ആപ്പിളിന്റെ സര്‍ജിക്കല്‍ സ്ട്രൈക്ക്; ഐഫോണ്‍ 16ഇ ഇൻ, രണ്ട് ഐഫോണ്‍ മോഡലുകള്‍ ഔട്ട്! ഐഫോണ്‍ എസ്‌ഇ 3, ഐഫോണ്‍ 14 എന്നിവ പിൻവലിച്ചു
കലിഫോർണിയ: പുറത്തിറക്കിയപ്പോള്‍ പ്രതീക്ഷിച്ചതിനേക്കാള്‍ വിലയേറിയെങ്കിലും ഐഫോണ്‍ 16ഇ (iPhone 16e) എന്ന പുത്തൻ സ്മാർട്ട്ഫോണ്‍ ആപ്പിള്‍ അവതരിപ്പിച്ചത് തന്ത്രപരമായി. 59,900 രൂപ തുടക്ക വിലയില്‍ ഐഫോണ്‍ 16ഇ പ്രകാശനം ചെയ്തപ്പോള്‍ ആപ്പിള്‍ ഐഫോണ്‍ എസ്‌ഇ മൂന്നാം തലമുറ ഫോണും (iPhone SE 3), ഐഫോണ്‍ 14 ഉം (iPhone 14) വിപണിയില്‍ നിന്ന് പിൻവലിച്ചു. ഈ നീക്കം വഴി ബജറ്റ്-സൗഹൃദ ഐഫോണ്‍ എന്ന വിശേഷണം ഐഫോണ്‍ 16-ഇയ്ക്ക് നല്‍കാൻ ആപ്പിളിനായി. വിലയേറുമെങ്കിലും ആപ്പിള്‍ ഇന്റലിജൻസ് അടക്കമുള്ള നവീന സാങ്കേതികവിദ്യകളോടെ മാത്രമായിരിക്കും ഇനി എല്ലാ ഐഫോണുകളും പുറത്തിറക്കുക എന്ന സൂചനയാണ് ആപ്പിള്‍ ഇതുവഴി നല്‍കുന്നത്. ഐഫോണ്‍ എസ്‌ഇ 3 ഫോണായിരുന്നു ഇന്നലെ വരെ ആപ്പിളിന്റെ ഏറ്റവും ബജറ്റ്-സൗഹൃദ ഐഫോണ്‍ എന്ന പദവി വിപണിയില്‍ അലങ്കരിച്ചിരുന്നത്.
ഐഫോണ്‍ 16ഇ പുറത്തിറക്കും മുമ്ബേ ആപ്പിള്‍ യൂറോപ്യൻ യൂണിയനിലെ വിപണിയില്‍ നിന്ന് ഐഫോണ്‍ എസ്‌ഇ 3-യും ഐഫോണ്‍ 14 ഉം പിൻവലിച്ചിരുന്നു. എല്ലാ ഡിവൈസുകള്‍ക്കും ടൈപ്പ്-സി യുഎസ്ബി പോർട്ട് വേണമെന്ന യൂറോപ്യൻ യൂണിയന്റെ നിബന്ധനയായിരുന്നു ഇതിന് കാരണം. ഐഫോണ്‍ 16ഇ ലോഞ്ചോടെ ഐഫോണ്‍ എസ്‌ഇ മൂന്നാം തലമുറ, ഐഫോണ്‍ 14 എന്നിവ ആഗോള വിപണിയില്‍ നിന്നും പൂർണമായി അപ്രത്യക്ഷമായി.