പരസ്യബോര്‍ഡുകള്‍ 30 ദിവസംകഴിഞ്ഞ് നീക്കണം, ഇല്ലെങ്കില്‍ ചതുരശ്രയടിക്ക് 20 രൂപ പിഴയും ചെലവും ഈടാക്കും
പൊന്നാനി : അനധികൃത പരസ്യബോർഡുകൾ സ്ഥാപിക്കൽ, ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകളുടെ നിരോധനം എന്നിവയ്ക്ക് ഏകീകൃത മാർഗരേഖയുമായി സർക്കാർ. പ്രോഗ്രാം വിവരങ്ങൾ അടങ്ങിയ ബാനറുകൾ, ബോർഡുകൾ എന്നിവ പരിപാടി കഴിഞ്ഞതിന്റെ അടുത്തദിവസവും തീയതി രേഖപ്പെടുത്താത്ത സ്ഥാപനങ്ങളുടെയും മറ്റും പരസ്യബാനർ, ബോർഡുകൾ എന്നിവ പരമാവധി 30 ദിവസം കണക്കാക്കി സ്ഥാപിച്ചവർതന്നെ എടുത്തുമാറ്റണം.
പുതുക്കിയ മാർഗരേഖയുടെ അടിസ്ഥാനത്തിൽ ഏഴുദിവസത്തിനകം ഇത്തരം ബോർഡുകൾ മാറ്റണം. മാറ്റിയില്ലെങ്കിൽ ചുതുരശ്രയടിക്ക് കുറഞ്ഞത് 20 രൂപ നിരക്കിൽ പിഴയും നീക്കംചെയ്യാനുള്ള ചെലവും ഈടാക്കി തദ്ദേശസ്ഥാപനങ്ങൾ നീക്കംചെയ്യണം.
സർക്കാർ നിർദേശിച്ച കോട്ടൺ, പോളി എത്‌ലിൻ എന്നിവ നിർമിക്കുന്നതും വിതരണം ചെയ്യുന്നതുമായ സ്ഥാപനങ്ങൾ മലിനീകരണ നിയന്ത്രണബോർഡിന് സാംപിളുകൾ സമർപ്പിക്കണം. ‘പുനഃചംക്രമണം ചെയ്യാവുന്ന പോളി എത്‌ലിൻ, കോട്ടൺ എന്നിവ ഉപയോഗിച്ചുള്ള പ്രിന്റിങ് ജോലികളേ ഏറ്റെടുക്കൂവെന്നും ഉപയോഗശേഷമുള്ള പോളി എത്‌ലിൻ പുനഃചംക്രമണത്തിന് സ്ഥാപനത്തിൽ തിരിച്ചേൽപ്പിക്കേണ്ടതാണെന്നും പ്രിന്റ് ചെയ്യുന്ന സ്ഥാപനങ്ങൾ പ്രദർശിപ്പിക്കണം.
പൊതുജനങ്ങൾക്ക് പരാതിപ്പെടാനുള്ള പരാതി സെൽ തദ്ദേശസ്ഥാപനങ്ങളിലും ശുചിത്വമിഷനിലും രൂപവത്കരിക്കാനും നിർദേശിച്ചിട്ടുണ്ട്.
പരസ്യബോർഡുകൾ സ്ഥാപിക്കാൻ അനുമതിക്ക് തദ്ദേശ സ്ഥാപനങ്ങളിൽ അപേക്ഷ നൽകുമ്പോൾ 200 രൂപയുടെ മുദ്രപ്പത്രത്തിൽ സത്യവാങ്മൂലം നൽകുന്നതും ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുന്നതും കർശനമായി നടപ്പാക്കാനാണ് തീരുമാനം.
ബോർഡുകൾ, പരസ്യ പ്രചാരണ ബോർഡുകൾ, ഹോർഡിങ്ങുകൾ, ഷോപ്പ് ബോർഡുകൾ തുടങ്ങിയവയ്ക്ക് പി.വി.സി. ഫ്ളെക്സ്, പോളിസ്റ്റർ, നൈലോൺ, കൊറിയൻ ക്ലോത്ത്, പ്ലാസ്റ്റിക് കോട്ടിങ്ങുള്ള തുണി എന്നിവ ഉപയോഗിക്കുന്നതിനുള്ള നിരോധനം തുടരും.
100 ശതമാനം കോട്ടൺ, പ്ലാസ്റ്റിക് ഇല്ലാത്ത പേപ്പർ, റീസൈക്കിൾ ചെയ്യാവുന്ന പോളി എത്‌ലിൻ എന്നിവയിൽ പി.വി.സി. ഫ്രീ, റീസൈക്ലബിൾ ലോഗോയും യൂണിറ്റിന്റെ പേരും മലിനീകരണ നിയന്ത്രണ ബോർഡിൽനിന്നുള്ള സർട്ടിഫിക്കറ്റ് നമ്പർ, ക്യു.ആർ. കോഡ് എന്നിവയും പതിച്ചുമാത്രമേ ഉപയോഗിക്കാവൂ.