പ്ലസ് വൺ പ്രവേശന നടപടികൾ ജൂലൈ ആദ്യവാരം തുടങ്ങും
പ്ലസ് വൺ പ്രവേശന നടപടികൾ ജൂലൈ ആദ്യവാരം ആരംഭിക്കും. രണ്ടാം വർഷ ഹയർ സെക്കൻഡറി ഫലം വന്നതിന് ശേഷം പ്രവേശനം സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യാൻ ഉന്നതതല യോഗം ചേരും. പ്രവേശന നടപടികൾ തുടങ്ങും മുൻപ് ഏകജാലക സംവിധാനത്തിലെ അപാകതകൾ പരിഹരിക്കണമെന്ന് അധ്യാപകർ ആവശ്യപ്പെട്ടു. ജൂലൈ അവസാനത്തോടെ പ്രവേശന നടപടികൾ പൂർത്തിയാക്കാനാണ് വകുപ്പ് ലക്ഷ്യമിടുന്നത്. ഇതിനായി ഈ മാസം 21ന് ശേഷം പൊതുവിദ്യാഭ്യാസ വകുപ്പ് പ്രത്യേക യോഗം ചേർന്ന് രൂപരേഖ തയ്യാറാക്കും. സീറ്റ് ക്ഷാമം പരിഹരിക്കുന്നത് അടക്കമുള്ള കാര്യങ്ങൾ യോഗത്തിൽ ചർച്ചയാകും. സി.ബി.എസ്.ഇ വിദ്യാർഥികൾക്ക് കൂടി അവസരം ലഭിക്കുന്ന തരത്തിലാകും രൂപരേഖ തയ്യാറാക്കുക. യോഗ്യരായ എല്ലാവർക്കും അഡ്മിഷൻ ഉറപ്പാക്കുമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ ഉറപ്പ്. എന്നാൽ ബോണസ് മാർക്ക് നൽകുന്നത് അടക്കമുള്ള കാര്യങ്ങളിൽ അപാകതയുണ്ടെന്ന് അധ്യാപക സംഘടനകൾ ആരോപിക്കുന്നു. നിലവിലെ ഏകജാലക സംവിധാനത്തിൽ പോരായ്മകൾ നിരവധിയാണ്. മെറിറ്റിന്റെ അടിസ്ഥാനത്തിൽ സുതാര്യമായ പ്രവേശനം ഉറപ്പാക്കണമെന്നും അധ്യാപകർ ആവശ്യപ്പെടുന്നു.
പ്ലസ് വൺ സീറ്റുകളുടെ കുറവ് വിദ്യാർഥികളെ ആശങ്കയിലാക്കുന്നുണ്ട്. എന്നാൽ സീറ്റ് ക്ഷാമം ഉണ്ടാകില്ലെന്നും ആകെ അപേക്ഷകരുടെ എണ്ണം ലഭിച്ച ശേഷം വേണ്ട നടപടികൾ സ്വീകരിക്കുമെന്നുമാണ് സർക്കാർ വിശദീകരണം.