പൊന്നാനി ജെ.എം റോഡിൽ അപകടം പതിവ്മരണക്കെണിയായി ജൽജീവൻ പദ്ധതി കുഴികൾ
പൊന്നാനി: ജൽജീവൻ പദ്ധതിയുടെ ഭാഗമായി പൊന്നാനി അങ്ങാടി ജെ.എം റോഡിൽ കുഴിച്ച കുഴികൾ യാത്രക്കാർക്ക് ദുരിതവും അപകടഭീഷണിയും ഉയർത്തുന്നു. റോഡിന്റെ പല ഭാഗങ്ങളിലും പൈപ്പിടുന്നതിനായി കുഴിയെടുത്തശേഷം കൃത്യമായി മൂടാത്തതാണ് പ്രശ്നങ്ങൾക്ക് കാരണം. നിരവധി വാഹനങ്ങൾ കുഴികളിൽ വീണ് യാത്രക്കാർക്ക് പരിക്കേൽക്കുകയാണ്.ഇടുങ്ങിയതും ജനത്തിരക്കേറിയതുമായ ജെ.എം റോഡിലാണ് അപകടകരമായ രീതിയിൽ കുഴികൾ അവശേഷിക്കുന്നത്. കാൽനടയാത്രക്കാരും ഇരുചക്രവാഹനങ്ങളുമാണ് ഏറെ പ്രയാസം നേരിടുന്നത്. റോഡിലൂടെ ഒരേസമയം വാഹനങ്ങളും കാൽനടയാത്രക്കാരും സഞ്ചരിക്കേണ്ട സാഹചര്യത്തിൽ കുഴികൾ ഒഴിവാക്കി യാത്രചെയ്യുന്നത് പലപ്പോഴും ദുഷ്കരമാണ്.പൈപ്പിടാൻ റോഡിൽ നീളത്തിൽ കുഴിയെടുത്തശേഷം മണ്ണിട്ടുമൂടിയിട്ടുണ്ടെങ്കിലും പല ഭാഗങ്ങളിലും മണ്ണ് ഉറപ്പിച്ച് റോഡ് പൂർവസ്ഥിതിയിലാക്കിയിട്ടില്ലെന്നാണ് പരാതി. മഴ പെയ്യുന്നതോടെ കുഴികളിൽ വെള്ളം കെട്ടിനിൽക്കുന്നതും അപകടസാധ്യത വർധിപ്പിക്കുന്നു. ആവശ്യമായ സുരക്ഷാസംവിധാനങ്ങളും മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു. രാത്രികാലങ്ങളിൽ കുഴികൾ കൂടുതൽ അപകടകരമാകുന്നതിനാൽ മതിയായ സുരക്ഷാസംവിധാനങ്ങൾ ഒരുക്കേണ്ടതുണ്ട്.അപകടങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ ജൽ ജീവൻ പദ്ധതിയുടെ ഭാഗമായി കുഴിച്ച കുഴികൾ അടിയന്തരമായി നികത്തി റോഡ് ഗതാഗതയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.