പൊന്നാനിയിൽ ഓണഘോഷപരിപാടികൾ ഇന്ന് തുടങ്ങും;
ബിയ്യം കായൽ വള്ളംകളി ഒൻപതിന്
പൊന്നാനി : ഓണം ടൂറിസം വാരാഘോഷത്തിന്റെ ഭാഗമായുള്ള ആഘോഷപരിപാടികൾ തിങ്കളാഴ്‌ച തുടങ്ങും. 11 വരെ വിപുലമായ പരിപാടികളാണ് താലൂക്കിൽ സംഘടിപ്പിക്കുക.
തിങ്കളാഴ്‌ച പോത്തനൂരിൽ സഘടിപ്പിക്കുന്ന ആരോഗ്യ ക്വിസ് മത്സരത്തോടെ ആഘോഷപരിപാടികൾക്ക് തിരിതെളിയും. തുടർന്നുള്ള ദിവസങ്ങളിൽ വൈവിധ്യമാർന്ന പരിപാടികളും മത്സരങ്ങളും നടക്കും.
മലബാറിന്റെ ജലോത്സവമായ ബിയ്യം കായൽ വള്ളംകളി അവിട്ടം നാളായ ഒൻപതിന് മന്ത്രി വി. അബ്ദുറഹ്‌മാൻ ഉദ്ഘാടനംചെയ്യും. ഇത്തവണ 23 വള്ളങ്ങളാണ് മത്സരിക്കുന്നത്; 10 മേജർ വള്ളങ്ങളും 13 മൈനർ വള്ളങ്ങളും. മൂന്നുവർഷത്തെ ഇടവേളയ്ക്കുശേഷമാണ് വീണ്ടും ബിയ്യം കായലിന്റെ ഓളപ്പരപ്പിൽ ആവേശത്തിന്റെ തുഴയെറിയാൻ വള്ളങ്ങൾ തയ്യാറെടുക്കുന്നത്.
രണ്ടിന് ആരംഭിച്ച് അഞ്ചരയോടെ അവസാനിപ്പിക്കുന്ന തരത്തിലാണ് മത്സരങ്ങളുടെ ക്രമീകരണമെന്നും നിലവിലെ വള്ളംകളി പവലിയൻ തകർച്ചാവസ്ഥയിലായതിനാൽ സമാന്തരമായി താത്കാലിക പവലിയൻ നിർമിക്കുമെന്നും പി. നന്ദകുമാർ എം.എൽ.എ., നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറം, പെരുമ്പടപ്പ് ബ്ലോക്ക്‌പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഇ. സിന്ധു, ദേശീയപാത വിഭാഗം തഹസിൽദാർ ഷംസുദ്ദീൻ, വി.എസ്. സുധർമൻ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.