കല്യാണം പിന്നെയും കൂടാം; ജീവരക്തംതന്നെ വലുത്.
പെരിന്തൽമണ്ണ: കല്യാണം കൂടാനൊരുങ്ങി പുറപ്പെട്ടപ്പോഴാണ് വർക്ക്‌ഷോപ്പ് ജീവനക്കാരനായ വിജയന് ഫോൺ വിളിയെത്തിയത്. പെരിന്തൽമണ്ണയിൽനിന്ന് പൊന്നാനിയിലേക്ക് രക്തദാന ക്യാമ്പിലേക്കുള്ള അവശ്യസാധനങ്ങളുമായി പോകുന്ന വാഹനം അങ്ങാടിപ്പുറം വൈലോങ്ങരയിൽ കേടായെന്നും സഹായിക്കണമെന്നുമായിരുന്നു വിളി.
ഞായറാഴ്ചയായതിനാൽ മെക്കാനിക്കുകളെയാരെയും കിട്ടിയില്ലെന്നും പറഞ്ഞു. കേട്ടയുടൻ മറ്റൊന്നുമാലോചിക്കാതെ വിജയൻ കല്യാണത്തിനൊരുങ്ങിയ വേഷത്തിൽതന്നെ പുറപ്പെട്ടു. വൈലോങ്ങരയിലെത്തി സമീപത്തെ വർക്ക്‌ഷോപ്പിൽനിന്ന് സ്പാനറും മറ്റ് ഉപകരണങ്ങളും സംഘടിപ്പിച്ചു. ബ്രേക്ക് കുടുങ്ങിയതായിരുന്നു തകരാർ. മുക്കാൽമണിക്കൂറോളം നീണ്ട പ്രയത്‌നത്തിനൊടുവിൽ വാഹനത്തിന്റെ കേടുപാടുകൾ തീർത്ത് യാത്രയാക്കി. തുടർന്ന് കല്യാണത്തിലും പങ്കെടുത്തു. ഞായറാഴ്ച രാവിലെ പത്തരയോടെയാണ് വാഹനം കേടുവന്നത്.
രക്തദാനത്തിനാവശ്യമായ കിറ്റുകളും രക്തം ശേഖരിച്ചശേഷം സുരക്ഷിതമായി രക്തബാങ്കിലെത്തിക്കാനുള്ള സംവിധാനങ്ങളുമുള്ളതായിരുന്നു വാഹനം. ക്യാമ്പിൽ ശേഖരിക്കുന്ന രക്തം കൊണ്ടുവരാൻ മറ്റൊരു വാഹനത്തിലും സാധിക്കുമായിരുന്നില്ല.
ഈ നിസ്സഹായാവസ്ഥയിലാണ് വാൻ ഡ്രൈവർ സത്യൻ ബ്ലഡ് ഡോണേഴ്‌സ് കേരളയുടെ ജില്ലാ ഭാരവാഹിയും വർക്ക്‌ഷോപ്പ് അസോസിയേഷൻ പെരിന്തൽമണ്ണ യൂണിറ്റ് പ്രസിഡന്റുമായ കെ. ജയകൃഷ്ണനെ ബന്ധപ്പെടുന്നത്.
ജയകൃഷ്ണനാണ് അസോസിയേഷൻ യൂണിറ്റ് സെക്രട്ടറിയായ വിജയനെ വിളിച്ചത്. വാഹനത്തിന്റെ ഷോറൂമിലും പരിചയത്തിലുള്ള മെക്കാനിക്കുകളെയും വിളിച്ചെങ്കിലും ആരെയും ലഭ്യമായില്ല. ഈ വാഹനംതന്നെ പൊന്നാനിയിലെത്തേണ്ട അടിയന്തര സാഹചര്യം മനസ്സിലാക്കിയ വിജയൻ ഓടിയെത്തുകയായിരുന്നു.
മറ്റ് തിരക്കുകളേക്കാൾ വലുത് ജീവരക്തം എത്തിക്കൽതന്നെയല്ലേയെന്ന് ചോദിക്കുന്ന വിജയൻ ചെയ്ത ജോലിയുടെ പ്രതിഫലവും വാങ്ങാതെയാണ് തന്റെ സാമൂഹികപ്രതിബദ്ധത വെളിവാക്കിയത്.
ചെരക്കാപറമ്പ് ആശാരിപ്പടിയിലെ ഒഴൂർ വീട്ടിലെ ഈ 61-കാരൻ 40 വർഷത്തോളമായി പെരിന്തൽമണ്ണ ജൂബിലി റോഡിൽ വർക്ക്‌ഷോപ്പ് നടത്തുന്നു.