മത്സ്യത്തൊഴിലാളികൾക്ക് ആശ്വാസമായി ‘പുനർഗേഹം’ പദ്ധതി; സുരക്ഷിത ഭവനങ്ങളിലേക്ക് മാറിയത് 108 കുടുംബങ്ങൾ
പൊന്നാനി: എപ്പോൾ വേണമെങ്കിലും കുടിലുകൾ കടലെടുക്കുമെന്ന ഭീതിയിലും ആശങ്കയിലും കഴിഞ്ഞിരുന്ന മത്സ്യത്തൊഴിലാളികൾക്ക് ആശ്വാസമേകുന്നതായി പുനർഗേഹം പദ്ധതി. മത്സ്യത്തൊഴിലാളി കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് പുനരധിവസിപ്പിക്കാനായി സംസ്ഥാന സർക്കാർ ഫിഷറീസ് വകുപ്പ് മുഖേന നടപ്പാക്കിയ ‘പുനർഗേഹം’ പദ്ധതിയിലൂടെ പൊന്നാനിയിൽ മാത്രം 12.80 കോടി രൂപ വിനിയോഗിച്ച് 128 സുരക്ഷിത സ്നേഹഭവനങ്ങളാണ് നിർമിച്ചു നൽകിയത്.
രണ്ട് ബെഡ് റൂം, ലിവിങ് റൂം, അടുക്കള, ഡൈനിങ് ഹാൾ, ബാത്ത് റൂം എന്നീ സൗകര്യങ്ങളാണ് ഓരോ ഫ്ളാറ്റിലുമുള്ളത്. കുട്ടികൾക്ക് പഠിക്കാനും മത്സ്യത്തൊഴിലാളികൾക്ക് മത്സ്യബന്ധന ഉപകരണങ്ങൾ സൂക്ഷിക്കാനും സൗകര്യമുണ്ട്. പൊന്നാനി ഹാർബർ പ്രദേശത്തെ രണ്ടേക്കറിൽ 16 ബ്ലോക്കുകളിലായി 530 സ്ക്വയർ ഫീറ്റിലാണ് ഫ്ളാറ്റ് സമുച്ചയം. ജില്ലാ തല അപ്രൂവൽ കമ്മിറ്റി അംഗീകരിച്ച 108 കുടുംബങ്ങളാണ് നിലവിൽ പുനർഗേഹം പദ്ധതിപ്രകാരം പണിത പുതിയ ഭവനങ്ങളിലേക്ക് താമസം മാറിയിട്ടുള്ളത്. ബന്ധപ്പെട്ട രേഖകൾ സമർപ്പിക്കുന്നതോടെ മറ്റുള്ളവർക്ക് ഭവനങ്ങളുടെ താക്കോൽ കൈമാറും.
തീരദേശത്ത് സർവേ നടത്തി വേലിയേറ്റ രേഖയിൽനിന്ന് 50 മീറ്ററിനുള്ളിൽ താമസിക്കുന്നവരെ കണ്ടെത്തി ഗുണഭോക്തൃപ്പട്ടികയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കിയത്. നിറമരുതൂരിൽ ഭവനനിർമാണം വിവിധ ഘട്ടങ്ങളിലാണ്. പുനർഗേഹം പദ്ധതിയിൽ ഉൾപ്പെടുത്തി പൊന്നാനിയിൽ 13.35 കോടി രൂപ ചെലവിൽ 100 ഫ്ളാറ്റുകൾ കൂടി നിർമിക്കാൻ പദ്ധതിയുണ്ട്. നിറമരുതൂർ പഞ്ചായത്തിലെ ഉണ്ണ്യാലിൽ 1.99 ലക്ഷം രൂപ ചെലവിൽ 16 ഫ്ളാറ്റുകൾ പണിയുന്നതിനായി ഭരണാനുമതി ലഭിച്ചതായും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ എം. ചിത്ര പറഞ്ഞു.
പരിഗണിക്കുന്നത് 1,806 കുടുംബങ്ങളെ ജില്ലയിലാകെ 1,806 കുടുംബങ്ങളെയാണ് സർവേയിലൂടെ പദ്ധതിയിൽ പരിഗണിക്കുന്നതിനായി കണ്ടെത്തിയിട്ടുള്ളത്. ഇവരിൽ മാറിത്താമസിക്കാൻ സമ്മതമറിയിച്ച 1,143 ഗുണഭോക്താക്കളെ ജില്ലാതല അപ്രൂവൽ കമ്മിറ്റി അംഗീകരിച്ചിട്ടുണ്ട്. ഇവരിൽ സ്വന്തം നിലയിൽ ഭൂമി കണ്ടെത്തിയ 341 ഗുണഭോക്താക്കളുടെ ഭൂമിയുടെ വിലനിർണയം ജില്ലാതല മോണിറ്ററിങ് പൂർത്തീകരിച്ചിട്ടുണ്ട്. ഇതിൽ 157 ഗുണഭോക്താക്കൾ രജിസ്ട്രേഷൻ നടപടി പൂർത്തീകരിച്ച് സഹായധനം കൈപ്പറ്റിയിട്ടുണ്ട്. 150 കുടുംബങ്ങൾ ഭവന നിർമാണത്തിന്റെ ആദ്യഘട്ടവും 111 കുടുംബങ്ങൾ രണ്ടാംഘട്ടവും 87 കുടുംബങ്ങൾ മൂന്നാംഘട്ടവും പ്രവൃത്തി പൂർത്തീകരിച്ചു. നിലവിൽ തീരദേശ വേലിയേറ്റ രേഖയിൽ 50 മീറ്ററിനുള്ളിൽ താമസിക്കുന്നവരും ഫിഷറീസ് വകുപ്പ് തയ്യാറാക്കിയ ലിസ്റ്റിൽ ഉൾപ്പെടാത്തവരും ഉണ്ടെങ്കിൽ ജില്ലാതല അപ്രൂവൽ കമ്മിറ്റിയുടെ അംഗീകാരത്തിന് വിധേയമായി വ്യത്യസ്ത ലിസ്റ്റിൽ ഉൾപ്പെടുത്തി അംഗീകരിക്കാവുന്നതാണെന്ന് മാർഗ്ഗരേഖയിൽ പറയുന്നുണ്ട്.
2018-19 മുതൽ 2021-22 വരെയുള്ള മൂന്ന് വർഷ കാലയളവിനുള്ളിൽ സുരക്ഷിത മേഖലയിലേക്ക് മാറാൻ സന്നദ്ധത അറിയിച്ച മുഴുവൻ പേരെയും പുനരധിവസിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.