കുറ്റിപ്പുറം ബസ് അപകടം: വിഡിയോ കണ്ടവർ ചോദിച്ചത് ആ കാറിലുണ്ടായിരുന്നവർക്ക് എന്തുപറ്റിയെന്ന്; ആ കാറിൽ ആരുമില്ല !
കുറ്റിപ്പുറം: കുറ്റിപ്പുറം ബസ് അപകടത്തിന്റെ വിഡിയോ കണ്ടവരെല്ലാം ചോദിച്ചത് ആ കാറിലുണ്ടായിരുന്നവർക്ക് എന്തു പറ്റി എന്നാണ്. എന്നാൽ ബസ് മറിഞ്ഞതു കാറിനു മുകളിലേക്കല്ല. ദിവസങ്ങൾക്കു മുൻപ് അപകടത്തിൽപെട്ട ഒരു കാർ ബസ് മറിഞ്ഞയിടത്തുകിടന്നിരുന്നു. ഇതോടെ ബസ് കാറിനു മുകളിലേക്കാണ് മറിഞ്ഞതെന്ന മട്ടിൽ വാർത്ത പ്രചരിച്ചു. വിഡിയോ കണ്ടവരെല്ലാം ഈ കാറിലുണ്ടായിരുന്നവർക്കു പരുക്കേറ്റോ എന്ന തരത്തിൽ ചോദ്യവും ഉന്നയിച്ചു.
എന്നാൽ മുൻപുതന്നെ അപകടത്തിൽപെട്ടു കിടക്കുകയായിരുന്ന കാറിൽ ആളുകൾ ഉണ്ടായിരുന്നില്ല. കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിലേക്കുള്ള സർവീസ് റോഡ് തുടങ്ങുന്നയിടത്താണ് അപകടത്തിൽപെട്ട കാർ തലകീഴായി കിടന്നിരുന്നത്. അപകടത്തിനു ശേഷം, ബസ് ഇവിടെനിന്നു മാറ്റാൻ തടസ്സമായി കിടന്ന കാർ ആദ്യം മാറ്റേണ്ടി വന്നു. ഇത് റെയിൽവേ മേൽപാലത്തിനു ചുവട്ടിലേക്കാണ് ക്രെയിൻ ഉപയോഗിച്ച് എത്തിച്ചത്