നിളാ തീരത്ത് (കർമ്മയിൽ) പ്രകമ്പനം തീർത്ത് ”ഞാൻ എന്നോട് പറഞ്ഞത്”
രണ്ടായിരത്തിഇരുപത്തി മൂന്നിലെ ഷാർജ അന്താരാഷ്ട്രാ പുസ്തകോത്സവത്തിൽ പൊന്നാനിയിലെ എഴുത്തുകാരുടെ അഞ്ചു പുസ്തകങ്ങൾ പ്രകാശനം ചെയ്തതിനെ കുറിച്ച് ഞാൻ എഴുതിയപ്പോൾ അതിൽ പറഞ്ഞിരുന്നു ലോകത്തിലെ വേറെ ഒരു പ്രദേശത്തിനും അവകാശപ്പെടാനില്ലാത്ത ഒരു അംഗീകാരമാകും അതെന്ന്. അത് വെറുതെ പറഞ്ഞതല്ലേ എന്ന് അന്ന് ചോദിച്ചവരോട് ഒരു പ്രദേശത്തുള്ളവരുടെ ഇത്രയധികം പുസ്തകങ്ങൾ ഉണ്ടാകാനുള്ള സാധ്യത ഇല്ല എന്ന ഉറച്ച ബോധ്യമായിരുന്നു എന്നതായിരുന്നു അതിന്റെ മറുപടി. അതിന്റെ പിറ്റേ വർഷവും ഷാർജ പുസ്തകോത്സവത്തിൽ രണ്ടു പുസ്തകങ്ങൾ ഉണ്ടായിരുന്നു എന്നത് കൂടുതൽ അഭിമാനമായി. (പ്രിയങ്കരരായ ടി വി അബ്ദുറഹിമാൻ കുട്ടി മാസ്റ്റർ, കെ വി നദീർ, എം എ ഹസീബ്, എ അബ്ദുൽ വഹ്ഹാബ്, കബീർ പൊന്നാനി, ഷാജി ഹനീഫ്, ജെസ്സി സലിം, തുടങ്ങിയവരുടെ പുസ്തകങ്ങളായിരുന്നു)
ഇതിപ്പോൾ പറയാൻ കാരണമായത് സാഹിത്യ, സാംസ്കാരിക രംഗത്തെ തലമുറകളായുള്ള അതിന്റെ മഹിതമായ പാരമ്പര്യത്തെ പൊന്നാനിക്ക് പൈതൃകമായി കാത്തു സൂക്ഷിക്കാനാകുന്നു എന്ന വിചാരത്തിന് കൂടുതൽ ബലമേകുന്ന തരത്തിൽ ഒന്നിന് പിറകെ ഒന്നായി ശുഭസൂചകമായി പുതിയ പുസ്തകങ്ങളുടെ പ്രകാശനങ്ങൾ നടന്നുവരുമ്പോഴുണ്ടാകുന്ന അതിരറ്റ സംതൃപ്തിയും ആനന്ദവുമൊക്കെയാണ്. (കഴിഞ്ഞ ആഴ്ചയാണ് എം എ ഹസീബിന്റെ “മക്കയിലെ സൂര്യൻ” പുറത്തിറങ്ങിയത്)
നമ്മുടെ ഇതിഹാസ തുല്യരായ സാഹിത്യ നായകരുടെ എഴുത്തിന്റെയും, സംസ്കാരത്തിന്റെയുമൊക്കെ പ്രതിബിംബമായ നിളയെന്ന പ്രകൃതി സൗന്ദര്യത്താൽ അനുഗ്രഹീതമായ ഭാരതപ്പുഴയുടെ ഓരത്ത് കർമ്മ റോഡിൽ മനോഹരമായ സായാഹ്നത്തിൽ ഒരു പുസ്തക പ്രകാശനം ഉണ്ടാക്കിയ പ്രകമ്പനം ഒരു നാടിന്റെ വൈകാരിക സാഹിത്യ ബന്ധത്തിന് മികച്ച ഉദാഹരണമായിരുന്നു. ഒരു പുസ്തക പ്രകാർശനത്തിന് ഇത്രയധികം ആളുകളോ എന്ന് പരസ്പരം ചോദിക്കും വിധമായിരുന്നു ആൾകൂട്ടം.
