മഴ തുടങ്ങി, ട്രിപ് മുടങ്ങി; പെരുവഴിയിലായി യാത്രക്കാർ


മഴ തുടങ്ങിയതോടെ ജില്ലയുടെ പല ഭാഗങ്ങളിലും രാത്രി സമയങ്ങളിൽ ബസുകൾ ട്രിപ് മുടക്കിത്തുടങ്ങിയത് യാത്രക്കാരെ പെരുവഴിയിലാക്കുന്നു. ട്രിപ് മുടക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു വാഹന വകുപ്പ് അധികൃതർക്ക് യാത്രക്കാർ പരാതി നൽകി. മഴക്കാലം തുടങ്ങുന്നതോടെ യാത്രക്കാരില്ലെന്ന പേരിൽ ബസുകൾ രാത്രിയിൽ നേരത്തേ സർവീസ് അവസാനിപ്പിക്കുന്നതു ജില്ലയിൽ പതിവാണ്.
പ്രധാന നഗരങ്ങളിൽനിന്നു ഗ്രാമപ്രദേശങ്ങളിലേക്കുള്ള ബസുകളാണു കൂടുതലും ഇത്തരത്തിൽ ട്രിപ് മുടക്കുന്നത്. ഇതിനു പുറമേ ഇപ്പോൾ നഗരങ്ങളെ ബന്ധിപ്പിക്കുന്ന ബസുകളും സർവീസ് നിർത്തുന്നതാണ് യാത്രാപ്രശ്നം രൂക്ഷമാക്കിയിരിക്കുന്നത്. തിരൂർ, കുറ്റിപ്പുറം, പരപ്പനങ്ങാടി, താനൂർ ബസ് സ്റ്റാൻഡുകളിൽ നിന്നുള്ള ബസുകളും നേരത്തേ ഓട്ടം നിർത്തുന്നത് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു. വൻ തുക നൽകി ഓട്ടോ വിളിച്ചു വീട്ടിലെത്തേണ്ട സ്ഥിതി.
