പഴം, പച്ചക്കറി: ദുബായിലേക്കും സിംഗപ്പൂരിലേക്കും ഓർഡറുണ്ട്; പക്ഷേ കരിപ്പൂരിൽ നിന്ന് വിമാനമില്ല
കേരള എക്സ്പോർട്ടേഴ്സ് ഫോറം സെക്രട്ടറി കൂടിയായ, കയറ്റുമതി ഏജൻസിയുള്ള കോഴിക്കോട് സ്വദേശി സി.ടി.മുൻഷിദ് അലിക്കു സിംഗപ്പൂരിൽനിന്നു വലിയൊരു ഓർഡർ കിട്ടി. രാവിലെ 8നു മുൻപെങ്കിലും ലോഡ് സിംഗപ്പൂരിലെത്തണം. പഴം, പച്ചക്കറി ഇനങ്ങളാണു വേണ്ടത്. മിക്ക ദിവസവും ഓർഡർ ഉണ്ടാകും. കേട്ടാൽ ഒഴിവാക്കാനാകാത്ത കരാർ. മുൻഷിദ് അലി ഓർഡർ വേണ്ടെന്നുവച്ചു. കാരണം: കയറ്റുമതി ചെയ്യാനുള്ളതു കോഴിക്കോട് വിമാനത്താവളത്തിൽനിന്നാണ്. രാവിലെ സിംഗപ്പൂരിലെത്തുന്ന ഒരു വിമാനവും ഇവിടെനിന്നില്ല. പഴങ്ങളും പച്ചക്കറികളും കുറഞ്ഞ സമയംകൊണ്ടു കേടാകും എന്നതിനാൽ മറ്റു പരീക്ഷണങ്ങൾക്കു നിൽക്കാതെ കോഴിക്കോട് വഴി കിട്ടുന്ന ഓർഡർ ഒഴിവാക്കാറാണു മിക്ക കയറ്റുമതി ഏജൻസിക്കാരും ചെയ്യാറുള്ളത്.
അല്ലെങ്കിൽ മറ്റേതെങ്കിലും വിമാനത്താവളം വഴി കൊണ്ടുപോകാനാകുമോ എന്നാലോചിക്കണം. കോഴിക്കോട് വിമാനത്താവളവുമായി ബന്ധപ്പെട്ട വരുമാനം, വിദേശനാണ്യ വരവ് എന്നിവയെയെല്ലാം വിമാനങ്ങളുടെ കുറവു ബാധിക്കുന്നുണ്ട്.ഓരോ രാജ്യത്തെയും പ്രാദേശിക സമയം രാവിലെ ഏഴിനും എട്ടിനും മുൻപു ചരക്കു കിട്ടണം എന്ന തരത്തിലായിരിക്കും മിക്ക ഓർഡറും. നേരിട്ടു വിമാനമില്ലെങ്കിലും മറ്റു പല രാജ്യങ്ങളിലേക്കും കരിപ്പൂർ വഴി യാത്ര ചെയ്യാം. യുഎഇയാണു പ്രധാന ഇടത്താവളം. അവിടെയിറങ്ങി കണക്‌ഷൻ വിമാനം ലഭിക്കും. എന്നാൽ, യാത്രയെപ്പോലെയല്ല ചരക്കുകയറ്റുമതി. പെട്ടെന്നു കിട്ടേണ്ട പഴം, പച്ചക്കറി ഇനങ്ങൾക്ക് ഇറങ്ങിക്കയറിയും ചുറ്റിത്തിരിഞ്ഞുമുള്ള യാത്ര എപ്പോഴും പരീക്ഷിക്കാനാകില്ല. അതുകൊണ്ടുതന്നെ കൊച്ചിയിലേക്കും ബെംഗളൂരുവിലേക്കും മറ്റും ചരക്കെത്തിച്ച് അവിടെനിന്നു കൊണ്ടുപോകുകയാണു പലരും.
എന്തുകൊണ്ട് കരിപ്പൂർ?
കേരളത്തിൽ മൊത്തം കയറ്റുമതിയുടെ കണക്കെടുത്താൽ കോഴിക്കോട് വിമാനത്താവളം പിറകിലായിരിക്കും. എന്നാൽ, പഴം, പച്ചക്കറി കയറ്റുമതിയുടെ മാത്രം കണക്കു പരിശോധിച്ചാൽ മിക്ക മാസങ്ങളിലും മുന്നിലുള്ളതു കോഴിക്കോട് വിമാനത്താവളമായിരിക്കും. കയറ്റുമതിക്കുള്ള പഴം, പച്ചക്കറികൾ കൂടുതലായി എത്തുന്നത് തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽനിന്നാണ്. ചുരമിറങ്ങിയെത്തുന്ന ഈ പഴം, പച്ചക്കറി ലോഡുകൾക്ക് എളുപ്പം കരിപ്പൂരാണ്.മാത്രമല്ല, കയറ്റുമതിക്കാർക്കു ചരക്ക് റോഡ് മാർഗം എത്തിക്കാനുള്ള ചെലവും കുറവാണ്. അതുകൊണ്ട് ഏറെക്കാലമായി പഴം,പച്ചക്കറി കയറ്റുമതിക്കു കരിപ്പൂർ കേന്ദ്രീകരിച്ചു വിവിധ ഏജൻസികളുണ്ട്. ഓർഡറുമുണ്ട്. മാത്രമല്ല, പ്രാദേശികമായി കർഷകർ വിളവെടുക്കുന്ന നാടൻ വിഭവങ്ങളും കരിപ്പൂർ വഴി കടൽ കടക്കുന്നുണ്ട്.
അയർലൻഡിലേക്കും ദുബായിലേക്കും
നേരിട്ടു വിമാനമില്ലാത്ത അയർലൻഡിലേക്ക് 2,035 കിലോഗ്രാമും ലണ്ടനിലേക്ക് 530 കിലോഗ്രാമും പഴം, പച്ചക്കറി ഇനങ്ങൾ ഇക്കഴിഞ്ഞ മേയ് മാസത്തിൽ കരിപ്പൂർ വഴി പോയിട്ടുണ്ട്. നേരിട്ടു വിമാനമില്ലാത്തതിനാൽ ഏറെ പ്രയാസപ്പട്ടാണു ചരക്ക് എത്തിക്കുന്നത്. വിമാനമുണ്ടെങ്കിൽ യൂറോപ്യൻ രാജ്യങ്ങളിലേക്കു കയറ്റുമതി കുത്തനെ കൂടും. യുഎഇയിലേക്കാണു കോഴിക്കോട് വിമാനത്താവളം വഴിയുള്ള പ്രധാന കയറ്റുമതി. വിമാനത്താവളങ്ങളിൽ ദുബായ് ആണു മുന്നിൽ. ഇക്കഴിഞ്ഞ മേയ് മാസം കോഴിക്കോട് വിമാനത്താവളത്തിൽനിന്നു കയറ്റുമതി ചെയ്തത് 1,361 ടൺ ആണ്. ദുബായ് (286.4 ടൺ), ഷാർജ (180.3 ടൺ), ബഹ്റൈൻ (149.5 ടൺ), അബുദാബി (131.9 ടൺ), ദോഹ (147.9), മസ്കത്ത് (119.3 ടൺ), റിയാദ് (102.8 ടൺ), അൽഐൻ (12.7 ടൺ), ദമാം (62.7 ടൺ), ജിദ്ദ (77 ടൺ), കുവൈത്ത് (69.2 ടൺ), റാസൽഖൈമ (18.5 ടൺ), സലാല (25 കിലോഗ്രാം), മുംബൈ (170 കിലോഗ്രാം).