16-ൽ 16; തവനൂരിലും പൊന്നാനിയിലും അട്ടിമറി; മലപ്പുറം ജില്ലയിലെ ചുവപ്പ് മായ്ച്ച് യുഡിഎഫ്; സമ്പൂർണ ജയം
മലപ്പുറം: പതിനാറിൽ പതിനാറും തൂത്തുവാരും. നിയമസഭ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിന് പിന്നാലെ മലപ്പുറത്തെ യുഡിഎഫ് ക്യാമ്പിന്റെ ആത്മവിശ്വാസമായിരുന്നു ഇത്. പ്രത്യേകിച്ച് മുസ്‌ലിംലീഗിന്. ഒടുവിൽ വോട്ടെണ്ണൽദിനത്തിൽ ആ ആത്മവിശ്വാസം നൂറുശതമാനവും തെളിഞ്ഞു. മലപ്പുറം ജില്ലയിലെ 16-ൽ 16 സീറ്റുകളിലും യുഡിഎഫ് ജയിച്ചു. സമ്പൂർണവിജയം.മറ്റൊരു പ്രത്യേകത. വേങ്ങരയിൽനിന്ന് മാറി പി.കെ. കുഞ്ഞാലിക്കുട്ടിയെ മലപ്പുറത്ത് മത്സരിപ്പിച്ചത് തന്നെ റെക്കോഡ് ഭൂരിപക്ഷം ലക്ഷ്യമിട്ടുള്ള വിജയത്തിനായിരുന്നു. അത് ശരിവെക്കുന്നതായിരുന്നു തിരഞ്ഞെടുപ്പ് ഫലവും. 85327 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് മലപ്പുറത്തിന്റെ ‘സുൽത്താൻ’ ഇത്തവണ നിയമസഭയിലെത്തുന്നത്. വേങ്ങരയിൽ കെ.എം. ഷാജിയും ലീഗിന്റെ കോട്ട ഭദ്രമാക്കി. 30325 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇടതുസ്വതന്ത്രനായ സബാഹ് കുണ്ടുപുഴക്കലിനെ കെ.എം. ഷാജി തോൽപ്പിച്ചത്. ലീഗിന്റെ ഉരുക്കുകോട്ടകളായ ഏറനാട്ടിൽ പി.കെ. ബഷീറും( ഭൂരിപക്ഷം- 41,289) കൊണ്ടോട്ടിയിൽ ടി.പി. അഷ്‌റഫലിയും(56017) മഞ്ചേരിയിൽ എം. റഹ്‌മത്തുള്ളയും(57,887) മങ്കടയിൽ മഞ്ഞളാംകുഴി അലിയും(45,609) തിരൂരങ്ങാടിയിൽ പി.എം.എ. സമീറും(63, 387) വള്ളിക്കുന്നിൽ ടി.വി. ഇബ്രാഹിമും(51,289) മിന്നുംജയം നേടി. കഴിഞ്ഞതവണ വെറും 38 വോട്ടിന്റെ ഭൂരിപക്ഷത്തിൽ മുസ്‌ലിംലീഗ് വിജയിച്ച പെരിന്തൽമണ്ണയിൽ സിറ്റിങ് എംഎൽഎ നജീബ് കാന്തപുരം ഭൂരിപക്ഷം കുത്തനെ വർധിപ്പിച്ച് വിജയത്തിന് മാറ്റ് കൂട്ടി. 32,431 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു നജീബ് കാന്തപുരത്തിന്റെ വിജയം. വണ്ടൂരിലും നിലമ്പൂരിലും കോൺഗ്രസിന്റെ സിറ്റിങ് എംഎൽഎമാർ വിജയം ആവർത്തിച്ചു. വണ്ടൂരിൽ 47,939 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എ.പി. അനിൽകുമാറിന്റെ വിജയം. നിലമ്പൂരിൽ ആര്യാടൻ ഷൗക്കൗത്ത് 54,851 വോട്ടിന്റെ ഭൂരിപക്ഷത്തോടെ മണ്ഡലം നിലനിർത്തി.