ജീവിതത്തോട് പൊരുതി മുന്നേറുകയാണ് പൊന്നാനിയിലെ ജമീല
പൊന്നാനി: പുലർച്ചെ നാലുമുതൽ തൊഴുത്തിലും പറമ്പിലുമായി തിരക്കിലാണ് നരിപറമ്പ് മണ്ണാംതറയിൽ ജമീല. പശുവിനെ കറന്നും തീറ്റകൊടുത്തും സ്‌കൂട്ടറിൽ പാല് വീടുകളിലും കടകളിലുമെത്തിച്ചും ജീവിതത്തോട് പൊരുതുകയാണ് ഈ വീട്ടമ്മ. പത്ത് വർഷംമുമ്പ് ഭർത്താവ് അസുഖത്തെ തുടർന്ന് മരണപ്പെട്ടതോടെ ജീവിതം വഴിമുട്ടിയ അവസ്ഥയിൽനിന്നാണ് ജമീല നടന്നുകയറിയത്. സ്കൂൾ വിദ്യാർഥികളായ രണ്ട് മക്കളുടെ ഭാവി സുരക്ഷിതമാക്കാൻ സ്വന്തം വീട്ടിലെത്തി ഉപ്പയ്‌ക്കൊപ്പം പട്ടുനൂൽകൃഷിയിൽ സജീവമായി.
നിലമ്പൂരിൽനിന്നാണ് പട്ടുനൂൽപ്പുഴുക്കളെ കൊണ്ടുവന്നത്. ഉപ്പയുടെ മരണവും സാമ്പത്തിക നഷ്ടവുംമൂലം പട്ടുനൂൽകൃഷി അവസാനിപ്പിച്ചു. പിന്നീടാണ് ക്ഷീര മേഖലയിലേക്ക് തിരിഞ്ഞത്. രണ്ട് പശുവിനെയും എരുമയെയും വാങ്ങി തുടക്കം. അതിവേഗം 27 എണ്ണമായി. 80 ലിറ്ററോളം പാൽ ദിവസവും കടകളിലേക്കും സൊസൈറ്റിക്കും നൽകി. എന്നാൽ 2018ലെ പ്രളയം തിരിച്ചടിയായി. വെള്ളപ്പൊക്കം ദുരിതം വിതച്ചപ്പോൾ എല്ലാത്തിനെയും ലോറിയിൽ കയറ്റി ആതവനാട്ടെ ഭർതൃവീട്ടിലെത്തിച്ചു. പ്രളയത്തിൽ മൂന്നെണ്ണം നഷ്ടപ്പെട്ടു.
താങ്ങായത് സർക്കാർ
പ്രളയം താളംതെറ്റിച്ചപ്പോൾ താങ്ങായതും പ്രോത്സാഹനമേകിയതും സർക്കാരാണ്. നഷ്ടപ്പെട്ടതിന് പകരമായി രണ്ട് പശുക്കുട്ടികളെ സർക്കാർ നൽകി. മറ്റൊന്നിന് ഇൻഷുറൻസും ലഭിച്ചു. പശുക്കുട്ടികൾക്കുള്ള തീറ്റയും പശുവിനെ കറക്കാനുള്ള യന്ത്രവും കിട്ടി. പഞ്ചായത്തിൽനിന്നും ഒരു പശുവിനെയും എരുമയെയും 10 വീതം കോഴിയെയും താറാവിനെയും ലഭിച്ചു. ആത്മ പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ മികച്ച കർഷകയ്ക്കുള്ള 45,000 രൂപയും ലഭ്യമായി. മകളുടെ വിവാഹത്തിന്റെ ഭാഗമായി 17 എണ്ണത്തിനെ വിൽക്കേണ്ടിവന്നു. ഇപ്പോൾ രണ്ടുവീതം പശു, എരുമ, പോത്ത്, 14 ആടുകൾ, ടർക്കിയും അങ്കക്കോഴിയും ഉൾപ്പെടെ അമ്പതോളം കോഴി, മുപ്പതോളം താറാവ് എന്നിവയുണ്ട്.
റിപ്പോർട്ട്: പി.എ സജീഷ്