Local newsMALAPPURAM

കുണ്ടയാർ പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും പണി അവസാനഘട്ടത്തിൽ

എടപ്പാൾ: രണ്ടു വർഷത്തോളം രണ്ടു പഞ്ചായത്തുകളിലെ ജനങ്ങൾ അനുഭവിച്ച ദുരിതത്തിനെല്ലാം ശാശ്വതപരിഹാരമാകുന്നു. ഏറെ കാത്തിരിപ്പുകൾക്കും പ്രശ്‌നങ്ങൾക്കും ശേഷമാണെങ്കിലും കുണ്ടയാറിലെ പാലവും അപ്രോച്ച് റോഡും യാഥാർഥ്യമായി. എടപ്പാൾ, കാലടി ഗ്രാമപ്പഞ്ചായത്തുകളിലെ ആയിരക്കണക്കായ ജനങ്ങൾക്ക് പരസ്പരം ബന്ധപ്പെടാനുള്ള ഏറ്റവും സുപ്രധാന റോഡിലെ പാലമാണ് കുണ്ടയാർ പാലം.

കുണ്ടയാർ പാടത്തെ തോടിനു മുകളിൽ പതിറ്റാണ്ടുകൾക്ക് മുൻപ് നിർമിച്ച പാലം തകരാറായതോടെയാണ് പൊതുമരാമത്ത് വകുപ്പ് ഇവിടെ പുതിയ പാലത്തിന് പദ്ധതി തയ്യാറാക്കിയത്. രണ്ടരക്കോടി രൂപയ്ക്ക് പൊതുമരാമത്ത് വകുപ്പുതന്നെയാണ് പാലം പണിതത്. തകരാറായ പാലം ഒറ്റയടിക്ക് പൊളിച്ചിട്ട് ഗതാഗതം നിരോധിച്ചതോടെ കാലടി, പാറപ്പുറം, തവനൂർ, അയങ്കലം, പോത്തനൂർ, എടപ്പാൾ തുടങ്ങിയ പ്രദേശങ്ങളിലുള്ള ജനങ്ങൾ കിലോമീറ്ററുകളോളം ചുറ്റിവളയേണ്ട അവസ്ഥയായിരുന്നു. ഈ പ്രശ്‌നവും നിർമാണത്തിനിടയിലുണ്ടായ സാങ്കേതികപ്രശ്‌നങ്ങളും മൂലം പൊതുമരാമത്ത് വകുപ്പിനും ഏറെ പഴി കേൾക്കേണ്ടിവന്നു. പാലംപണി കഴിഞ്ഞപ്പോഴേക്കും ജനങ്ങളുടെ സമ്മർദം മൂലം അപ്രോച്ച് റോഡ് പണിയുംമുൻപ് പാലം താൽക്കാലികമായി തുറന്നുകൊടുക്കേണ്ടിയുംവന്നു. ആദ്യപദ്ധതിയിൽ അപ്രോച്ച് റോഡിനുള്ള തുകയില്ലാതിരുന്നതിനാൽ അതിനു വേറെ പ്ലാൻ തയ്യാറാക്കി തുക അനുവദിച്ചാണ് അതിന്റെ പണിയാരംഭിച്ചത്. ഇപ്പോൾ വശങ്ങളെല്ലാം കെട്ടി ഭദ്രമാക്കി, തോടിലേക്കിറങ്ങാനുള്ള പടവുകൾ നിർമിച്ച് കൈവരി കെട്ടി പുതിയ റോഡ് നിർമാണവും ഏതാണ്ട് അവസാനഘട്ടത്തിലെത്തിയതോടെ പ്രദേശവാസികൾക്കും ഇതുവഴി പോകുന്ന ബസുകാർക്കുമെല്ലാം വലിയ ആശ്വാസമാണുണ്ടായിട്ടുള്ളത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button