നിലമ്പൂരിൽ ലഹരിക്കേസ്; കോളേജ് അധ്യാപകൻ ഉൾപ്പെടെ നാല് പേർ പിടിയിൽ
മലപ്പുറം : നിലമ്പൂരിൽ വിദ്യാർത്ഥികൾക്കും യുവാക്കൾക്കും ഇടയിൽ രാസലഹരി വിതരണം ചെയ്ത സംഘത്തെ പോലീസ് പിടികൂടി. മമ്പാട് എം.ഇ.എസ് കോളേജിലെ അധ്യാപകൻ ഉൾപ്പെടെ നാല് പേരാണ് നിലമ്പൂർ പോലീസിന്റെ പിടിയിലായത്.മമ്പാട് എം.ഇ.എസ് കോളേജിലെ അധ്യാപകനായ സുഹൈൽ പെരിങ്ങോടൻ, റീന ടി.എൻ, വിവേക് വിജയൻ, സുബ്രഹ്മണ്യൻ എന്നിവരാണ് അറസ്റ്റിലായത്.
നിലമ്പൂർ സബ് ഇൻസ്പെക്ടർ അർഷിദ് കെ.എമ്മിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.പ്രതികളിലൊരാളായ സുബ്രഹ്മണ്യനിൽ നിന്ന് 0.4 ഗ്രാം എംഡിഎംഎയും 0.5 ഗ്രാം കഞ്ചാവും പോലീസ് ആദ്യം പിടിച്ചെടുത്തിരുന്നു. ഇയാളെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ലഹരി വിൽപ്പന സംഘത്തെ കുറിച്ചുള്ള വിവരം ലഭിക്കുന്നത്.ചോദ്യം ചെയ്യലിൽ, കോളേജ് അധ്യാപകനായ സുഹൈൽ മറ്റ് പ്രതികളുമായി ചേർന്ന് വിദ്യാർത്ഥികൾക്കും സുഹൃത്തുക്കൾക്കും ഇടയിൽ വ്യാപകമായി ലഹരി വിതരണം ചെയ്തിരുന്നതായി പോലീസ് കണ്ടെത്തി. ഇയാൾ മൂന്ന് വർഷത്തോളമായി കോളേജിൽ ജോലി ചെയ്തു വരികയാണെന്നും പോലീസ് പറഞ്ഞു.സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.