പാർക്ക് ചെയ്ത സ്കൂട്ടർ എടുക്കാൻ പോയ യുവതി പാമ്പ് കടിയേറ്റ് മരിച്ചു
ആലപ്പുഴ: കായംകുളത്ത് യുവതി പാമ്പ് കടിയേറ്റ് മരിച്ചു. ചേരാവള്ളി സ്വദേശി സലീന (42) ആണ് മരിച്ചത്. ഇന്ന് രാത്രി ഏഴരയോടെയാണ് സംഭവം നടന്നത്. ബന്ധുവിന്റെ വിവാഹ ചടങ്ങിന് പോയ സലീന പാര്‍ക്ക് ചെയ്ത സ്‌കൂട്ടര്‍ എടുക്കാന്‍ പോയപ്പോഴായിരുന്നു പാമ്പിന്റെ കടിയേറ്റത്. ഉടന്‍ തന്നെ കായംകുളം താലൂക്ക് ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തിരുവനന്തപുരത്ത് രണ്ടിടങ്ങളിലായി രണ്ട് പേര്‍ക്ക് ഇന്ന് പാമ്പ് കടിയേറ്റിരുന്നു. പോത്തന്‍കോട് വേങ്ങോട് സ്വദേശി ദുര്‍ഗ്ഗക്കാണ് പാമ്പ് കടിയേറ്റത്. വര്‍ക്കലയില്‍ ആശാ വര്‍ക്കര്‍ക്കും കടിയേറ്റു. വീടിന്റെ അടുക്കളഭാഗത്ത് നിന്നാണ് ആശാ വര്‍ക്കര്‍ ഷംനക്ക് പാമ്പ് കടിയേറ്റത്. ഇരുവരും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി.
അതിനിടെ, തൃശൂര്‍ കോടാലിയില്‍ പാമ്പ് കടിയേറ്റ് മരിച്ച എട്ടു വയസുകാരന്റെ വീട്ടില്‍ നിന്ന് വീണ്ടും പാമ്പിനെ പിടികൂടി. വീടിനുള്ളിലെ കിടപ്പുമുറിയിലാണ് പാമ്പിനെ കണ്ടത്. കുട്ടി മരിച്ച ശേഷം നാലാം തവണയാണ് വീട്ടില്‍ നിന്ന് പാമ്പിനെ പിടികൂടുന്നത്. ശംഖുവരയന്‍ ഇനത്തില്‍പ്പെട്ട പാമ്പിനെ ആണ് കണ്ടെത്തിയത്. നാട്ടുകാര്‍ ചേര്‍ന്ന് പാമ്പിനെ തല്ലിക്കൊന്നു. കഴിഞ്ഞദിവസവും ശംഖുവരയന്‍ പാമ്പിനെ വീട്ടില്‍ നിന്നും കണ്ടെത്തിയിരുന്നു. അതേസമയം, പാമ്പ് കടിയേറ്റ് രോഗി എത്തിയാല്‍ ഉടന്‍ പ്രോട്ടോകോള്‍ പ്രകാരമുള്ള ചികിത്സ ഉറപ്പാക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. താലൂക്ക് തലം മുതലുള്ള എല്ലാ ആശുപത്രികളിലും പാമ്പുകടി ചികിത്സയ്ക്കുള്ള ആന്റി സ്‌നേക് വെനം ലഭ്യമാണ്. വീടിനുള്ളില്‍ വച്ച് പാമ്പുകടിയേല്‍ക്കുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.