എഴുത്തുകാരൻ, പത്ര പ്രവർത്തകൻ എന്നീ നിലകളിൽ കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളിലേറെക്കാലമായി തന്റേതായ വ്യത്യസ്ത പാത വെട്ടി അതിലൂടെ സഞ്ചരിച്ചു നേടിയ പുതിയ അനുഭവങ്ങൾ ലളിതവും വ്യക്തവുമായ ഭാഷയിൽ വായനക്കാരിലേക്ക് എത്തിച്ചു അവരുടെ ഹൃദയങ്ങളിൽ ചേക്കേറി സ്ഥാന മുറപ്പിക്കാൻ കഴിഞ്ഞ കെ വി നദീറിന്റെ ഒൻപതാമത്തെ പുസ്തകമായ “ഞാൻ എന്നോട് പറഞ്ഞത്” വായനക്കാരിലേക്കെത്തി. പടിഞ്ഞാറൻ ചക്രവാളത്തിൽ അറബിക്കടലിലേക്ക് താഴ്ന്നിറങ്ങുന്ന അസ്തമയ സൂര്യന്റെ പൊൻകിരണങ്ങളെയും, അഭൂതപൂർവ്വമായ ജന പങ്കാളിത്വമുള്ള പ്രൗഢമായ സദസ്സിനെയും സാക്ഷിയാക്കി പ്രമുഖ എഴുത്തുകാരനും, പ്രശസ്ത മോട്ടിവേഷണൽ സ്പീക്കറും, വാഗ്മിയുമായ പി എം എ ഗഫൂറിൽ നിന്നും ഡോക്ടർ നീതു സുബ്രമണ്യൻ ഏറ്റുവാങ്ങിയാണ് പ്രകാശന കർമ്മം നിർവ്വഹിച്ചത്..
മൂടുപടണിയാത്ത, വാചാടോപങ്ങളില്ലാത്ത, സർവ്വരുടേയും ശ്രദ്ധ പിടിച്ചു പറ്റണമെന്ന മോഹമില്ലാത്ത നദീറിന്റെ സൗമ്യവും, ശാന്തവും, കുലീനവുമായ പെരുമാറ്റം കൊണ്ടും ഇടപെടൽ കൊണ്ടും സർവ്വരുടേയും ശ്രദ്ധ പിടിച്ചു പറ്റുവാൻ കഴിഞ്ഞ അപൂർവ്വമായ വ്യക്തിത്വത്തിനുടമയാക്കി മാറ്റിയത്. അനുഗ്രഹീതനായ നദീറിന് ഏതു വിഷയങ്ങളെ കുറിച്ചും സ്വതസിദ്ധമായ രീതിയിൽ സന്ദർഭോചിതമായി പറയാനാകുന്നു എന്നതാണ് ആ രംഗത്തെ കഴിവും വിജയവും എന്ന് പറഞ്ഞാൽ അത് തെറ്റാകില്ല. വായനക്കാരുടെ മനസ്സിൽ ഉണ്ടാകുന്ന ആഴത്തിലുള്ള സ്വാധീനം അതാണ് എഴുത്തുകാരന്റെ ആത്മസംതൃപ്തി. ഓരോരുത്തരുടെയും സന്തോഷത്തിന്റെ താക്കോൽ അവരവരുടെ ഉള്ളിലാണ് എന്ന് പറയുന്ന നദീർ ഈ പുസ്തകം സത്യവും, സ്വത്വത്തോടെയുള്ള സ്നേഹമാണ് എന്നും സംശയലേശമന്യേ പറയുന്നു.
സാമൂഹ്യ വിഷയങ്ങളടക്കം ഏതു വിഷയത്തെക്കുറിച്ചും എളുപ്പത്തിൽ ഗ്രഹിക്കാനുള്ള അപാരമായ കഴിവും അതിനെ തന്റെ ബോധ്യത്തിന്റെയും, ന്യായത്തിന്റെയും, വിശ്വാസത്തിന്റെയും, ചിന്തകളുടെയും അടിസ്ഥാനത്തിൽ നദീർ എഴുതി ഫലിപ്പിക്കാനുമാകുമ്പോൾ അത് സ്വാഭാവികമായും വായനാനുഭവമായി മാറുകയാണ്. നേരത്തെ പ്രസിദ്ധീകരിച്ച എട്ടു പുസ്തകങ്ങളിലെയും ഭാഷയും, സ്വതസിദ്ധവും, സ്വതന്ത്രവുമായ ശൈലിയും നദീറിനെ വായനക്കാരിൽ ചെലുത്തിയ സ്വാധീനം അവർ പുസ്തകങ്ങളെയും എഴുത്തുകളെയും പൂർണ്ണമായും ഏറ്റെടുക്കുന്ന അവസ്ഥ രൂപപ്പെടുകയുമായിരുന്നു. സമൂഹത്തോടും സഹജീവികളോടുമുള്ള ഉത്തരവാദിത്തനിർവ്വഹണവും ” ഞാൻ എന്നോട് പറഞ്ഞതിൽ” പറഞ്ഞുവെക്കുന്നുണ്ട്..
താജ് ബക്കർ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രൊഫസ്സർ ഇമ്പിച്ചികോയതങ്ങൾ അദ്ധ്യക്ഷത വചിച്ചു. ഡോക്ടർ ഹരിയാനന്ദ കുമാർ പുസ്തകത്തെ സദസ്സിന് പരിചയപ്പെടുത്തി. കെ വി നദീർ എന്താണ് ” ഞാൻ എന്നോട് പറഞ്ഞത്” എന്ന് ഞങ്ങളോട് പറഞ്ഞു. ഹബീബ് മാസ്റ്റർ സദസ്സിനു നന്ദി പ്രകാശിപ്പിച്ചു.