കെഎസ്ആര്‍ടിസി ബസില്‍ തിരിമറി: യാത്രക്കാരുടെ പണം തട്ടിയ കണ്ടക്ടര്‍ വിജിലന്‍സ് പിടിയില്‍
കൊച്ചി: കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ലോ ഫ്‌ലോര്‍ ബസില്‍ പുരുഷ യാത്രികര്‍ക്ക് സീറോ ടിക്കറ്റ് നല്‍കി പണം തട്ടിയ കണ്ടക്ടര്‍ക്കെതിരെ കര്‍ശന നടപടി. പെരുമ്പാവൂര്‍ ഡിപ്പോയിലെ കണ്ടക്ടര്‍ വിജയനാണ് യാത്രാക്കൂലി വെട്ടിച്ചതിന് പിടിയിലായത്. മൂവാറ്റുപുഴ-ആലുവ റൂട്ടില്‍ സര്‍വീസ് നടത്തിയ ബസിലാണ് സംഭവം.മഞ്ഞപ്പെട്ടി സ്റ്റോപ്പില്‍ ഇറങ്ങിയ രണ്ട് പുരുഷന്‍മാരുടെ ടിക്കറ്റുകള്‍ വിജിലന്‍സ് ഇന്‍സ്‌പെക്ടര്‍ പരിശോധിച്ചപ്പോഴാണ് ക്രമക്കേട് പുറത്തുവന്നത്. ഇവരുടെ കൈവശമുണ്ടായിരുന്ന ടിക്കറ്റുകള്‍ സീറോ ടിക്കറ്റുകളാണെന്ന് കണ്ടെത്തി. തുടര്‍ന്ന് യാത്രക്കാരെ ചോദ്യം ചെയ്തപ്പോള്‍ പണം നല്‍കിയതായി ഇവര്‍ വ്യക്തമാക്കുകയായിരുന്നു.ഇതേതുടര്‍ന്ന് നടത്തിയ വിശദമായ പരിശോധനയില്‍ മൂന്ന് പുരുഷ യാത്രികര്‍ക്ക് കൂടി ഇയാള്‍ സീറോ ടിക്കറ്റ് നല്‍കിയതായി കണ്ടെത്തി. ഇവര്‍ക്കും ടിക്കറ്റ് തുക ഈടാക്കിയ ശേഷമാണ് സൗജന്യ യാത്രാ ടിക്കറ്റ് നല്‍കിയത്. സംഭവത്തില്‍ വകുപ്പുതല അന്വേഷണത്തിന് ശുപാര്‍ശ ചെയ്തുകൊണ്ട് അധികൃതര്‍ വിജിലന്‍സ് വിഭാഗത്തിന് ഔദ്യോഗിക റിപ്പോര്‍ട്ട് കൈമാറിയിട്ടുണ്ട്.