുള്ള പിക്കപ്പ് ലോറിയാണ്. പ്രമുഖ മൊബൈൽ കമ്പനിയുടെ ടവർ നിർമാണത്തിനുള്ള ഉപകരണങ്ങളുമായി പോയ ആലുവയിലെ ലോജിസ്റ്റിക്സ് കമ്പനിയുടെ വണ്ടിയാണ് ഡ്രൈവറും ചങ്ങരംകുളം കാളാച്ചാൽ സ്വദേശിയുമായ യുവാവിന്റെ വീട്ടുമുറ്റത്തു നിന്ന് ‘പൊക്കിയത്’. അതും പുലർച്ചെ ഒന്നേമുക്കാലോടെയായിരുന്നു. ഡ്രൈവർ യാത്രയ്ക്കിടെ വീട്ടിൽ രാത്രി താമസിച്ച് പുലർച്ചെ പോകാനിരിക്കുകയായിരുന്നു.
നഷ്ടപ്പെട്ടവ അധികവും പഴയ മോഡൽ വാഹനങ്ങളാണ്. കൂടുതലും സാധാരണക്കാരുടേത്. ഈ വണ്ടിയൊക്കെ ആരു കൊണ്ടുപോകാനാണ് എന്ന മട്ടിൽ അലക്ഷ്യമായി വീട്ടുമുറ്റത്തു ബൈക്ക് നിർത്തുന്നവർക്ക് കൃത്യമായ ജാഗ്രതാ നിർദേശം നൽകുന്നതാണ് ഇത്തരം വാർത്തകൾ. പലരുടെയും ജീവിതമാർഗത്തിന്റെ ഭാഗം കൂടിയായിരിക്കും ഇത്തരം ബൈക്കുകളെന്നതിനാൽ വിലയേക്കാൾ മൂല്യമുണ്ടാകും ഇവയ്ക്ക്. പലപ്പോഴും കുറഞ്ഞ വിലയുടെ പേരിൽ പൊലീസും കാര്യമായി അന്വേഷണം നടത്താറില്ലെന്ന പരാതിയുമുണ്ട്.

താക്കോൽ ഇല്ലെങ്കിലും ബൈക്ക് സ്റ്റാർട്ടാക്കാവുന്ന വിവിധ മാർഗങ്ങൾ ഉപയോഗിച്ചാണ് ഇവ തട്ടിയെടുക്കുന്നത്. നിർത്തിയിട്ടിടത്തു നിന്ന് ശബ്ദമുണ്ടാക്കാതെ തള്ളിക്കൊണ്ടു പോയി റോഡിലും മറ്റും വച്ചാണ് സ്റ്റാർട്ട് ചെയ്യുന്നത്. ഇതുമൂലം മോഷണസമയത്ത് വീട്ടുകാരുടെയും മറ്റും ശ്രദ്ധയിൽപ്പെടുന്നുമില്ല.

ബൈക്കുകൾ കൃത്യമായി നോട്ടമിട്ട് എങ്ങാട്ടാണ് കടത്തുന്നതെന്ന കാര്യത്തിൽ ഇതുവരെ വ്യക്തതയില്ല. ലഹരി സംഘങ്ങൾ താൽക്കാലിക ആവശ്യത്തിന് ഉപയോഗിച്ച് ഉപേക്ഷിക്കാനുള്ളതാകാം എന്നാണ് പൊലീസ് നൽകുന്ന സൂചന. മറ്റു കുറ്റകൃത്യങ്ങൾക്കും ഉപയോഗിച്ചേക്കാം. സിസിടിവി ദൃശ്യങ്ങളിൽ അധികവും കണ്ടത് പ്രായപൂർത്തിയാകാത്തവരോ ചെറുപ്പക്കാരോ ആണ് കൊണ്ടു പോകുന്നതെന്നാണ്. പൊളിച്ചു വിൽക്കുന്ന കേന്ദ്രങ്ങൾക്കു വേണ്ടിയാണോയെന്ന സംശയവുമുണ്ട്.

പഴയ മോഡൽ വാഹനങ്ങൾ നോക്കി മോഷ്ടിക്കുന്നതിന് മറ്റെന്തെങ്കിലും തന്ത്രമുണ്ടോയെന്നതും വ്യക്തമല്ല. മൈലേജ് കൂടുതലുള്ള ഇത്തരം വാഹനങ്ങൾ കടത്തുന്നത് ഇന്ധന വില കൂടിയ സന്ദർഭങ്ങളിൽ കൂടുതൽ ആവശ്യക്കാരുള്ളതു കൊണ്ട് മറിച്ചു വിൽക്കാനാണോ എന്ന സംശയവുമുണ്ട്.

തിരൂരിൽ നിന്ന് കൊണ്ടു പോയ ബൈക്കുമായി ആലപ്പുഴയിൽ പിടികൂടിയ യുവാക്കൾ തിരുവനന്തപുരം ലക്ഷ്യമാക്കിയാണ് പോയതെന്ന വിവരമുണ്ട്. പൊളിച്ചു വിൽക്കൽ സംഘത്തിനു നൽകാനാകാം കൊണ്ടുപോയതെന്ന് സൂചനയുണ്ട്. എന്തായിരുന്നാലും ബൈക്കുകൾ നിർത്തിയിടുമ്പോൾ കൂടുതൽ ശ്രദ്ധിക്കുന്നത് നന്നായിരിക്കുമെന്നാണ് ഇത്തരം മോഷണങ്ങളിൽ നിന്ന് ലഭിക്കുന്ന സൂചന. കല്യാണത്തിന് പോയ ഓഡിറ്റോറിയത്തിന്റെ മുറ്റത്തു നിന്നടക്കം ബൈക്കുകൾ ഇത്തരത്തിൽ മോഷ്ടിക്കപ്പെട്ടിട്ടുള്ളതിനാൽ താൽക്കാലികമായി നിർത്തിയിടുമ്പോഴും സൂക്ഷിക്കുക. താക്കോൽ പോലും എടുത്തു മാറ്റാതെ പോകുന്നവരുണ്ടെന്നും പൊലീസ് പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button