“നവകേരളം പുതിയ പൊന്നാനി ” – പരിസ്ഥിതി; സംരക്ഷണത്തിലും സാമൂഹ്യ നീതിയിലും ഊന്നിയ വികസന കാഴ്ച്ചപ്പാടുകളുമായി വികസന സെമിനാർ സംഘടിപ്പിച്ചു
പൊന്നാനി: പരിസ്ഥിതി സംരക്ഷണത്തിലും സാമൂഹ്യ നീതിയിലും ഊന്നിയ വൈവിധ്യങ്ങളായ വികസന കാഴ്ച്ചപ്പാടുകളിലൂടെ “നവകേരളം – പുതിയ പൊന്നാനി ” ദൗത്യവുമായി പൊന്നാനി നഗരസഭ. പതിമൂന്നാം പഞ്ചവത്സര പദ്ധതി 2021-22 വാർഷിക പദ്ധതി രൂപീകരണത്തിൻ്റെ ഭാഗമായി വികസന സെമിനാർ സംഘടിപ്പിച്ചു. ദുരന്ത നിവാരണം, പരിസ്ഥിതി സംരക്ഷണം, പാർപ്പിടം, സംരംഭക പ്രോത്സാഹനം, ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹ്യ നീതി തുടങ്ങിയവയിലൂന്നിയ വികസന നയങ്ങളുമായാണ് സെമിനാർ സംഘടിപ്പിച്ചത്. നിയമസഭാ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ സെമിനാർ ഉദ്ഘാടനം ചെയ്തു.
വിവിധ ജനവിഭാഗങ്ങളുടെ പ്രശ്നങ്ങളെ നേരിൽ അഭിമുഖീകരിച്ച് വികസന കാഴ്ച്ചപ്പാടുകൾ രൂപീകരിക്കുമ്പോഴാണ് ജനാധിപത്യം കൂടുതൽ അർത്ഥവത്താവുകയെന്ന് സ്പീക്കർ അഭിപ്രായപ്പെട്ടു.
വികസന സെമിനാറിൽ വാർഷിക പദ്ധതി രൂപീകരണത്തിൻ്റെ ഭാഗമായി കരട് വികസന രേഖ അവതരിപ്പിച്ചു. കരട് രേഖ തയ്യാറാക്കുന്നതിൻ്റെ ഭാഗമായി കഴിഞ്ഞ ദിവസം വിവിധ വർക്കിംഗ് ഗ്രൂപ്പുകളുടെ പൊതുയോഗം സംഘടിപ്പിച്ചിരുന്നു. പതിനേഴ് വർക്കിംഗ് ഗ്രൂപ്പ് യോഗങ്ങളിൽ ഉയർന്ന വന്ന നിർദേശങ്ങൾ ക്രോഡീകരിച്ചാണ് കരട് പദ്ധതി രേഖ തയ്യറാക്കിയത്. വികസന സെമിനാറിൽ അവതരിപ്പിച്ച കരട് വികസനരേഖ വിവിധ ഗ്രൂപ്പുകൾ ചേർന്ന് ചർച്ച ചെയ്തു. പുതിയ നിർദേശങ്ങളും ചേർത്ത് നഗരസഭ അന്തിമ വികസന രേഖ പ്രസിദ്ധീകരിക്കും.
തൃക്കാവ് മാസ് ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിച്ച സെമിനാറിൽ നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറം അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ എം. ആബിദ കരട് വികസന രേഖ അവതരിപ്പിച്ചു. നഗരസഭാ വൈസ് ചെയർപേഴ്സൺ ബിന്ദു സിദ്ധാർത്ഥൻ, സ്ഥിരം സമിതി അധ്യക്ഷന്മാരായ രജീഷ് ഊപ്പാല, ഷീനാസുദേശൻ, ഒ.ഒ ഷംസു, കൗൺസിലർമാരായ ഫർഹാൻ ബിയ്യം, അനുപമ മുരളീധരൻ, കെ.ഗിരീഷ് കുമാർ, അജീന ജബ്ബാർ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ സി.പി മുഹമ്മദ് കുഞ്ഞി, നഗരസഭാ സെക്രട്ടറി എൻ.കെ ഹരീഷ് എന്നിവർ സംസാരിച്ചു. വിദ്യഭ്യാസ സ്ഥിരം സമിതി ചെയർമാൻ ടി.മുഹമ്മദ് ബഷീർ സ്വാഗതവും പ്ലാൻ കർക്ക് വി.ടി പ്രിയ നന്ദിയും പറഞ്ഞു