THRISSUR

തൃശ്ശൂർ വെടിക്കെട്ട് ദുരന്തം: ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു സർക്കാർ, മരിച്ചവരുടെ കുടുംബങ്ങൾക്ക് 14 ലക്ഷം രൂപ ധനസഹായം

തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തിൽ
മരിച്ചവരുടെ കുടുംബങ്ങൾക്ക് 14 ലക്ഷം രൂപ ധനസഹായം കേരള സർക്കാർ അനുവദിച്ചു. പരിക്കേറ്റവർക്ക് 2ലക്ഷം രൂപയും നൽകാൻ തീരുമാനമായി. ദുരന്തത്തിൽ ജുഡീഷ്യൽ അന്വേഷണവും ഇന്ന് കൂടിയ കാബിനറ്റ് യോ​ഗം പ്രഖ്യാപിച്ചു.

അതേസമയം, വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തിൽ
സമ​ഗ്ര അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മനുഷ്യ ജീവന് അപകടം ഉണ്ടാക്കുന്ന കാര്യങ്ങൾ ചെയ്യാൻ പാടില്ലെന്നും ഇക്കാര്യത്തിൽ വീഴ്ചകൾ സംഭവിച്ചിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, കേന്ദ്രം പ്രഖ്യാപിച്ച നഷ്ടപരിഹാരം ഉയർത്തണം എന്നും പുറ്റിങ്ങൽ കമ്മീഷൻ റിപ്പോർട്ട്‌ നടപ്പാക്കണമെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു.

പരിക്കേറ്റവരിൽ 11 പേർ തൃശ്ശൂർ മെഡിക്കൽ കോളേജിൽ; 2 പേർ സ്വകാര്യ ആശുപത്രിയിൽ; കേരളത്തിലെ മറ്റ് മെഡിക്കൽ കോളെജിൽ നിന്നുള്ള ഡോക്ടർമാരും തൃശ്ശൂരിൽ.

രണ്ട് ശരീരഭാഗങ്ങൾ കൂടി കണ്ടെത്തി

സ്ഫോടനത്തെ തുടർന്ന് രാവിലെ നടത്തിയ തിരച്ചിലിൽ രണ്ട് ശരീരഭാഗങ്ങൾ കൂടി കണ്ടെത്തി. കെഡാവർ നായ്ക്കളെ ഉപയോഗിച്ചുള്ള തിരച്ചിലിലാണ് പാടത്ത് നിന്നും ശരീര ഭാഗങ്ങൾ കണ്ടെത്തിയത്. പെട്ടിമുടി അടക്കമുള്ള നിരവധി ദുരന്തമേഖലകളിൽ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായ മായ, മർഫി എന്നീ നായ്ക്കളാണ് പരിശോധന നടത്തിയത്.

പാറമേക്കാവ് പടക്കനിർമ്മാണശാലയ്ക്ക് സ്റ്റോപ്പ് മെമ്മോ നൽകി.

അപകടസമയം 32 പേർ

അപകട സ്ഥലത്ത് 32 പേർ ഉണ്ടായിരുന്നുവെന്ന് സ്ഥിരീകരിച്ചതായി സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ. കൂടുതൽ പേർ ഉണ്ടാകാനുളള സാധ്യതയും തള്ളിക്കളയുന്നില്ല. അപകടത്തിന്റെ കാരണം കണ്ടെത്താൻ അന്വേഷണം നടത്തുന്നുണ്ട്. കമ്മിഷണർ നിർമാണ പ്രവർത്തനം നടക്കുന്ന സ്ഥലത്ത് പരിശോധനകൾ നടത്തിയിരുന്നു. എന്തെങ്കിലും വീഴ്ചയുണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കും. അപകട കാരണത്തെ കുറിച്ച് വൈകിട്ടോടെ വ്യക്തത വരുമെന്നും റവാഡ ചന്ദ്രശേഖർ പറഞ്ഞു.

സ്ഫോടനത്തിൽ മരിച്ചവരുടെ പോസ്റ്റ്മോർട്ടം നടപടികൾ തൃശ്ശൂർ മെഡിക്കൽ കോളേജിൽ വേഗത്തിൽ പുരോഗമിക്കുകയാണ്. ഇതുവരെ 6 മൃതദേഹങ്ങളും 11 ശരീരഭാഗങ്ങളും പോസ്റ്റ്മോർട്ടം ചെയ്തു കഴിഞ്ഞുവെന്നും ബാക്കിയുള്ളവ ഉടൻ പൂർത്തിയാക്കുമെന്നും മന്ത്രി കെ. രാജൻ അറിയിച്ചു. സ്ഫോടനത്തിന്റെ ആഘാതത്തിൽ തിരിച്ചറിയാൻ കഴിയാത്ത വിധത്തിലുള്ള ശരീരഭാഗങ്ങൾ ഡിഎൻഎ പരിശോധനയിലൂടെ തിരിച്ചറിയാനാണ് സർക്കാർ തീരുമാനം. ഇതിനായി രാജീവ് ഗാന്ധി ബയോടെക്നോളജി സെന്ററിൽ നിന്നുള്ള പ്രത്യേക സംഘം തൃശ്ശൂരിലെത്തി നടപടികൾ ആരംഭിച്ചു കഴിഞ്ഞു.

അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലുള്ള 13 പേരിൽ 10 പേരും തീവ്രപരിചരണ വിഭാഗത്തിലാണ് കഴിയുന്നത്. ലൈസൻസിയായ സതീശന്റെയും പ്രവീണിന്റെയും നില അതീവ ഗുരുതരമായി തുടരുകയാണ്. വെന്റിലേറ്ററിലുളള സതീശനെ കൂടാതെ പരിക്കേറ്റ മറ്റൊരാളെ ഇപ്പോൾ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയാണ്. വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തിൽ ഇതുവരെ 13 ജീവനുകളാണ് നഷ്ടമായത്. ഇതിൽ ആറ് പേരെ മാത്രമാണ് നിലവിൽ തിരിച്ചറിയാൻ സാധിച്ചിട്ടുള്ളത്.

.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button