തീരദേശവാസികൾക്ക് സന്തോഷ വാര്‍ത്ത; കടലേറ്റംതടയാൻ പൊന്നാനിയിൽ ടെട്രാപോഡ് കടൽഭിത്തി പരിഗണനയിൽ
പൊന്നാനി: കടലേറ്റഭീഷണി നേരിടുന്ന പൊന്നാനി മേഖലയിൽ ചെല്ലാനം മാതൃകയിൽ കടൽഭിത്തി നിർമിക്കുന്നത് പരിഗണനയിൽ. ടെട്രാപോഡ് സാങ്കേതികവിദ്യ ഉപയോഗിച്ച് ചെല്ലാനത്ത് നിർമിച്ചിട്ടുള്ള കടൽഭിത്തിയാണ് പൊന്നാനിയിലും നിർമിക്കാനുദ്ദേശിക്കുന്നത്.
ഇതിനായി കാപ്പിരിക്കാട് മുതൽ പൊന്നാനി അഴിമുഖം വരെയുള്ള തീരദേശത്ത് സാധ്യതാപഠനം നടത്തും.
പഠനത്തിനു മുന്നോടിയായി ചെല്ലാനം പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റ് അടുത്തദിവസം പൊന്നാനിയിലെത്തും.
ഭാരതപ്പുഴയും പൂക്കൈതപുഴയും സംഗമിക്കുന്ന അഴിമുഖത്തും സമഗ്രപഠനം നടത്തും. സെന്റർഫോർ വാട്ടർ റിസോഴ്സസ് ഡെവലപ്മെന്റ് ആൻഡ് മാനേജ്മെന്റ് (സി.ഡബ്ലിയു.ആർ.ഡി.എം.)ആണ് അഴിമുഖത്തിന്റെ വലുപ്പത്തെക്കുറിച്ച് പഠനം നടത്തുക.
പൊന്നാനിയുടെ തീരദേശത്ത് ടെട്രാപോഡ് സംവിധാനം സാധ്യമല്ലെങ്കിൽ പുലിമുട്ടാകും പരിഗണിക്കുക. തീരദേശവാസികൾക്ക് ഏറേ പ്രതീക്ഷയേകുന്നതാണ് പദ്ധതി. കടൽഭിത്തിയുടെ അഭാവംമൂലം കടൽ ചെറിയരീതിയിൽ പ്രക്ഷുബ്ധമാകുമ്പോഴേക്കും രൂക്ഷമായ കടലേറ്റമുണ്ടാകാറുണ്ട്. മഴക്കാലത്ത് ഒട്ടേറേ കുടുംബങ്ങളെയാണ് ഇവിടെനിന്ന് മാറ്റിപ്പാർപ്പിക്കാറുള്ളത്.
എന്താണ് ടെട്രാപോഡുകൾ
നാലു കാലുകളുള്ള കൂറ്റൻ കോൺക്രീറ്റ് കട്ടകളാണ് ടെട്രാപോഡുകൾ. കടൽജലത്തിന്റെ പ്രഹരശേഷി വിഘടിപ്പിക്കുകയാണ് ഇവ ചെയ്യുന്നത്. കരിങ്കല്ലിനേക്കാൾ ഫലപ്രദമാണിതെന്നാണ് വിദഗ്ധാഭിപ്രായം. കരിങ്കല്ലിനേക്കാൾ ചെലവ് കൂടുതലാണ് ടെട്രാപോഡുകൾക്ക്.