കോഴിക്കോട്

കോഴിക്കോട് മെഡിക്കല്‍ കോളേജ് അപകടം: അഞ്ച് പേര്‍ക്കെതിരെ കേസ്

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തീപിടിത്തമുണ്ടായതിന് പിന്നാലെ അഞ്ച് രോഗികള്‍ മരിച്ച സംഭവത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസ് കേസെടുത്തു.ഗോപാലൻ, ഗംഗാധരൻ, സുരേന്ദ്രൻ, ഗംഗ, നസീറ എന്നിവരുടെ മരണവുമായി ബന്ധപ്പെട്ട് അസ്വാഭാവിക മരണത്തിനാണ് കേസെടുത്തത്. അഞ്ച് പേരും പുക ശ്വസിച്ചും ശ്വാസം കിട്ടാതെയും മരിച്ചുവെന്ന് ആരോപണം ഉയർന്ന പശ്ചാത്തലത്തിലാണ് നടപടി.

അതിനിടെ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ പൊട്ടിത്തെറിക്ക് പിന്നാലെ മരിച്ചവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്മോർട്ടം ചെയ്യാൻ തീരുമാനിച്ചു. പോസ്റ്റ്മോർട്ടത്തിലൂടെ മാത്രമേ ഈ ആരോപണവും മരണത്തിലുണ്ടായ സംശയവും ദൂരീകരിക്കാനും സാധിക്കൂവെന്ന് മെഡിക്കല്‍ കോളേജ് പ്രിൻസിപ്പില്‍ വ്യക്തമാക്കി.

അപകടം ഉണ്ടായ കെട്ടിടത്തിലെ മരുന്നുകള്‍ മാറ്റാൻ പ്രിൻസിപ്പല്‍ പൊലീസിന്റെ സഹായം തേടിയിട്ടുണ്ട്. കെട്ടിടം ഇന്നലെ തന്നെ പോലീസ് സീല്‍ ചെയ്തിരുന്നു. പകരം അത്യാഹിത വിഭാഗം ഒരുക്കിയ പഴയ കെട്ടിടത്തിലേക്ക് മരുന്നുകള്‍ മാറ്റാനാണ് പൊലീസിന്റെ സഹായം തേടിയത്.

അതേസമയം അപകടത്തെ തുടർന്ന് നിർധനരായ രോഗികള്‍ പ്രതിസന്ധിയിലായി. അപകടത്തെ തുടർന്ന് സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചവർക്ക് ചികിത്സ ചെലവിന് വഴിയില്ലാത്ത സ്ഥിതിയാണ്.

ഓപ്പറേഷൻ നടത്താനുള്ള പണം കണ്ടെത്താനാകാതെ കൊയിലാണ്ടി സ്വദേശിയായ തങ്കയുടെ കുടുംബം പരാതിയുമായി രംഗത്തെത്തി. ഇന്നലെ വൈകിട്ടുണ്ടായ കാറ്റിലും മഴയിലും കടയില്‍ സ്ഥാപിച്ചിരുന്ന ബോർഡ് ഇളകി വീണാണ് തങ്കയ്ക്ക് പരുക്കേറ്റത്. തങ്കത്തിന്റെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുക്കണമെന്ന് കുടുംബം ആവശ്യപ്പെടുന്നു.

ആരോഗ്യമന്ത്രി കോഴിക്കോട്ടേക്ക്

കോഴിക്കോട് മെഡിക്കല്‍ കോളേജ് അപകടത്തില്‍ അന്വേഷണം നടക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംഭവിക്കാൻ പാടില്ലാത്ത കാര്യങ്ങളാണ് സംഭവിച്ചത്. അന്വേഷണത്തിന് ശേഷമേ കൃത്യമായ കാരണങ്ങള്‍ കണ്ടെത്താനാകുകയുള്ളൂ എന്നും മുഖ്യമന്ത്രി പറഞ്ഞു.

അപകടം ഉണ്ടായ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ആരോഗ്യമന്ത്രി വീണാ ജോർജ് ശനിയാഴ്ച ഉച്ചയോടെയെത്തി സ്ഥിതിഗതികള്‍ വിലയിരുത്തും. ജില്ലാ കളക്ടർ ഉള്‍പ്പടെയുള്ളവർ പങ്കെടുക്കുന്ന യോഗവും ആരോഗ്യമന്ത്രി വിളിച്ചുചേർത്തിട്ടുണ്ട്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button