തൃശൂർ പൂരത്തിന് ഇന്ന് തുടക്കം : മുണ്ടത്തിക്കോട് ദുരന്തത്തെതുടർന്ന് വെടിക്കെട്ട് ഒഴിവാക്കും
തൃശൂര്‍: തൃശൂരില്‍ ഇന്ന് മുതല്‍ പൂരാവേശം. വടക്കുന്നാഥ സന്നിധിയിലേക്ക് ഘടകപൂരങ്ങളുടെ വരവ് തുടങ്ങി. മുണ്ടത്തിക്കോട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വെടിക്കെട്ട് ഒഴിവാക്കിയാണ് ഇത്തവണത്തെ പൂരം. കുടമാറ്റം 15 മിനിറ്റ് മാത്രമായി പരിമിതപ്പെടുത്തി. രാവിലെ ഒരോ ദേശത്തിന്റെയും എഴുന്നള്ളിപ്പ് തുടങ്ങും. പതിനൊന്ന് മണിയോടെയാണ് മഠത്തില്‍വരവ് പഞ്ചവാദ്യം. മുണ്ടത്തിക്കോട് അപകടത്തിന്റെ പശ്ചാത്തലത്തില്‍ തൃശൂര്‍ പൂരത്തിന്റെ ആചാരപരമായ ചടങ്ങുകള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടാണ് പൂരം നടത്തുന്നത്. പ്രധാന പങ്കാളികളായ തിരുവമ്പാടിയും പാറമേക്കാവിനും പുറമേ എട്ട് ഘടകക്ഷേത്രങ്ങളില്‍ നിന്നുള്ള പൂരങ്ങളും അണിനിരക്കുന്നതോടെ തന്നെ തേക്കിന്‍കാട് മൈതാനം ജനലക്ഷങ്ങളെകൊണ്ടു നിറയും. സാമ്പിള്‍ വെടിക്കെട്ട്, പ്രധാന വെടിക്കെട്ട്, പകല്‍ വെടിക്കെട്ട് എന്നിവ പൂര്‍ണ്ണമായും ഒഴിവാക്കിക്കൊണ്ട് തൃശൂര്‍ സബ് ഡിവിഷണല്‍ മജസ്ട്രേറ്റ് ഉത്തരവിറക്കിയിട്ടുണ്ട്. ജനത്തിരക്ക് നിയന്ത്രിക്കുന്നതിനായി ഘടക പൂരങ്ങളുടെയും പ്രധാന പൂരങ്ങളുടെയും വടക്കുനാഥ ക്ഷേത്രത്തിലേക്കുള്ള പ്രവേശനവും പുറത്ത് കടക്കലും മുന്‍പ് നിശ്ചയിച്ച സമയക്രമം കര്‍ശ്ശനമായി പാലിച്ച് തന്നെ നടത്തണമെന്നും ഉത്തരവില്‍ പറയുന്നു.